ADVERTISEMENT

കൊല്ലങ്കോട് ∙ ഗോവിന്ദാപുരം അംബേദ്കർ കോളനിയിലെ സിപിഎം അനുഭാവികൾ ഭൂമിയും വീടും കിട്ടാനായി പാർട്ടിക്കൊടി പിടിച്ചു സമരത്തിനിറങ്ങി. ഭൂമിക്കും വീടിനും അർഹരായ തങ്ങൾക്കും ദുർബല വിഭാഗങ്ങൾക്കുള്ള പ്രത്യേക പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി ഭൂമിയും വീടും അനുവദിക്കണമെന്നാണ് ആവശ്യം. സ്ത്രീകളും കുട്ടികളും അടക്കം സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും കൊടിപിടിച്ചു പ്രകടനമായെത്തിയാണു കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിലെ പട്ടികജാതി ഓഫിസിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചത്. മുതലമട പഞ്ചായത്തിനു മുന്നിൽ കുടിൽകെട്ടി സമരം നടത്തിയവരെ ദുർബലവിഭാഗങ്ങൾക്കുള്ള പ്രത്യേക പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി 42 കുടുംബങ്ങൾക്ക് ഭൂമിയും വീടും അനുവദിച്ച് ഉത്തരവിറക്കിയിരുന്നു.

ഇതിനൊപ്പം അർഹരായ എല്ലാ കോളനിക്കാരെയും ഉൾപ്പെടുത്തണമെന്നാണു സമരക്കാരുടെ ആവശ്യം. ഒരു വിഭാഗം തുടർ സമരങ്ങൾ നടത്തുമ്പോൾ പാർട്ടിക്കൊപ്പം നിന്നവരാണ് തങ്ങൾ എന്നു സമരക്കാരുടെ പ്രതിനിധിയായ വി.കാളിമുത്തു പറഞ്ഞു. ഗോവിന്ദാപുരം അംബേദ്കർ കോളനിയിലെ ചക്കിലിയ വിഭാഗത്തിൽപ്പെട്ട അർഹരായ എല്ലാവരെയും പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.സമരക്കാരുമായി സിപിഎം ഏരിയാ സെക്രട്ടറി കെ.പ്രേമൻ, മുതലമട ലോക്കൽ സെക്രട്ടറി കെ.വിനേഷ്, പഞ്ചായത്ത് അധ്യക്ഷ കെ.ബേബിസുധ, ഉപാധ്യക്ഷൻ ആർ.അലൈരാജ് എന്നിവരുടെ നേതൃത്വത്തിൽ ചർച്ച നടത്തി അർഹരായ എല്ലാവർക്കും ഭൂമിയും വീടും നൽകാൻ സർക്കാരിനോടു ആവശ്യപ്പെടാം എന്ന ഉറപ്പിലാണു സമരം അവസാനിപ്പിച്ചത്.

പാർട്ടി അനുഭാവികൾക്ക് എതിർപ്പ്

മുതലമട ∙ സിപിഎം കൊടിപിടിച്ചു ഗോവിന്ദാപുരം അംബേദ്കർ കോളനിയിലെ പാർട്ടി അനുഭാവികൾ സമരത്തിനിറങ്ങിയത് സിപിഎമ്മിനകത്തെ പ്രശ്നങ്ങൾ സങ്കീർണമാക്കും. സമരം നടത്തിയ ഗോവിന്ദാപുരം അംബേദ്കർ കോളനിക്കാർക്കു ഭൂമിയും വീടും അനുവദിച്ചതോടെ സമരത്തിനു പോകാതെ പാർട്ടിക്കൊപ്പം നിന്ന കോളനിക്കാർ അസ്വസ്ഥരായി. സമരത്തോടു ചേർന്നു നിൽക്കാത്ത കോളനിയിലെ സിപിഎം അനുഭാവികളായ ദുർബലവിഭാഗത്തിൽ മറ്റു ചക്കിലിയ സമുദായക്കാർക്കും ഭൂമിയും വീടും അനുവദിക്കാത്ത സർക്കാർ നടപടിയോട് ജനപ്രതിനിധികൾക്കിടയിലും സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങൾക്കിടയിലും പ്രതിഷേധം ഉയർന്നു.ഇതിന്റെ തുടർച്ചയാണ് പാർട്ടിക്കൊടി പിടിച്ചു അനുഭാവി കുടുംബങ്ങളിൽ നിന്നുള്ളവർ സമരത്തിനിറങ്ങിയത്. ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനുള്ളിൽ കയറി പ്രതിഷേധിച്ചിട്ടും ഏറെ വൈകിയാണു പൊലീസ് ഉൾപ്പെടെ അവിടെ എത്തിയത് എന്നതും ശ്രദ്ധേയമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com