തേഞ്ഞിപ്പലം ∙ ചോദ്യക്കടലാസിൽ ഉത്തരവും. കാലിക്കറ്റ് സർവകലാശാലാ ബികോം മൂന്നാം സെമസ്റ്റർ കോർപറേറ്റ് അക്കൗണ്ടിങ് പരീക്ഷയിലെ ചോദ്യക്കടലാസിലാണ് ഒരു ചോദ്യത്തിന്റെ ഉത്തരവുമുള്ളത്.2 ഭാഗങ്ങളിലായുള്ള 6 മാർക്കിന്റെ ചോദ്യത്തിനൊപ്പം ഒരു ഭാഗത്തിന്റെ ഉത്തരമാണ് ചോദ്യക്കടലാസിലുള്ളത്. മുദ്രവച്ച കവറിൽ എത്തിച്ച ചോദ്യത്തിനൊപ്പം ഉത്തരം രേഖപ്പെടുത്തിയതിന്റെ വിശദീകരണം ചോദ്യകർത്താവിൽനിന്ന് തേടാനാണ് നീക്കം. വിദ്യാർഥികൾ പരാതി ഉന്നയിച്ചപ്പോഴാണ് പിശക് ബോധ്യമായത്.
ഒരു ചോദ്യത്തിന്റെ മാത്രം പ്രശ്നമായതിനാൽ ആ ചോദ്യം റദ്ദാക്കി മറ്റ് ചോദ്യങ്ങൾക്കുള്ള മാർക്ക് ആനുപാതികമായി വർധിപ്പിച്ച് പ്രശ്നം പരിഹരിക്കാനാണ് ആലോചന. പരീക്ഷാ ബോർഡ് ചെയർമാന്റെ ഉപദേശം തേടിയിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് നടപടി സ്വീകരിക്കുമെന്നും പരീക്ഷാ കൺട്രോളർ ഡോ. ഡി.പി.ഗോഡ്വിൻ സാംരാജ് പറഞ്ഞു.