ADVERTISEMENT

പാലക്കാട്∙ ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയിൽ ഇന്നലെ 75 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 5 സ്ഥാപനങ്ങൾക്കു നോട്ടിസ് നൽകി. പഴകിയ ഭക്ഷണം കണ്ടെത്തിയതിനെത്തുടർന്നു പന്നിയങ്കരയിലെ ഹോട്ടൽ മലബാർ പൂട്ടി. പട്ടാമ്പിയിൽ നിന്നും 5 കിലോ പഴകിയ മത്സ്യം ഉദ്യോഗസ്ഥർ പിടിച്ചെടുത്തു നശിപ്പിച്ചു.

വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും, 12 ഭക്ഷ്യസുരക്ഷാ ഓഫിസർമാർ വേണ്ട സ്ഥാനത്തു നോഡൽ ഓഫിസർ ഉൾപ്പെടെ ജില്ലയിലുള്ളത് 6 പേർ മാത്രം.

∙ ക്ലീൻ സ്ട്രീറ്റ് ഫുഡ്

‘ക്ലീൻ സ്ട്രീറ്റ് ഫു‍ഡ് ഹബ്’ എന്ന ആശയം നടപ്പാക്കാൻ ഒരുങ്ങുകയാണു ഭക്ഷ്യസുരക്ഷാ വകുപ്പ്. ജില്ലയിൽ മാതൃകാ ഫുഡ് ഹബ് ഉണ്ടാക്കുകയാണു ലക്ഷ്യം. ഗുണനിലവാരമുള്ള ആഹാരം വൃത്തിയായി പാകം ചെയ്തു നൽകുന്നതിനു പരിശീലനം നൽകും. ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ വൃത്തിയുള്ളതും ഗുണനിലവാരമുള്ളതുമായ ഭക്ഷണം വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ ശ്രദ്ധ പുലർത്തും

‘ചൂട്’ അൽഫാം ഫ്രിജിൽ ഉണ്ട്’

അൽഫാം വിറ്റു തീർന്നില്ലെങ്കിൽ നേരെ ഫ്രീസറിൽ കയറ്റും. ഹോട്ടലുകളിലെ ഫ്രിജ് പരിശോധിച്ചപ്പോൾ അധികവും കണ്ടത് അൽഫാമും തന്തൂരിയും. ഓർഡർ കിട്ടുന്ന സമയം ഐസ് കുടഞ്ഞു കളഞ്ഞ് നേരെ ചൂടാക്കും. മേമ്പൊടിയായി അൽപം കുരുമുളകും മുളകുപൊടിയും വിതറും. കുബൂസിനൊപ്പം പച്ചക്കറികൾ കൊണ്ട് അലങ്കാരവും തീർത്തു നേരെ തീൻമേശയിൽ എത്തും

റൈസ് അൽപം പഴയതാണേ...

ചിക്കൻ, ബീഫ്, മട്ടൻ, മുട്ട ബിരിയാണി ഏതു വേണമെന്നു പറഞ്ഞാൽ മിനിറ്റുകൾക്കുള്ളിൽ കിട്ടും. ബിരിയാണി, കുഴിമന്തി റൈസുകളും ഫ്രിജിൽ സ്റ്റോക്കാണ്. ആവി പറക്കുന്ന ചിക്കനോ ബീഫോ ഇട്ട് ഇവ ചൂടോടെ വിളമ്പും. ഷവർമ കഴിച്ചതിനെ തുടർന്നു ഭക്ഷ്യവിഷബാധയും മരണവും റിപ്പോർട്ട് ചെയ്തതോടെ പല കടകളും ഇവ ഉണ്ടാക്കുന്നില്ല. ആവശ്യക്കാർ കുറഞ്ഞതും പരിശോധന ശക്തമാക്കിയതുമാകാം കാരണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

സംഗതി ‘കളറാ’

കണ്ടാൽ വാങ്ങാൻ തോന്നുന്ന നിറവും മണവും. ആഹാര സാധനങ്ങൾക്കു കളർ ചേർക്കാൻ അനുമതി ഇല്ലെങ്കിലും പലരും ചേർക്കുന്നുണ്ടെന്നാണു കണ്ടെത്തൽ. അജിനോമോട്ടോ ആഹാരത്തിൽ ചേർക്കുന്നുണ്ടെങ്കിൽ അക്കാര്യം കടയിൽ പ്രദർശിപ്പിക്കണമെന്നാണു നിയമം.

പെറോട്ട ‘കൊത്തി’ തിന്നാം

തലേന്നത്തെ പെറോട്ട ചൂടാക്കി നൽകിയാൽ ഉപഭോക്താക്കൾ വേഗം തിരിച്ചറിയുമെന്നതിനാൽ രൂപം മാറ്റിയാണ് പലരും വിൽക്കുന്നത്. കൊത്തു പെറോട്ടയും കിഴി പെറോട്ടയും ഒക്കെയായി ഇവ രൂപം മാറുമെന്നു മാത്രം.

∙എണ്ണ പാത്രം മാറില്ല

ചിക്കൻ 65, ചിക്കൻ ഫ്രൈ, ബീഫ് ഉലർത്തിയത് എല്ലാം ഉണ്ടാക്കുന്നത് ഒറ്റ എണ്ണയിൽ തന്നെ. തലേന്നത്തെ എണ്ണ വീണ്ടും ഉപയോഗിക്കുന്നതിനു മുൻപ് വെള്ളത്തുണിയിൽ അരിച്ചെടുക്കും. പലഹാരങ്ങൾ ഉണ്ടാക്കുന്നതും ഇങ്ങനെ തന്നെ. ചായക്കടകളിൽ വെള്ളം തിളച്ചുകൊണ്ടിരിക്കുന്ന സമോവറിനു മുകളിലാണ് പ്ലാസ്റ്റിക് പായ്ക്കറ്റുകളിൽ പാൽ ചൂടാക്കുന്നത്. ഇത്തരം കടകൾക്കെതിരെ നടപടി സ്വീകരിച്ചാലും അടുത്ത പരിശോധനയിലും സംഭവങ്ങൾ ആവർത്തിക്കുന്നുണ്ട്. ഗുണനിലവാരമില്ലാത്ത പാലും ചായപ്പൊടിയും പഴകിയ പാലും ഒട്ടേറെ കടകളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

പരിശോധന ശക്തമാക്കും

വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കും. വൃത്തിഹീനമായ സാഹചര്യത്തിലാണു പലരും ആഹാരം പാകം ചെയ്യുന്നത്. മത്സ്യത്തിനും മാംസത്തിനും ഒപ്പം പച്ചക്കറികളും സൂക്ഷിക്കുന്നുണ്ട്. പാകം ചെയ്ത ആഹാര സാധനങ്ങൾ ഫ്രീസറിൽ സൂക്ഷിക്കുന്നവരുമുണ്ട്.
വി.കെ.പ്രതീപ് കുമാർ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com