ADVERTISEMENT

പാലക്കാട് ∙ ആർഎസ്എസ് നേതാക്കളായ എലപ്പുള്ളി സ്വദേശി സഞ്ജിത്ത്, മൂത്താന്തറ ആരപ്പത്ത് ശ്രീനിവാസൻ എന്നിവരുടെ കൊലപാതക കേസുകളിൽ അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥന്റെ പങ്ക് സ്ഥിരീകരിച്ചതോടെ പൊലീസ് വിശദാന്വേഷണത്തിൽ.  ആർഎസ്എസ് നേതാവ് എലപ്പുള്ളി സ്വദേശി സഞ്ജിത്ത് വധഭീഷണി നേരിടുന്നതിനാൽ ഭാര്യവീട്ടിലേക്കു താമസം മാറ്റിയതടക്കമുള്ള നിർണായക വിവരങ്ങൾ കൊലപാതക സംഘത്തിനു കൈമാറിയത് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥനായ ജിഷാദ് ആണെന്നാണു പൊലീസിന്റെ കണ്ടെത്തൽ. ഇയാൾ സേനയിലെ സംഘടനാ ഭാരവാഹിയുമാണ്. 

2021 നവംബർ 15നാണ് കിണാശ്ശേരി മമ്പ്രത്ത് വച്ച് സഞ്ജിത്ത് കൊല്ലപ്പെടുന്നത്. ഭാര്യയുമായി ബൈക്കിൽ വരുന്നതിനിടെ കാറിലെത്തിയ അക്രമികൾ വാഹനം ഇടിച്ചിട്ട് സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഈ കേസിൽ ജിഷാദിന്റെ പങ്കിനെക്കുറിച്ച് അന്നു തന്നെ ചില സംശയങ്ങൾ ഉയർന്നിരുന്നെങ്കിലും  തെളിവുകൾ ലഭിക്കാത്തതിനാ‍ൽ തുടർ നടപടി ഉണ്ടായില്ല. ശ്രീനിവാസൻ വധക്കേസിൽ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതോടെയാണു ജിഷാദ് പിടിയിലാകുന്നത്. 

തുടർന്നു നടത്തിയ വിശദാന്വേഷണത്തിലാണ് സഞ്ജിത്ത് വധക്കേസിലെ പങ്കാളിത്തവും കണ്ടെത്തിയത്. ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ്, ഡിവൈഎസ്പി എം.അനിൽകുമാർ, ഇൻസ്പെക്ടർമാരായ ഷിജു ഏബ്രഹാം, എ.ദീപകുമാർ, എം.സുജിത്, സബ് ഇൻസ്പെക്ടർമാരായ എം.മഹേഷ്കുമാർ, വി.ഹേമലത എന്നിവരുടെ നേതൃത്വത്തിലാണ് ശ്രീനിവാസൻ വധക്കേസ് അന്വേഷിക്കുന്നത്.   കേസിൽ അറസ്റ്റിലായ മുഖ്യപ്രതികളായ പാലക്കാട് ശംഖുവാരത്തോട് സ്വദേശി അബ്ദുൽ റഹ്മാൻ, കാവിൽപ്പാട് സ്വദേശി ഫിറോസ് എന്നിവരെ വിശദ തെളിവെടുപ്പിനു ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com