ADVERTISEMENT

പാലക്കാട് ∙ ആർഎസ്എസ് നേതാവ് മൂത്താന്തറ ആരപ്പത്ത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ, കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത മുഖ്യസൂത്രധാരൻ കൂടിയായ പട്ടാമ്പി സ്വദേശി ഉമ്മറിനെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു തുടങ്ങി. ശ്രീനിവാസനെ വെട്ടിയ പ്രതികളിൽ ഒരാളാണ് ഉമ്മർ. ഇയാളെ ഈ മാസം ആദ്യം അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.

കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തതിനാൽ തിരിച്ചറിയൽ പരേഡ് പൂർത്തിയാക്കിയ ശേഷമാണ് വിശദമായ തെളിവെടുപ്പു നടത്തുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി എത്തിയ ചാലിശ്ശേരിയിലും മലപ്പുറം ജില്ലയിലും അന്വേഷണ സംഘം തെളിവെടുപ്പു നടത്തി. കേസിൽ തെളിവെടുപ്പിനൊപ്പം വിശദാന്വേഷണവും തുടരുന്നുണ്ട്. ഡിവൈഎസ്പി എം.അനിൽകുമാർ, ഇൻസ്പെക്ടർ ഷിജു ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണു നടപടികൾ.

2021 നവംബർ 15നു കൊല്ലപ്പെട്ട ആർഎസ്എസ് നേതാവ് എലപ്പുള്ളി സ്വദേശി സഞ്ജിത്തിന്റെ കൊലപാതകത്തിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് ഭാരവാഹി കൂടിയായ മുൻ അധ്യാപകൻ ബാവയുമായുള്ള തെളിവെടുപ്പ് തുടരുന്നു. സഞ്ജിത്ത് കൊലപാതകം ആസൂത്രണം ചെയ്ത ഭാഗങ്ങളിലുൾപ്പെടെ പ്രതിയുമായി തെളിവെടുപ്പു നടത്തി. ശ്രീനിവാസൻ, സഞ്ജിത്ത് വധക്കേസുകളിൽ ബാക്കിയുള്ള പ്രതികൾക്കായി അന്വേഷണം തുടരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com