ഒറ്റപ്പാലം ∙ പനമണ്ണയിൽ ലോഡ് കണക്കിനു പച്ചക്കറികൾ വാങ്ങാൻ ആളില്ലാത്തതിനാൽ ചീഞ്ഞു നശിക്കുന്നു. വിപണിമൂല്യം കുറഞ്ഞതിനൊപ്പം മഴ കൂടി തുടരുന്നതാണ് കർഷകരെ പ്രതിസന്ധിയിലാക്കുന്നത്. 3500 കിലോ കുമ്പളൻ, 3000 കിലോ മത്തൻ, 500 കിലോ വെള്ളരി എന്നിവയാണ് സംഭരണ കേന്ദ്രത്തിലും കൃഷിയിടത്തിലുമായി കെട്ടിക്കിടക്കുന്നത്. പള്ളത്തുപടി പച്ചക്കറി ഉൽപാദക സംഘത്തിലെ 14 കർഷകരുടെ മാസങ്ങൾ നീണ്ട അധ്വാനത്തിന്റെ ഫലമാണിവ.
വിളവെടുപ്പു തുടങ്ങിയ ഘട്ടത്തിൽ കണ്ണിയംപുറത്തെയും വാണിയംകുളത്തെയും പ്രാദേശിക വിപണികളിൽ മോശമല്ലാത്ത വില ലഭിച്ചിരുന്നതായി കർഷകർ പറയുന്നു. കിലോയ്ക്ക് 8 മുതൽ 12 രൂപ വരെ നിരക്കിലായിരുന്നു വിൽപന. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിപണികൾ നിർജീവമാണ്. ഇതോടെ വിളവെടുത്ത പച്ചക്കറികൾ സംഭരണ കേന്ദ്രത്തിൽ കെട്ടിക്കിടപ്പായി. വിളവെടുപ്പും നിലച്ചു. വിളവെടുക്കാതെ കൃഷിയിടങ്ങളിൽ കിടക്കുന്ന പച്ചക്കറികൾ മഴയിൽ വെള്ളം കയറി ചീഞ്ഞുതുടങ്ങി. വിപണി സജീവമാകുന്നതു വരെ സൂക്ഷിക്കാൻ ശീതീകരണ സംവിധാനങ്ങളുമില്ല.

അതേസമയം പച്ചക്കറികൾ ന്യായവിലയ്ക്ക് ഹോർട്ടികോർപ് ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണു കർഷക കൂട്ടായ്മ. എങ്കിലും കുമ്പളൻ പോലുള്ള പച്ചക്കറികൾ ഇത്രയും അധികം കൊണ്ടുപോകുമോയെന്ന ആശങ്കയുമുണ്ട്. ഹോർട്ടികോർപ്പിന്റെ സംഭരണ കേന്ദ്രത്തിൽ കുമ്പളൻ കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ ഇനി പരമാവധി 500 കിലോ വരെ മാത്രമേ ഏറ്റെടുക്കൂ എന്നാണു ലഭ്യമായ വിവരമെന്നു കർഷകർ പറയുന്നു. അനങ്ങനടി പഞ്ചായത്ത് കൃഷിഭവന്റെ കൂടി സഹകരണത്തോടെ ജൈവരീതിയിലായിരുന്നു കൃഷി. മികച്ച വിളവു ലഭിച്ചെങ്കിലും വിപണി അടഞ്ഞതും വിളവെടുപ്പു കാലത്തെ മഴയുമാണു കർഷകർക്കു തിരിച്ചടിയായത്.
ഇവിടെ വേണം വിപണന കേന്ദ്രം
ചെത്തല്ലൂർ ∙ വിളവെടുത്ത പച്ചക്കറിക്ക് ആവശ്യക്കാരില്ലാതെ പാടത്തു തന്നെ ഉപേക്ഷിക്കേണ്ട സ്ഥിതിയിൽ കർഷകർ. തച്ചനാട്ടുകര നാട്ടുകൽ കൃഷിഭവനു കീഴിലെ മുറിയങ്കണ്ണി, ചാമപ്പറമ്പ്, തെക്കുംമുറി പ്രദേശത്തെ കർഷകർക്കാണു ദുരവസ്ഥ. വാഴത്തോട്ടങ്ങളിൽ ഇടവിളയായാണു ജൈവരീതിയിൽ വെണ്ട, ചീര, പയർ തുടങ്ങിയവ കൃഷി ചെയ്തത്. നല്ല വിളവു ലഭിച്ചെങ്കിലും വിളകൾക്ക് നേരിട്ട് ആവശ്യക്കാർ ഇല്ലെന്നും കടകളിൽ വിളകൾ സ്വീകരിക്കുന്നില്ലെന്നും മുറിയങ്കണ്ണിയിലെ യുവകർഷകനായ റഷീദ് പറയുന്നു.
പഞ്ചായത്ത് മിനി സ്റ്റേഡിയത്തോടു ചേർന്നു കാർഷിക വിപണന കേന്ദ്രം നിർമിക്കാൻ പഞ്ചായത്ത് പദ്ധതിയിട്ടിരുന്നെങ്കിലും കാലതാമസം നേരിടുകയാണ്. താൽക്കാലിക വിപണനകേന്ദ്രമെങ്കിലും ഉടൻ ഒരുക്കാനുള്ള നടപടി സ്വീകരിക്കണമെന്നുമാണു കർഷകരുടെ ആവശ്യം.