ADVERTISEMENT

അഗളി ∙ കൊടുംകാട്ടിൽ കണ്ണുകെട്ടി വിട്ടാൽ പോലും വഴിതെറ്റാതെ തിരികെയെത്താൻ കഴിയുന്നയാളാണു വാച്ചർ രാജൻ (55). എന്നിട്ടും, സൈലന്റ്‌വാലി ദേശീയോദ്യാനത്തിൽ കാണാതായ രാജനു വേണ്ടിയുള്ള തിരച്ചിൽ 11 ദിവസങ്ങൾ പിന്നിടുമ്പോഴും വിവരമൊന്നുമില്ല. ഏപ്രിൽ 28നു സൈരന്ധ്രിയിൽ ഡ്യൂട്ടിക്കു ഹാജരായ രാജനെ മേയ് 3നു രാത്രി എട്ടരയ്ക്കാണു സഹപ്രവർത്തകർ അവസാനമായി കണ്ടത്. മകളുടെ വിവാഹം ജൂൺ 11നു നിശ്ചയിച്ചിരിക്കെയാണു  ദുരൂഹമായ തിരോധാനം. മെസ്സിൽ ഭക്ഷണം കഴിഞ്ഞു 100 മീറ്റർ ദൂരെയുള്ള ക്യാംപ് ഷെഡിലേക്കു ടോർച്ച് തെളിച്ചു നടന്നു പോകുന്ന രാജനെ സഹപ്രവർത്തകർ കണ്ടിട്ടുണ്ട്.

രാജൻ നടന്നു പോയ വഴിയരികിൽ ചെടിത്തലപ്പുകളിൽ ഉടക്കിക്കിടക്കുന്ന ഉടുമുണ്ടു കണ്ടു. അൽപം ദൂരെയായി ടോർച്ചും ചെരിപ്പുകളും കാണാനായി. കയ്യിലെ മരുന്നും വീണു കിടന്നിരുന്നു. വനപാലകരും പൊലീസും വ്യാപകമായി തിരച്ചിൽ നടത്തുകയാണ്. ആദ്യ ദിവസം നാൽപതോളം പേരും പിന്നീടുള്ള ദിവസങ്ങളിൽ നൂറോളം പേരും തിരഞ്ഞു. കാടും മേടും തോടും പുഴയും പുഴക്കരയും കാട്ടിലെ ഗുഹകളും അരിച്ചുപെറുക്കി. വന്യമൃഗങ്ങൾ അപായപ്പെടുത്തിയോ എന്നതായിരുന്നു പ്രധാന പരിശോധന.

കടുവയുടെ സ്ഥിരം സഞ്ചാരപഥങ്ങൾ, വിശ്രമിക്കുന്ന സ്ഥലങ്ങൾ, ഇരയെ പിടികൂടി സൂക്ഷിച്ചുവയ്ക്കുന്ന കേന്ദ്രങ്ങൾ ഇവിടെയെല്ലാം രാജനെ തേടി. കടുവകൾ നടക്കാറുള്ള വഴികളിൽ സ്ഥാപിച്ച 33 ക്യാമറകളും പരിശോധിച്ചു. വനപാലകരും ഗോത്രവിഭാഗക്കാരും പൊലീസും സന്നദ്ധസേവകരും രാജന്റെ ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെ വലിയൊരു സന്നാഹമാണ് ആദ്യ ദിവസങ്ങളിലെ തിരച്ചിലിൽ പങ്കാളികളായത്. കടുവയെ പിന്തുടർന്നു കണ്ടെത്താൻ പരിശീലനം നേടിയ ട്രാക്കേഴ്സും വയനാട്ടിൽ നിന്നു തിരച്ചിലിനെത്തിയിരുന്നു.

ഏതാനും ദിവസമായി ഗോത്ര വർഗക്കാരുൾപ്പെടുന്ന 5 പേർ വീതമുള്ള 3 സംഘങ്ങൾ തിരച്ചിൽ നടത്തുന്നുണ്ട്. സൈലന്റ്‌‌വാലിക്കു പുറത്തെ വനമേഖലയിലേക്കും തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. തമിഴ്നാട് പൊലീസിനും വനം വകുപ്പിനും അറിയിപ്പു നൽകിയിട്ടുണ്ട്. കാട്ടിൽ വഴി കാട്ടാനായി മാവോയിസ്റ്റുകൾ രാജനെ കൂടെക്കൂട്ടിയോ എന്ന ആശങ്ക കുടുംബത്തിനുണ്ട്. ഈ സംശയം ബലപ്പെടുത്തുന്ന ചില സൂചനകൾ പൊലീസ് പരിശോധിക്കുന്നുണ്ട്.

പ്രത്യേക പൊലീസ് സംഘത്തെ  നിയോഗിക്കും: മന്ത്രി 

കാണാതായ വാച്ചറെ കണ്ടെത്താൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കുമെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ മനോരമയോടു പറഞ്ഞു. തമിഴ്നാട് പൊലീസിന്റെ സഹായവും തിരച്ചിലിനുണ്ട്. കലക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവരുമായി ചർച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com