ADVERTISEMENT

പാലക്കാട് ∙ വിളയിറക്കാൻ കാർഷിക കലണ്ടർ വരെ തയാറാക്കിയിട്ടും കൃഷി ആനുകൂല്യങ്ങൾക്കുള്ള നിർദേശങ്ങളും പദ്ധതികളും ഇനിയും കൃഷിഭവനുകളിൽ എത്തിയില്ല. നേരത്തെ മഴയെത്തിയത് ഒന്നാംവിളയ്ക്ക് സഹായമാണ്. ചിലയിടത്ത് കർഷകർ ഞാറുപാകാൻ തുടങ്ങി. മറ്റിടങ്ങളിൽ അതിന് ഒരുക്കം പൂർത്തിയായിട്ടുമുണ്ട്. എന്നാൽ ആനുകൂല്യങ്ങൾ സംബന്ധിച്ച നടപടികൾ ഒന്നും ആകാത്തതാണ് കർഷകരെ അലട്ടുന്നത്.   

സാധാരണ ഏപ്രിൽ അവസാനത്തേ‍ാടെ വിവിധ പദ്ധതികളുടെ നടപടികൾ ആംരംഭിക്കാറുണ്ടെങ്കിലും ഇത്തവണ മേയ് പകുതിയായിട്ടും അതിൽ തീരുമാനമാകാത്തത് എന്തുകെ‍ാണ്ടെന്നു പറയാൻ കൃഷിവകുപ്പ് ഉദ്യേ‍ാഗസ്ഥർക്കും കഴിയുന്നില്ല. സർക്കാരിന്റെ ഒന്നാംവാർഷിക ആഘേ‍ാഷ പ്രദർശന നടപടികളുടെ ചെലവ് ഇനത്തിൽ 3000 രൂപയാണ് കൃഷിഭവനുകളിൽ ഒടുവിൽ എത്തിയത്. കൃഷി ആനുകൂല്യങ്ങൾ പലതുണ്ടെങ്കിലും അതു സമയത്തിനു ലഭിച്ചില്ലെങ്കിൽ പ്രയേ‍ാജനമില്ലാതാകും.

കർഷകരിൽ പലരും സ്വകാര്യ ഏജൻസികൾ വഴി കാര്യങ്ങൾ നടത്തി. അടിസ്ഥാന ആനുകൂല്യങ്ങൾക്കും സഹായങ്ങൾക്കുമുള്ള (റഗുലർ സ്കീം) നടപടികളാണ് ഇപ്പേ‍ാൾ  തുടങ്ങേണ്ടത്. ഇതനുസരിച്ച്, പാടം ഒരുക്കുന്നതിന് ഒരു മാസം മുൻപ് ചുണ്ണാമ്പ് പെ‍ാടി കിട്ടിയിരുന്നു. അതു വിതറി വേണം രണ്ടു ചാൽ ഉഴുതാനെങ്കിലും ഇത്തവണ അതുണ്ടായില്ല.

സ്വകാര്യ സ്ഥാപനങ്ങളിൽനിന്നു കിലേ‍ായ്ക്ക് 12 രൂപ നിരക്കിൽ പെ‍ാടി വാങ്ങേണ്ടിവന്നു. ഒരേക്കറിന് 200 കിലേ‍ായെങ്കിലും ചുണ്ണാമ്പ് വേണം. കൃഷിഭവൻ വഴി ആണെങ്കിൽ കിലേ‍ായ്ക്ക് 6 രൂപ മതി.കീടങ്ങൾ, പ്രാണികൾ എന്നിവ കുറയും എന്നതുൾപ്പെടെയാണ് ഈ പെ‍ാടിപ്രയേ‍ാഗത്തിന്റെ ഗുണം. 

വൈകിയാൽ പ്രയോജനം കുറയും

പാടശേഖരത്തിന്റെ അടിസ്ഥാന വികസനം, കരനെൽക്കൃഷി, രാഷ്ട്രീയ വികാസ് യേ‍ാജന ആനുകൂല്യങ്ങൾ, ഭക്ഷ്യസുരക്ഷാ ദൗത്യത്തിന്റെ ഭാഗമായുള്ള നടപടികൾ, പ്രത്യേക ഇനം നെൽക്കൃഷികൾ, ഉൽപന്ന വൈവിധ്യവൽക്കരണ പരിപാടി എന്നിവയെല്ലാം സംബന്ധിച്ച സഹായങ്ങൾ ഈ മാസം ആദ്യമെങ്കിലും കൃഷിഭവനിൽ എത്തേണ്ടിയിരുന്നു. വൈകുന്തേ‍ാറും ഇവയുടെ പ്രയേ‍ാജനം ലഭിക്കുന്നവരുടെ എണ്ണം കുറയും. തദ്ദേശസ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിലെ കൃഷി സ്കീമുകളും ഇനിയും പൂർത്തിയായിട്ടില്ല. വാർഷിക പദ്ധതിയുടെ ഗ്രാമസഭാ യേ‍ാഗം പലയിടത്തും നടക്കുന്നതേയുള്ളൂ.

അഞ്ച് ഏക്കറിൽ താഴെയുള്ള കൃഷിക്കാർക്ക് ഉൽപാദന ബേ‍ാണസും ഉഴവുകൂലിയും രാസവള സബ്സിഡിയും കൂടി  ഹെക്ടറിന് 9,500 രൂപ ലഭിക്കണമെങ്കിലും പലയിടത്തും കുടിശികയാണെന്ന് കർഷകർ പറയുന്നു. സംഭരിച്ച രണ്ടാം വിള നെല്ലിന്റെ പണവും മിക്കവർക്കും ഇനിയും അക്കൗണ്ടിലെത്തിയിട്ടില്ലെന്നും കർഷകർ പറയുന്നു. ജില്ലയിൽ ഭൂരിഭാഗവും ഇടത്തരം, ചെറുകിട കർഷകരാണ്. വകുപ്പിന്റെ സഹായം മാത്രം കാത്തിരുന്നാൽ കൃഷിയിറക്കാൻ കഴിയില്ലെന്നതിനാൽ കടം വാങ്ങിയും ആഭരണങ്ങൾ പണയംവച്ചുമൊക്കെ പണം ഒപ്പിച്ച് മിക്കവരും പാടത്ത് സജീവമായിക്കഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com