ADVERTISEMENT

പാലക്കാട് ∙ ആർഎസ്എസ് നേതാവ് മൂത്താന്തറ ആരപ്പത്ത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്താൻ പ്രതികൾക്ക് ആയുധം എത്തിച്ചതെന്നു കരുതുന്ന കാർ പൊലീസ് കണ്ടെടുത്തു. വാഹനത്തിൽ നിന്നു പ്രധാന തെളിവുകളും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ കാർ ഉടമ പട്ടാമ്പി കീഴായൂർ കല്ലുവളപ്പിൽ നാസറുമായി (46) നടത്തിയ തെളിവെടുപ്പിലാണു ബന്ധുവീട്ടിൽ നിന്നു കാർ കണ്ടെടുത്തത്.

ആർഎസ്എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പട്ടാമ്പി കീഴായൂർ സ്വദേശി നാസറിനെ തെളിവെടുപ്പിനായി കൊണ്ടുപോകുന്നു. ചിത്രം: മനോരമ

ശ്രീനിവാസനെ കൊലപ്പെടുത്തിയ ദിവസം പ്രതികൾ കാറിലും ബൈക്കിലുമായി ബിജെപി ജില്ലാ കമ്മിറ്റി ഓഫിസ് പരിസരത്തുൾപ്പെടെ നഗരത്തിൽ കറങ്ങിയിരുന്നു.ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ആയുധങ്ങൾ ഈ കാറിലാണു കൊണ്ടുവന്നതെന്നാണു കണ്ടെത്തൽ. നഗരത്തിൽ പട്ടിക്കര ബൈപാസിനു സമീപത്തു വച്ചാണു കാറിൽ നിന്ന് ആയുധങ്ങൾ പ്രതികൾക്കു കൈമാറിയതെന്നാണു വിവരം.

ഏപ്രിൽ 16നാണു പാലക്കാട് മേലാമുറിയിൽ ശ്രീനിവാസനെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്. അന്നു മുതൽ കാർ കണ്ടെത്താനായി പൊലീസ് ശ്രമം തുടരുകയായിരുന്നു. കാറിന്റെ ഉടമസ്ഥനായ നാസറിനെ തിരിച്ചറിഞ്ഞിരുന്നെങ്കിലും ഇയാൾ ഒളിവിൽപോയി. കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്.കാർ കണ്ടെത്തിയതു കേസിൽ നിർണായക തെളിവാകുമെന്നാണു പൊലീസിന്റെ വിലയിരുത്തൽ. കാറിൽ നിന്നു മൊബൈൽ ഫോണും ആയുധം പൊതിയാൻ ഉപയോഗിച്ചതെന്നു കരുതുന്ന പ്ലാസ്റ്റിക് ചാക്കും കൊടിയും കണ്ടെടുത്തു.

കാറിന്റെ മുൻവശത്തെ നമ്പർ പ്ലേറ്റ് ചുവന്ന തുണി കെട്ടി മറിച്ച നിലയിലായിരുന്നു. ശ്രീനിവാസൻ വധക്കേസിൽ ഗൂഢാലോചനയിലും തെളിവു ഒളിപ്പിക്കാൻ ശ്രമിച്ചതിലുമടക്കം നാസറിനു പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. നാസറിന്റെ കാർ കൊണ്ടുപോയ പ്രതിക്കായും തിരച്ചിൽ തുടരുന്നു. ഇയാളാണു കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനെന്നാണു സൂചന. ഡിവൈഎസ്പി എം. അനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

ഒരു മാസം: 2 കേസിൽ 32 പ്രതികൾ അറസ്റ്റിൽ 

പാലക്കാട് ∙ നാടിനെ നടുക്കിയ കൊലപാതകങ്ങളിൽ ഒരു മാസത്തിനുള്ളിൽ പ്രധാന പ്രതികളെയടക്കം അറസ്റ്റ് ചെയ്ത് പൊലീസ്. ഒളിവിൽ പോയവർക്കായി വ്യാപക പരിശോധനയും നടത്തുന്നു. ഒപ്പം ജില്ലയിൽ കനത്ത ജാഗ്രതയും തുടരുന്നു. കഴിഞ്ഞ ഏപ്രിൽ 15നാണ് എലപ്പുള്ളി നോമ്പിക്കോട് പോപ്പുലർ ഫ്രണ്ട് നേതാവ് എ.സുബൈറിനെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്. തൊട്ടടുത്ത ദിവസം ഏപ്രിൽ 16ന് പാലക്കാട് മേലാമുറിയിൽ ആർഎസ്എസ് നേതാവ് എ.ശ്രീനിവാസനെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തി.

സുബൈർ വധത്തിനു പ്രതികാരമായാണു ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നാണു കണ്ടെത്തൽ. 2021 നവംബർ 15ന് ആർഎസ്എസ് നേതാവ് എലപ്പുള്ളി സ്വദേശി സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയതിനു പ്രതികാരമായാണ് സുബൈറിനെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.  സഞ്ജിത്ത് വധത്തിനു ശേഷം കഴിഞ്ഞ ഏപ്രിലിൽ നടന്ന 2 കൊലപാതകങ്ങളും നാടിനെ ഞെട്ടിച്ചു. സംഭവം നടന്ന് ഒരു മാസത്തിനുള്ളിൽ പ്രതികളിൽ ഭൂരിഭാഗം പേരെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

സുബൈർ വധക്കേസിൽ 3 മുഖ്യ പ്രതികൾ ഉൾപ്പെടെ 9 പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ശ്രീനിവാസൻ വധക്കേസിൽ കുറ്റകൃത്യത്തിൽ പങ്കാളികളായ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥനുൾപ്പെടെ 23 പേർ അറസ്റ്റിലായി. 3 മുഖ്യ പ്രതികളെക്കൂടി പിടികൂടാനുണ്ട്. ഇവർക്കായി തിരച്ചി‍ൽ തുടരുന്നു. ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ്, ഡിവൈഎസ്പിമാരായ എസ്.ഷംസുദീൻ, എം.അനി‍ൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘങ്ങളാണു കേസ് അന്വേഷിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com