പാലക്കാട് ∙ കാഞ്ഞിരപ്പുഴ കല്ലാംകുഴി ഇരട്ടക്കൊലപാതകക്കേസിൽ 25 പ്രതികൾക്കു ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ. സഹോദരങ്ങളും സിപിഎം പ്രവർത്തകരുമായ പള്ളത്തു നൂറുദ്ദീൻ (40), ഹംസ (കുഞ്ഞുഹംസ 45) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണു മുസ്‌ലിം ലീഗുകാരായ പ്രതികൾക്കു ശിക്ഷ വിധിച്ചത്. മാറാട് കേസിലൊഴികെ കേരളത്തിൽ മുൻപ് ഇത്രയും പ്രതികൾക്കു ജീവപര്യന്തം വിധിച്ചിട്ടില്ല. ഓരോ പ്രതിയും 50,000 രൂപ വീതം കൊല്ലപ്പെട്ട പള്ളത്ത് നൂറുദ്ദീന്റെയും ഹംസയുടെയും ബന്ധുക്കൾക്കു നൽകണമെന്നു പാലക്കാട് അഡീഷനൽ ജില്ലാ കോടതി 4 ജഡ്ജി ടി.എച്ച്.രജിത വിധിച്ചു.
മുസ്‌ലിം ലീഗ് നേതാവും കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ ചേലോട്ടിൽ സി.എം.സിദ്ദിഖ് (52) ആണ് ഒന്നാം പ്രതി. കേസിലെ 27 പ്രതികളിൽ നാലാം പ്രതി ഹംസപ്പ വിചാരണ തുടങ്ങും മുൻപു മരിച്ചു. സംഭവം നടക്കുമ്പോൾ പ്രായപൂർത്തിയാകാത്ത പ്രതിയുടെ വിചാരണ ജുവനൈൽ കോടതിയിൽ നടക്കുകയാണ്. 2013 നവംബർ 20നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. മരിച്ച നൂറുദ്ദീന്റെയും ഹംസയുടെയും മൂത്ത സഹോദരൻ കുഞ്ഞുമുഹമ്മദിനു നേരെ വധശ്രമം നടന്നിരുന്നു. കുഞ്ഞുമുഹമ്മദാണു കേസിലെ മുഖ്യസാക്ഷി. കല്ലാംകുഴി ജുമാ മസ്ജിദിൽ ഒരു സംഘടനയ്ക്കു വേണ്ടി പണപ്പിരിവു നടത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണു കൊലപാതകത്തിലേക്കു നയിച്ചത്. കൊല്ലപ്പെട്ട ഹംസ പിരിവു ചോദ്യം ചെയ്തു
കോടതിയെ സമീപിച്ച് അനുകൂലവിധി നേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു ലീഗ് നടത്തിയ പ്രകടനത്തിനിടെ സംഘർഷത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കു പരുക്കേറ്റു. ഇവർക്കു ചികിത്സ ലഭ്യമാക്കി വീട്ടിലേക്കു കൊണ്ടുപോകും വഴിയാണു നൂറുദ്ദീനും ഹംസയ്ക്കും നേരെ ആക്രമണമുണ്ടായത്. കേസിൽ 90 സാക്ഷികളെ വിസ്തരിച്ചു. വിചാരണ നീളുന്നതിനെതിരെ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ കോടതിയെ സമീപിച്ചിരുന്നു. കൊലപാതകം നടന്ന് 7 വർഷത്തിനു ശേഷമാണു വിചാരണ ആരംഭിച്ചത്.
പ്രതികൾ ഇവർ
കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് തൃക്കള്ളൂർ കല്ലാങ്കുഴി ചേലോട്ടിൽ സി.എം.സിദ്ധിഖ് (52), കാരൂക്കിൽ നൗഷാദ് (34), പൂളമണ്ണിൽ നിജാസ് (28), ചേലോട്ടിൽ ഷമീം (27), പലേക്കോടൻ സലാഹുദ്ദീൻ (26), മാങ്ങാട്ടുതൊടി ഷമീർ (28), പാലക്കാപറമ്പിൽ സുലൈമാൻ (60), മാങ്ങാട്ടുതൊടി അമീർ (34), പാലക്കാപറമ്പിൽ അബ്ദുൽ ജലീൽ (44), പടലത്ത് റഷീദ് എന്ന ബാപ്പുട്ടി (38), പാലക്കാപറമ്പിൽ ഇസ്മായിൽ എന്ന ഇപ്പായി (43), കഞ്ഞിച്ചാളി സുലൈമാൻ (52), പലേക്കോടൻ ഷിഹാബ് (47), പാലക്കാപറമ്പിൽ മുസ്തഫ (32), ചീനത്ത് നാസർ (62), തെക്കുംപുറയൻ ഹംസ (64), ചീനത്ത് ഫാസിൽ (27), പലേക്കോടൻ സലീം (46), പടലത്ത് സെയ്താലി (52), പടലത്ത് താജുദ്ദീൻ (44), പടലത്ത് സഹീർ (32), തെക്കുംപുറയൻ ഫാസിൽ (28), തെക്കുംപുറയൻ അംജദ് (35), കീരിത്തൊടി മുഹമ്മദ് മുബഷിർ (32), പരിയാരത്ത് മുഹമ്മദ് മുഹസിൻ (28).