ADVERTISEMENT

പാലക്കാട് ∙ കല്ലാംകുഴി ഇരട്ടക്കൊലപാതകക്കേസിന്റെ വിധി കേൾക്കാൻ കോടതി പരിസരത്ത് എത്തിയത് ഒട്ടേറെ പേർ. കൊല്ലപ്പെട്ട പള്ളത്ത് നൂറുദ്ദീന്റെയും ഹംസയുടെയും മക്കളും ബന്ധുക്കളും എത്തി.9 വർഷത്തിനു ശേഷമാണെങ്കിലും, വിധിയിൽ തൃപ്തരാണെന്നു കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ പറഞ്ഞു. 2013 നവംബർ 21 മുതൽ വിധി അറിയുന്ന ദിവസത്തിനു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. കൊല്ലപ്പെട്ടവരുടെ മാതാവ് തിത്തിക്കുട്ടി 2019ൽ മരിച്ചു.ശിക്ഷാവിധി അറിയുന്നതിനായി പ്രതികളുടെ ബന്ധുക്കൾ കോടതിവളപ്പിലെത്തിയതു വൈകാരിക രംഗങ്ങൾക്കിടയാക്കി. വിധികൾക്കു ശേഷം കോടതി നടപടികൾ പൂർത്തിയായി പ്രതികളെ ജയിലിലേക്കു കൊണ്ടുപോയതു വൈകിട്ട് ആറരയോടെയാണ്.

മണ്ണാർക്കാട് രാഷ്ട്രീയത്തിൽ‍ ഏറെ ചർച്ച ചെയ്യപ്പെട്ടതായിരുന്നു കാഞ്ഞിരപ്പുഴ കല്ലാംകുഴി ഇരട്ടക്കൊലപാതകം. കൊല്ലപ്പെട്ട സഹോദരങ്ങളായ പള്ളത്ത് നൂറുദ്ദീന്റെയും ഹംസയുടെയും രാഷ്ട്രീയവും സംഘടനാ ബന്ധവും പ്രതികളുടെ രാഷ്ട്രീയവും ചർച്ചയായി. പ്രതികളുടെ അറസ്റ്റ് വൈകുന്നതിനെതിരെ നിയമസഭയിലും പുറത്തും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. വിചാരണ നീണ്ടു പോകുന്നതിനെതിരെ കുടുംബം ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നു വിചാരണ വേഗത്തിലാക്കാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. 

വിധി അറിഞ്ഞയുടൻ കല്ലാംകുഴിയിലും പരിസരത്തും പൊലീസ് കാവൽ ഏർപ്പെടുത്തി. മണ്ണാർക്കാട് പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ഡിവൈഎസ്പി എസ്.ഷറഫുദീൻ, അന്നത്തെ ഇൻസ്പെക്ടർ കെ.അനിൽകുമാർ, എസ്ഐ എ.ദീപകുമാർ എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ ടി.സി.കൃഷ്ണൻ നാരായണൻ ഹാജരായി. വിധിക്കെതിരെ അപ്പീലിനു പോകുമെന്നു പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു.  

തൂക്കിലേറ്റണമെന്നു പറയില്ല;  അവർക്കും കുടുംബങ്ങളില്ലേ?

കുഞ്ഞിമുഹ മ്മദ്.
കുഞ്ഞിമുഹ മ്മദ്.

പാലക്കാട്∙ ‘ഈ ദിവസത്തിനുവേണ്ടിയാണു പടച്ചോൻ എനിക്കു ജീവൻ തിരികെ തന്നത്. ഞാൻ കൂടി അന്നു മരിച്ചെങ്കിൽ പ്രതികൾ രക്ഷപ്പെടുമായിരുന്നു. 3 കുടുംബങ്ങളും അനാഥമാകും.’കാഞ്ഞിരപ്പുഴ കല്ലാംകുഴിയിൽ കൊല്ലപ്പെട്ട സഹോദരങ്ങളും സിപിഎം പ്രവർത്തകരുമായ നൂറുദ്ദീന്റെയും ഹംസയുടെയും മൂത്ത സഹോദരൻ കുഞ്ഞുമുഹമ്മദിന്റെ വാക്കുകൾ ഇടറി. വിധിയിൽ സന്തോഷമുണ്ടെന്നു പറഞ്ഞപ്പോഴും കണ്ണുകൾ നിറഞ്ഞു. കുഞ്ഞുമുഹമ്മദ് ആയിരുന്നു കേസിലെ പ്രധാന സാക്ഷി.‘ചില തർക്കങ്ങൾ ഉണ്ടായിരുന്നു. രാത്രി 9 മണിക്കു സമാധാന ചർച്ചയ്ക്കു വിളിച്ചു വരുത്തി. സഹോദരങ്ങളെക്കൂടാതെ സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. പെട്ടെന്ന് ആക്രമിക്കാനായി ഒരു സംഘം ചാടി വീണു. ഞങ്ങൾ മൂവരെയും കൊല്ലാനായിരുന്നു ശ്രമം. കൂടെയുണ്ടായിരുന്നവരെ വിരട്ടി ഓടിച്ചു. എന്റെ തലയ്ക്കു 3 വെട്ടേറ്റു. 

ഞാൻ ഓടി അടുത്തുള്ള വീട്ടിൽ കയറി കതകടച്ചു. ആ വീടും സംഘം ആക്രമിച്ചു. 4 ദിവസം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ഞാൻ. 11 ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം വീട്ടിലെത്തിയതു മുതൽ നീതിക്കു വേണ്ടി പോരാട്ടം തുടങ്ങി.’രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരിൽ ഒട്ടേറെ കുടുംബങ്ങൾ കണ്ണീർ ഒഴുക്കുന്ന നാടാണിത്. 25 പേരെയും തൂക്കിക്കൊല്ലണം എന്നു പറയില്ല ഞങ്ങൾ. അവർക്കും കുടുംബങ്ങളില്ലേ? നഷ്ടമായവരെ തിരികെ നൽകാൻ ആർക്കും കഴിയില്ലല്ലോ.’ സങ്കടങ്ങൾ ഉള്ളിലൊതുക്കി കുഞ്ഞുമുഹമ്മദ് പറഞ്ഞു.

ആവശ്യപ്പെട്ടത് പരമാവധി ശിക്ഷ

ടി.സി.കൃഷ്ണൻ നാരായണൻ, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ
ടി.സി.കൃഷ്ണൻ നാരായണൻ, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ

പ്രതികൾക്കു പരമാവധി ശിക്ഷ നൽകണമെന്നാണ് ആവശ്യപ്പെട്ടത്. ഇരട്ട ജീവപര്യന്തം എങ്കിലും നൽകണമെന്നു വാദിച്ചിരുന്നു.  പ്രതികൾ എല്ലാവരും കുറ്റക്കാരാണെന്നു കണ്ടെത്തി. ജീവപര്യന്തം ശിക്ഷയ്ക്കു വിധിച്ചു. നിയമവിരുദ്ധമായി സംഘം ചേർന്നു കൊലപാതകം നടത്തിയതിനാലാണ് എല്ലാ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിച്ചത്. ഗൂഢാലോചനയുടെ ഭാഗമായി സംഘം ചേർന്നവരാണ് ഇവർ. ഇത്തരമൊരു കൂടിച്ചേരലിന്റെ ലക്ഷ്യം അക്രമമാണെന്നതുകൊണ്ടാണു പങ്കാളികളായ എല്ലാവർക്കും ഒരേ ശിക്ഷ ശിക്ഷ ലഭിച്ചത്

മികവു തെളിയിച്ച് പൊലീസ്

പാലക്കാട് ∙ കാഞ്ഞിരപ്പുഴ കല്ലാംകുഴി ഇരട്ടക്കൊലപാതക കേസിൽ പൊലീസ് അന്വേഷണം ഏറെ ചർച്ചാ വിഷയമായിരുന്നു. കൊലപാതകത്തിനു രാഷ്ട്രീയ മാനം കൈവന്നതോടെ ആരോപണ, പ്രത്യാരോപണങ്ങൾ ശക്തമായി ഉയർന്നു.ഇതെല്ലാം അതിജീവിച്ചാണു പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസ് അന്വേഷണത്തിലും അറസ്റ്റിലും തെളിവു ശേഖരണത്തിലും കടുത്ത വെല്ലുവിളി ഉയർന്നിരുന്നു.റോഡിൽ വെട്ടേറ്റു കിടന്നവരെ പൊലീസിന്റെ നേതൃത്വത്തിലാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവസ്ഥലത്ത് ആദ്യം എത്തിയതും പൊലീസ് ആയിരുന്നു.ഡിവൈഎസ്പി എസ്.ഷറഫുദീൻ, ഇൻസ്പെക്ടർ കെ.അനിൽകുമാർ, എസ്ഐ എ.ദീപകുമാർ എന്നിവരാണു കേസ് അന്വേഷിച്ചത്.

തിരഞ്ഞെടുപ്പിലും ചർച്ചയായ കൊലപാതകങ്ങൾ

മണ്ണാർക്കാട് ∙  പൊതുപ്രവർത്തകരും നാട്ടിൽ എല്ലാവർക്കും വേണ്ടപ്പെട്ടവരുമായിരുന്നു സഹോദരങ്ങളായ പള്ളത്ത് ഹംസയും നൂറുദ്ദീനും. അവർക്ക് ഈ ദുരന്തം സംഭവിച്ചത് ആദ്യമൊന്നും വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് ഇവരെ അടുത്തറിയാവുന്നവർ പറഞ്ഞു. 2016ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ മണ്ണാർക്കാട് മണ്ഡലത്തിൽ പ്രധാന പ്രചാരണ വിഷയമായിരുന്നു ഇരട്ടക്കൊലപാതകം. മുസ്‍ലിം ലീഗുകാരായ പ്രതികളെ പാർട്ടി നേതൃത്വം സംരക്ഷിക്കുകയാണെന്ന ആരോപണം സിപിഎം ഉയർത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com