ADVERTISEMENT

വടക്കഞ്ചേരി∙ ദേശീയപാത പന്തലാംപാടത്ത് നിന്നു തുടങ്ങി മുതലമടയില്‍ എത്തുന്ന മലയോര ഹൈവേ നിര്‍മിക്കാനുള്ള പഠനങ്ങള്‍ നടന്നെങ്കിലും പദ്ധതി നടപ്പിലാകില്ലെന്ന് ആശങ്ക. കഴിഞ്ഞദിവസം വടക്കഞ്ചേരിയിൽ പാലം ഉദ്ഘാടന വേളയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മലയോര ഹൈവേ മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയിലൂടെ ക്രമീകരിക്കുമെന്ന് പറഞ്ഞിരുന്നു. 

എന്നാല്‍ ഗ്രാമീണപാതകള്‍ കടന്നുപോകുന്ന മലയോരത്ത് കൂടി മലയോര ഹൈവേ നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.   ദേശീയപാത പന്തലാംപാടത്ത് നിന്ന് ആരംഭിച്ച് പനംകുറ്റി, വാൽക്കുളമ്പ് വഴി കോരഞ്ചിറ, കൊന്നക്കൽകടവ്, അമ്പിട്ടൻതരിശ്, വക്കാല, മംഗലംഡാം, ഒലിപ്പാറ വഴി കരിമ്പാറ പോത്തുണ്ടി അളുവശ്ശേരി, എലവഞ്ചേരി, പനങ്ങാട്ടിരി, പയ്യല്ലൂർ എന്നിവിടങ്ങവില്‍ നിലവിലുള്ള പഞ്ചായത്ത് റോഡുകൾ വഴി നെൻമേനി, ചീരണി വഴി മുതലമടയില്‍ എത്തുന്ന തരത്തിലാണ് മലയോര ഹൈവേ. ഇതിന് കേന്ദ്രസര്‍ക്കാരിന്റെ ഗ്രാമീണ റോഡ് വികസന പദ്ധതിയില്‍ പെടുത്തി സര്‍വേ പൂര്‍ത്തിയാക്കിയിരുന്നു.   

എന്നാല്‍ സ്ഥലം ഏറ്റെടുത്തുകൊടുക്കുന്നതില്‍ തു‌ടരുന്ന അലംഭാവം റോഡെന്ന സ്വപ്നം ഇല്ലാതാക്കുന്നു.  കൊല്ലങ്കോട്, നെന്മാറ, ചിറ്റിലഞ്ചേരി, മുടപ്പല്ലൂർ വഴിയുള്ള സംസ്ഥാനപാതയിലെ തിരക്ക് ഒഴിവാക്കാനും മംഗലംഡാം,   പോത്തുണ്ടിഡാം, നെല്ലിയാമ്പതി, ചുള്ളിയാർ ഡാം, പറമ്പിക്കുളം  ടൂറിസത്തിന് ഉണര്‍വാകാനും മലയോര ഹൈവേ വന്നാല്‍ സാധിക്കും.   കാർഷികോൽപന്നങ്ങൾ വിപണിയിൽ എത്തിക്കാനും മലയോരപാത ഏറെ സഹായകരമാകുമെന്ന് കര്‍ഷകര്‍ പറഞ്ഞു.   തെന്മലയോരത്തുള്ള പൊതുമരാമത്തിന്റെയും പഞ്ചായത്തിന്റെയും റോഡുകള്‍ വീതികൂട്ടി ബന്ധിപ്പിച്ചാല്‍ മലയോര ഹൈവേ യാഥാര്‍ത്ഥ്യമാകും.   സംസ്ഥാന  പാതയ്ക്ക് സമാന്തരമായി മലയോര ഹൈവേ വരുന്നതോടെ തിരക്കിനും പാതയിലെ പരിഹാരമാകും.

മലയോര ഹൈവേക്ക് 11 മീറ്റർ വീതി മതി. ഇതില്‍ 9 മീറ്റർ  ടാറിങ് നടത്തണം.    മുതലമട, നെന്മാറ, അയിലൂർ, വണ്ടാഴി കിഴക്കഞ്ചേരി, വടക്കഞ്ചേരി  പഞ്ചായത്തുകളിലെ നിലവിലുള്ള പാതകളിലൂടെയാണ് നിര്‍ദ്ദിഷ്ട പാത കടന്നുപോകുന്നത്. നിലവിൽ ബസ് ഗതാഗതം ഉള്ള  ഗ്രാമീണ മേഖലകളാണിത്. 

സംസ്ഥാന സർക്കാർ മലയോര ഹൈവേ നിലവിലുള്ള മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയിൽ നിന്ന്  മാറ്റി ഗ്രാമീണ മേഖലയ്ക്ക് ഉപകാരപ്രദമാകുന്ന വിധം നിര്‍മിക്കണമെന്ന് വിവിധ സംഘട‌നകളും ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് വടക്കഞ്ചേരി ജനകീയവേദി പൊതുമരാമത്ത് വകുപ്പിന് പരാതി നല്‍കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com