ADVERTISEMENT

പാലക്കാട്∙ ‘അഗ്രഹാരങ്ങൾവിട്ടു പുറത്തുപോകുന്നതു തന്നെ വിരളം. വിവാഹം കഴിഞ്ഞതോടെ വീടിനുള്ളിൽ ഒതുങ്ങി. കുടുംബശ്രീ എന്നെ അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് കൈപിടിച്ചുയർത്തി’. കൊടുന്തിരപ്പുള്ളി അമ്പാടി വീട്ടിൽ എം.വി.ഭാഗീരഥിയുടെ വാക്കുകളിൽ അഭിമാനവും ആത്മധൈര്യവും നിറഞ്ഞു. 2004ൽ കുടുംബശ്രീയിൽ അംഗമായതോടെ ജീവിതം മാറി. ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദം നേടിയെങ്കിലും ജോലി കിട്ടിയില്ല. കുട്ടിയെ വളർത്തിയും കുടുംബകാര്യങ്ങൾ നോക്കിയും വീട്ടിൽ തന്നെ കഴിഞ്ഞുകൂടി. കുടുംബശ്രീയിൽ എത്തിയതോടെ സ്ത്രീകൾ എല്ലാവരും കൂടി സീസണൽ ഫുഡ് പ്രോഡക്ട് എന്ന സംരംഭം ആരംഭിച്ചു. ബേക്കറി സാധനങ്ങൾ ഉണ്ടാക്കി വിൽപന നടത്തി. 

2005ൽ കാസർകോട് ന്യൂട്രിമിക്സ് ഉണ്ടാക്കുന്നതിനു നടത്തിയ പരിശീലന പരിപാടിയിൽ പങ്കെടുത്തു. ജില്ലയ്ക്കു പുറത്തേക്കു ഒറ്റയ്ക്കു ആദ്യമായി സഞ്ചരിച്ചത് അന്നായിരുന്നു. 2006ൽ അക്ഷയ കുടുംബശ്രീ യൂണിറ്റിന്റെ നേതൃത്വത്തിൽ ആദ്യമായി ന്യൂട്രിമിക്സ് ഉണ്ടാക്കി. 3000 കിലോ ആയിരുന്നു ആദ്യത്തെ ഉൽപാദനം. സംരംഭത്തെ വളർത്തുന്നതിനായി പഠനം തുടരണമെന്നു തോന്നി. അങ്ങനെ അണ്ണാമല യൂണിവേഴ്സിറ്റിയിൽനിന്ന് എംബിഎയും തുടർന്ന് അവിടെനിന്നു തന്നെ എംഎസ്ഡബ്ല്യുവും പൂർത്തിയാക്കി. 

ജില്ലയിൽ 19 യൂണിറ്റുകളിൽ നിന്നായി 147 വനിതകൾ ന്യൂട്രിമിക്സ് സംരംഭത്തിൽ പ്രവർത്തിക്കുന്നുണ്ട്. ജില്ലയിലെ സ്ത്രീകൾക്കു പുറമേ ഡൽഹി, ബിഹാർ തുടങ്ങിയ സ്ഥലങ്ങളിലെ സ്ത്രീകൾക്കും സംരംഭം തുടങ്ങുന്നതിനു പരിശീലനം നൽകി. സംസ്ഥാനത്തിനു പുറത്ത് യാത്ര ചെയ്യേണ്ടി വന്നതോടെ ഇംഗ്ലിഷും ഹിന്ദിയും സംസാരിക്കാൻ പഠിച്ചു. നീതി ആയോഗ് യോഗത്തിലും പങ്കെടുത്തിരുന്നു. 

സംരംഭങ്ങൾ ജിഎസ്ടിയിൽ റജിസ്ട്രർ ചെയ്യുന്നതിനും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനും സ്ത്രീകൾക്കു പരിശീലനം നൽകി. പഠനകാലത്ത് നടക്കാതെ പോയ ആഗ്രഹം നേടിയെടുക്കുകയായിരുന്നു അടുത്ത ലക്ഷ്യം. ഭാരതിയാർ സർവകലാശാലയിൽ ഗവേഷണത്തിനു ചേർന്നു. കുടുംബശ്രീ  സംരംഭങ്ങളെക്കുറിച്ചാണു ഗവേഷണം. കൊടുന്തിരപ്പുള്ളിയിൽ ഭഗീരഥി പ്രവർത്തിക്കുന്ന അമൃതം ഫുഡ് സപ്ലിമെന്റിന്റെ ഒരു മാസത്തെ വിറ്റുവരവ് 15 ലക്ഷം രൂപയാണ്. 12,000 കിലോ അമൃതം പൊടിയും മൂല്യവർധിത ഉൽപന്നങ്ങളും ഉൽപാദിപ്പിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com