ADVERTISEMENT

വ‌ടക്കഞ്ചേരി  ∙ പന്നിയങ്കരയിൽ ടോൾ പിരിക്കാൻ പൊലീസ് സംരക്ഷണം തേടി കരാർ കമ്പനി ഹൈക്കോടതിയിൽ. സ്വകാര്യബസുകളിൽ നിന്ന് ഉൾപ്പെടെ ടോൾ പിരിക്കാൻ സംരക്ഷണം ആവശ്യപ്പെട്ടു കരാർ കമ്പനി ഹൈക്കോടതിയിൽ അപേക്ഷ നൽകി. അടുത്ത തിങ്കളാഴ്ച കേസ് പരിഗണിക്കും. എന്നാൽ, കേസിൽ കക്ഷി ചേർന്ന് തങ്ങളുടെ നിലപാട് കോടതിയെ ബോധ്യപ്പെടുത്തുമെന്നു ബസുടമ തൊഴിലാളി സംയുക്ത സമരസമിതി കൺവീനർ ബിബിൻ ആലപ്പാട്ട് പറഞ്ഞു.

അമിതമായ ടോൾ നിരക്കിൽ പ്രതിഷേധിച്ച് 28 ദിവസം തൃശൂർ-പാലക്കാട്, തൃശൂർ-ഗോവിന്ദാപുരം റൂട്ടിൽ 150 സ്വകാര്യ ബസുകൾ പണിമുടക്കുകയും ബസുടമകളും തൊഴിലാളികളും നിരാഹാരസമരം നടത്തുകയും ചെയ്തിട്ടും കരാർ കമ്പനിയും ദേശീയപാത അതോറിറ്റിയും ചർച്ചയ്ക്കു പോലും തയാറാകാതിരുന്നതോടെ സമരം അവസാനിപ്പിച്ചു കഴിഞ്ഞ നാലാം തീയതി മുതൽ ബസുകൾ ടോൾ നൽകാതെ ഓടിത്തുടങ്ങി. ടോൾ പ്ലാസയിൽ എത്തിയാൽ ബസ് ജീവനക്കാർ ഇറങ്ങി ബാരിയർ ഉയർത്തി ബസ് കടന്നുപോകുകയാണു ചെയ്യുന്നത്. 

വിവിധ സംഘടനകളും രാഷ്ട്രീയ കക്ഷികളും പന്നിയങ്കരയിലെ അമിത ടോളിനെതിരെ പ്രതിഷേധം ശക്തമാക്കിയതോടെ ടോൾ പ്ലാസ അധികൃതർ കോടതിയെ സമീപിച്ചു സംരക്ഷണം ആവശ്യപ്പെടുകയായിരുന്നു. രമ്യ ഹരിദാസ് എംപി, പി.പി.സുമോദ് എംഎൽഎ എന്നിവർ അമിത ടോൾ പിരിവിനെതിരെ നിലപാടെടുത്തതും കമ്പനിക്കു തിരിച്ചടിയായി. പൊലീസിനും ഒന്നും ചെയ്യാൻ കഴിയാതായി. ഇതിനിടെ പ്രദേശവാസികൾക്കു സൗജന്യപാസ് നൽകണമെന്നാവശ്യപ്പെട്ടു വടക്കഞ്ചേരി ജനകീയവേദിയും കോടതിയെ സമീപിക്കാൻ തീരുമാനിച്ചു.

പന്നിയങ്കരയിൽ ടോൾ നിരക്ക് ഇരട്ടി

നിർമാണച്ചെലവിന്റെ മൂന്നിലൊന്ന് കമ്പനിക്ക് തിരികെ കിട്ടിയിട്ടും പന്നിയങ്കരയിൽ ടോൾ നിരക്ക് ഇരട്ടി. വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയുടെ ആകെ പദ്ധതി ചെലവ് 1553 കോടി രൂപയാണ്. ഇതുവരെ ദേശീയപാത അതോറിറ്റി 491 കോടി രൂപ കരാർ കമ്പനിക്ക് നൽകി കഴിഞ്ഞു. ഗ്രാൻഡ് ഇനത്തിൽ 243.99 കോടി രൂപയും ഒത്തുതീർപ്പു കരാർ പ്രകാരം 247.19 കോടി രൂപയും കരാർ കമ്പനിക്ക് ടോൾ പിരിവിനു മുൻപേ ലഭിച്ചു. പൊതുപ്രവർത്തകൻ ഷാജി.ജെ.കോടങ്കണ്ടത്ത് നൽകിയ വിവരാവകാശ രേഖയ്ക്കുള്ള മറുപടിയിലാണ് ഇത് വ്യക്തമായത്. ഇതോടൊപ്പം റോഡ് പണിയുമായി ബന്ധപ്പെട്ട് പാറകളും മണ്ണും വിറ്റതിന്റെയും ലാഭവിഹിതമായി കോടിക്കണക്കിനു രൂപ കരാർ കമ്പനിക്കു ലഭിച്ചിട്ടുണ്ട്. ഇതൊന്നും കണക്കിൽ പറയുന്നുമില്ല. 

2009ൽ ആരംഭിച്ച് 30 മാസം കൊണ്ട് തീർക്കേണ്ട ദേശീയപാതയുടെ പണി 12 വർഷം വൈകിപ്പിച്ചതിന് കമ്പനിക്കെതിരെ 2014ൽ ദേശീയപാത അതോറിറ്റി ടെർമിനേഷൻ നോട്ടിസ് നൽകിയിരുന്നു. എന്നാൽ കരാർ കമ്പനി ആർബിറ്ററേഷൻ കോടതിയിൽ ദേശീയപാത അതോറിറ്റിക്കെതിരെ സ്ഥലം ഏറ്റെടുത്ത് നൽകിയില്ലെന്നാരോപിച്ച് നഷ്ടപരിഹാരത്തിന് കേസ് കൊടുത്തു. തുടർന്ന് അതോറ്റിറ്റിയുമായി ഒത്തുതീർപ്പിലാകുകയും നഷ്ടപരിഹാരം വാങ്ങുകയുമായിരുന്നു കമ്പനി.  കുതിരാൻ തുരങ്ക പാത ഉൾപ്പെട്ടതു കാരണം മറ്റു ടോൾ പിരിവ് കേന്ദ്രങ്ങളേക്കാൾ വൻതുകയാണു പന്നിയങ്കരയിലെ ടോൾ പ്ലാസയിൽ ഈടാക്കുന്നത്. തുരങ്കത്തിന്റെ പണിക്ക് 230,77 കോടി രൂപയാണു ചെലവ്. ടോൾ പിരിവിലൂടെ അഞ്ചിരട്ടിയെങ്കിലും കമ്പനിക്കു ലാഭമുണ്ടാകുന്നമെന്നാണ് കരുതുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com