ADVERTISEMENT

ട്രെയിൻ ഇല്ലാതെ ജീവിക്കാൻ കഴിയാത്തവരുണ്ട്. അവരുടെ ചർച്ചകളും പ്ലാനിങ്ങും, എന്തിന് സ്വപ്നങ്ങൾ പോലും ട്രെയിൻ അടിസ്ഥാനമാക്കിയാകും. അത്തരക്കാർക്കു മാത്രമായൊരു സോഷ്യൽ മീഡിയ തുടങ്ങിയാൽ എങ്ങനെയുണ്ടാകും! റെയിൽവേ പ്രഫഷനലുകളെ ഒറ്റ സമൂഹമാധ്യമം വഴി ഒന്നിപ്പിക്കുക, വൈദഗ്ധ്യവും അറിവും പങ്കിടാൻ  അവസരമൊരുക്കുക, വാർത്തകൾ പങ്കിടുക, രാജ്യാന്തര തലത്തിൽ തൊഴിലവസരങ്ങൾ  കണ്ടെത്താൻ സഹായിക്കുക തുടങ്ങി ധാരാളം കാര്യങ്ങൾക്കായൊരു വൺ-സ്റ്റോപ് ഹബ് ഒരുക്കിയിട്ടുണ്ട് ഒരു മലയാളി.ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാക്കിയ കൊല്ലം സ്വദേശി ദീപു ധർമരാജൻ (46) ആണു റെയിൽവേ സാങ്കേതിക- വ്യവസായ ലോകത്തെ മുഴുവനായി റെയിൽഫാക്‌ടർ എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ ഒരുമിപ്പിച്ചിരിക്കുന്നത്.

ആധുനിക സിഗ്‌നലിങ്ങിലും ഡ്രൈവർലെസ് സാങ്കേതിക വിദ്യയിലും വൈദഗ്‌ധ്യമുള്ള ദീപു ഇന്ത്യ, നെതർലാൻഡ്‌സ്, ഓസ്‌ട്രേലിയ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലായി 22 വർഷമായി പ്രവർത്തിക്കുന്നു.റെയിൽവേ വ്യവസായത്തിന് ലോകമെമ്പാടും 7 ശതമാനത്തിലധികം വളർച്ചാ നിരക്കുണ്ട്. 2030ൽ മൊത്തം മൂല്യം 85,000 കോടി ഡോളറിലെത്തുമെന്നു പ്രതീക്ഷിക്കുന്നു. പുതിയ സാങ്കേതിക വിദ്യകൾക്ക് വിദഗ്ധരെയ‌ും പരിശീലനം ലഭിച്ച സ്റ്റാഫിനെയും ലഭ്യമാക്കാൻ കഴിയാതെ വന്നാൽ മേഖലയുടെ വളർച്ചയെ ബാധിക്കും. 

സമ്പന്നമായ റെയിൽവേ ചരിത്രമുള്ള രാജ്യങ്ങളിൽപോലും വൈദഗ്ധ്യമുള്ള പ്രഫഷനലുകൾക്കും യുവ സാങ്കേതിക വിദഗ്ധർക്കും പലപ്പോഴും ക്ഷാമമുണ്ട്– ദീപു പറയുന്നു. അതിനാൽ ഉന്നത സാങ്കേതിക വിദ്യകളുടെ പങ്കിടലും പരിശീലനവും റിക്രൂട്മെന്റും ആഗോള തലത്തിൽ ആവശ്യമാണ്. ഇതാണ് റെയിൽവേ പ്രഫഷനലുകൾക്കും വ്യവസായങ്ങൾക്കുമായി  റെയിൽ സാങ്കേതിക വിദ്യാഭ്യാസത്തിലൂന്നിയ ആഗോള ഹബ് സൃഷ്ടിക്കാൻ പ്രചോദനമായത്.

ഈ ആഗോള പ്ലാറ്റ്‌ഫോമിന്റെ സവിശേഷതകൾ: 

(i) വ്യക്തികൾക്ക് അവരുടെ കരിയർ വിശദാംശങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള ഓൺലൈൻ പ്രൊഫൈൽ 

(ii) കമ്പനികൾ അവരുടെ ഉൽപന്നങ്ങളും സേവനങ്ങളും ലിസ്റ്റ് ചെയ്യാനും സാങ്കേതിക വിവരണങ്ങൾ / ഡേറ്റ ഷീറ്റ്, ജോലികൾ, പ്രസ് റിലീസ്, ലേഖനങ്ങൾ എന്നിവ പബ്ലിഷ് ചെയ്യുന്നതിനുമുള്ള സൗകര്യം.

(iii)  റെയിൽവേ ഉൽപന്ന വിൽപന

(iv) ഉപയോക്താക്കൾക്ക് റെയിൽ സംബന്ധമായ ലേഖനങ്ങളും വാർത്തകളും വായിക്കാനും എഴുതാനുമുള്ള സൗകര്യം 

(v) പ്രഫഷനലുകളുമായുള്ള ചർച്ച 

(vi)  ഓൺലൈൻ പരിശീലനം 

(vii) ടെൻഡർ ലിസ്റ്റിങ്ങിനും ഓൺലൈൻ സമർപ്പണത്തിനുമുള്ള സൗകര്യം. www.railfactor.com.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com