ADVERTISEMENT

പാലക്കാട് ∙ തൊഴിലുറപ്പു പദ്ധതി ദുർബലപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ ശ്രമം ഉപേക്ഷിക്കണമെന്നു കെഎസ്കെടിയു സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 2021–22 ബജറ്റിൽ പദ്ധതിക്കായി വകയിരുത്തിയതു 1.06 ലക്ഷം കോടി രൂപയായിരുന്നു. ചിലവാകട്ടെ 1.11 ലക്ഷം കോടി രൂപയും. തൊഴിലുറപ്പു തൊഴിലാളികളുടെ എണ്ണം വർഷം തോറും വർധിക്കുന്നതായി ഈ കണക്ക് സൂചിപ്പിക്കുന്നു. എന്നിട്ടും പദ്ധതി വിഹിതം 2022–23 വർഷത്തിൽ 73,000 കോടി രൂപയായി കുറവു വരുത്തി. തൊഴിലുറപ്പു തൊഴിലാളികൾക്കു 15 ദിവസത്തിനുള്ളിൽ വേതനം ലഭ്യമാക്കണമെന്നിരിക്കെ നാലും അ‍ഞ്ചും മാസം കഴിഞ്ഞാണു വിതരണം ചെയ്യുന്നത്. 

ആസ്തികൾ സൃഷ്ടിക്കാനുള്ള മെറ്റീരിയൽ ഫണ്ട് 2021 ഓഗസ്റ്റിനു ശേഷം കേരളത്തിനു നൽകിയിട്ടില്ല. 700 കോടിയിലേറെ രൂപയാണു നൽകാനുള്ളത്. പണി ആയുധങ്ങളുടെ വാടക തൊഴിലാളികൾക്കു നിഷേധിക്കുന്നു. നെല്ല്, ക്ഷീരം, മത്സ്യ കൃഷിക്കാരെ സഹായിക്കാൻ കേരളം മുന്നോട്ടു വച്ച ആവശ്യങ്ങൾ കേന്ദ്രം പരിഗണിക്കുന്നില്ല. സംസ്ഥാനത്തെ അർഹരായ ഭൂരഹിതർക്കു ഭൂമി ലഭ്യമാക്കുക, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ കൈകോർക്കുക, കെ റെയിൽ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുക, വർഗീയതയുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളും മുന്നോട്ടുവച്ചു. 

മന്ത്രി എം.വി.ഗോവിന്ദൻ, സംഘടനയുടെ തമിഴ്നാട് സംസ്ഥാന സെക്രട്ടറി അമൃതലിംഗം, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.ദിവാകരൻ എന്നിവർ പ്രസംഗിച്ചു. സെമിനാർ സ്പീക്കർ എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. കെ.ഇ.എൻ.കുഞ്ഞഹമ്മദ്, ടി.ഡി.രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഇന്നു പ്രതിനിധി സമ്മേളനത്തിൽ ദേശീയ ജനറൽ സെക്രട്ടറി ബി.വെങ്കിട്ട്‌ മുഖ്യ പ്രഭാഷണം നടത്തും. തുടർന്നു ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്. 22നു വൈകിട്ട് 5നു മുഖ്യമന്ത്രി പിണറായി വിജയൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്നു റാലി.

ഇരയെ കുറ്റപ്പെടുത്തുന്ന പ്രവണത ആപത്ത്

പാലക്കാട് ∙ രാജ്യത്ത് സ്ത്രീകൾക്കു നേരെ വർധിച്ചു വരുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് കേരള കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന സമ്മേളനം. ‘മീ ടൂ’ ക്യാംപെയ്നിലൂടെ സിനിമ, മാധ്യമ രംഗത്ത് അനുഭവിച്ച അതിക്രമങ്ങൾ സ്ത്രീകൾ തുറന്നുകാട്ടിയപ്പോൾ അതിനെ പരിഹസിക്കുന്നവരുണ്ടായി. കുറ്റവാളികളെക്കാൾ ഇരയെ കുറ്റപ്പെടുത്തുന്ന പ്രവണത സമൂഹത്തിന് ആപത്താണ്. പുരുഷാധിപത്യത്തിന്റെ ഇത്തരം പ്രവണതകളെ വെല്ലുവിളിക്കാൻ മുന്നോട്ടു വന്ന വനിതകളെ സമ്മേളനം അഭിനന്ദിച്ചു. ഭയാനകമായ രീതിയിലാണ് സ്ത്രീകളും പെൺകുട്ടികളും അക്രമത്തിനും ദുരുപയോഗത്തിനും വിധേയരാകുന്നത്. അക്രമികളെ കേന്ദ്ര സർക്കാർ സംരക്ഷിക്കുകയാണ്. ദേശീയ വനിതാ കമ്മിഷൻ പുറത്തുവിട്ട കണക്ക് പ്രകാരം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ 46 ശതമാനം വർധിച്ചു. 

രാജ്യത്ത് പ്രതിദിനം 10 ദലിത് സ്ത്രീകൾ പീഡനത്തിനിരയാകുന്നതായി നാഷനൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. ഭരണഘടനയ്ക്കു പകരം മനുസ്മൃതി വയ്ക്കാൻ ശ്രമിക്കുന്ന വർഗീയ ശക്തികൾ ആൾക്കൂട്ട കൊലപാതകങ്ങളും ദുരഭിമാനഹത്യകളുമൊക്കെ നടത്തിയിട്ടും അവരെ സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. സവർണർ നടപ്പാക്കുന്ന ക്രൂരകൊലപാതകങ്ങൾ ഇപ്പോഴും നടക്കുന്നു. പീഡനത്തിനിരയാകുന്നവർക്ക് ആശ്വാസമേകുന്ന കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും നിർഭയ ഫണ്ട് വർധിപ്പിക്കുമെന്നും പറഞ്ഞ ബിജെപി സർക്കാർ സമൂഹത്തെ വഞ്ചിക്കുകയാണെന്നും സമ്മേളനം കുറ്റപ്പെടുത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com