ADVERTISEMENT

പാലക്കാട് ∙ മുട്ടിക്കുളങ്ങര പൊലീസ് ക്യാംപും ജില്ലാ പൊലീസ് സേനയും നാടും ഇന്നലെ ആകെ ഷോക്കിലായിരുന്നു. ക്യാംപിൽനിന്നു 2 പൊലീസ് ഉദ്യോഗസ്ഥരെ കാണാതായതിനെത്തുടർന്നു തിരച്ചിൽ നടത്തുമ്പോഴും എല്ലാവരും പ്രതീക്ഷയിലായിരുന്നു. അതിവിശാലമായ ക്യാംപ് വളപ്പിലോ ക്വാ‍ർട്ടേഴ്സ് പരിസരത്തോ ഇവരുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. ഇതേത്തുടർന്ന് ക്യാംപിലെ വാഹനങ്ങളിലടക്കം സേനാംഗങ്ങൾ പരിശോധന നടത്തി. ബുധനാഴ്ച രാത്രി 11 വരെ കൂട്ടുകാരോടൊത്തു ഷട്ടിൽ കളിച്ച് ഇരുവരും ക്യാംപ് പരിസരത്തുണ്ടായിരുന്നു.

മരിച്ച എം. അശോക് കുമാറിന് എലവഞ്ചേരി കുമ്പളക്കോട് കുഞ്ഞുവീട്ടിൽ പൊലീസ് അന്തിമോപചാരം അർപ്പിക്കുന്നു.
മരിച്ച എം. അശോക് കുമാറിന് എലവഞ്ചേരി കുമ്പളക്കോട് കുഞ്ഞുവീട്ടിൽ പൊലീസ് അന്തിമോപചാരം അർപ്പിക്കുന്നു.

പിന്നീടാണ് ഇരുവരെയും കാണാതായത്. രാത്രി തിരിച്ചെത്താതായതോടെ കുടുംബം അറിയിച്ചതനുസരിച്ച് സേനാംഗങ്ങൾ പരിസരത്തു പരിശോധന നടത്തിയിരുന്നു. ഇന്നലെ രാവിലെയും ഇവർ തിരിച്ചെത്താതായതോടെ ആശങ്ക വർധിച്ചു. തുടർന്നു ക്യാംപിനു പുറത്തേക്കും സമീപത്തെ പാടത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഇതിനിടെയാണ് ഇരുവരും പാടത്തു മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. ഇതോടെ കെഎപി ക്യാംപ് ദുഃഖത്തിന്റെ പിടിയിലമർന്നു. മന്ത്രി എം.വി.ഗോവിന്ദൻ ജില്ലാ ആശുപത്രിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു. 

മോഹൻദാസിന്റെ മൃതദേഹം മുട്ടിക്കുളങ്ങര കെഎപി 2 ബറ്റാലിയൻ ക്യാപിൽ എത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന ഭാര്യ സിൻഷ.
മോഹൻദാസിന്റെ മൃതദേഹം മുട്ടിക്കുളങ്ങര കെഎപി 2 ബറ്റാലിയൻ ക്യാപിൽ എത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന ഭാര്യ സിൻഷ.

മരണത്തിലും ഒരുമിച്ച്

അശോക്‌കുമാറും മോഹൻദാസും ഉറ്റസുഹൃത്തുക്കളാണ്. പരിശീലനവും ഒരുമിച്ചാണ്. ആ സുഹൃത്തുക്കളെ മരണം തട്ടിയെടുത്തതും ഒരുമിച്ച്. സഹപ്രവർത്തകർക്ക് ഇരുവരുടെയും വിയോഗം താങ്ങാനാവുന്നില്ല.

ചുറ്റും വലിയ മതിൽ

ഏക്കറുകണക്കിനു സ്ഥലത്തു വ്യാപിച്ചു കിടക്കുന്ന കെഎപി 2 ബറ്റാലിയൻ ക്യാംപിനു ചുറ്റും വലിയ മതിൽ കെട്ടിയിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായാണ് ഇത്തരത്തിൽ മതിൽ നിർമിച്ചിട്ടുള്ളത്. ഈ മതിൽ കടന്നു വേണം പി‍ൻവശത്തെ പാടശേഖരത്തിലേക്കിറങ്ങാ‍ൻ. അല്ലെങ്കിൽ ചുറ്റിവളഞ്ഞു വേണം എത്താൻ. ഇന്നലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം ദുരന്ത സ്ഥലത്ത് എത്തിയതും മതിൽ ചാടിക്കടന്നാണ്.  

മീൻപിടിത്തം

ദിവസങ്ങളായി ലഭിക്കുന്ന വേനൽമഴയിൽ പാടത്ത് വെള്ളം പരന്നിട്ടുണ്ട്. സമീപത്ത് കുളവുമുണ്ട്. വേനൽമഴയിൽ മീൻപിടിക്കാനായാണ് ഇരുവരും രാത്രി പാടത്തേക്കിറങ്ങിയതെന്നാണു നിഗമനം. പ്രദേശത്ത് ഇത്തരത്തിൽ മീൻപിടിക്കുന്ന പതിവുണ്ട്. പൊലീസ് ഉദ്യോഗസ്ഥരും ചിലപ്പോൾ മീൻപിടിക്കാൻ ഇറങ്ങാറുണ്ട്. 

ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ്, മുട്ടിക്കുളങ്ങര കെഎപി 2  ബറ്റാലിയൻ കമൻഡാന്റ് അജിത്കുമാർ എന്നിവരുടെ  നേതൃത്വത്തിൽ സംഭവസ്ഥലം പരിശോധിക്കുന്നു
ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ്, മുട്ടിക്കുളങ്ങര കെഎപി 2 ബറ്റാലിയൻ കമൻഡാന്റ് അജിത്കുമാർ എന്നിവരുടെ നേതൃത്വത്തിൽ സംഭവസ്ഥലം പരിശോധിക്കുന്നു

തെളിവു നശിപ്പിക്കാൻ മൃതദേഹങ്ങൾ പാടത്ത്

ക്യാംപിന്റെ വലിയ മതിൽക്കെട്ടിൽനിന്ന് 200 മീറ്റർ മാറിയാണു മൃതദേഹം കിടന്നത്. ആദ്യ മൃതദേഹത്തി‍ൽനിന്ന് 60 മീറ്റർ അകലെയായിരുന്നു അടുത്ത മൃതദേഹം. ഷോക്കേറ്റ് ഇത്രയും ദൂരം തെറിച്ചുവീഴാനുള്ള സാധ്യതയില്ല. 50 മീറ്റർ പരിധിയിൽ വൈദ്യുതിപോസ്റ്റും ഇല്ല. മൃതദേഹം കിടന്നിടത്ത് ഷോക്കേറ്റതിന്റെ തെളിവുകളുമില്ല. ഈ സാഹചര്യത്തിൽ മറ്റെവിടെയെങ്കിലും ഷോക്കേറ്റു മരിച്ചുവീണ ഇവരുടെ മൃതദേഹം പാടത്ത് ഇട്ടതാകാമെന്ന നിഗമനത്തിൽ രാവിലെ തന്നെ അന്വേഷണം തുടങ്ങി. പ്രദേശത്ത് കാട്ടുപന്നി, മുയൽ എന്നിവയെ പിടിക്കാൻ ഇരുമ്പു ലൈൻ സ്ഥാപിച്ചു വൈദ്യുതി കടത്തിവിടുന്നതിന്റെ ചില സൂചനകളും പൊലീസിനു ലഭിച്ചു. ഇതു കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com