അബ്കാരി കേസിലെ ലേ‍ാറി വിട്ടുകെ‍ാടുക്കാൻ ഒന്നര ലക്ഷം വാങ്ങി; കേസ് വിജിലൻസിന്

SHARE

പാലക്കാട് ∙ അബ്കാരി കേസിൽ പിടികൂടിയ ലേ‍ാറി വിട്ടുകെ‍ാടുക്കാൻ ഒന്നരലക്ഷം രൂപ കൈക്കൂലി വാങ്ങിയ പരാതി വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറേ‍ായുടെ അന്വേഷണത്തിനു വിട്ടു. പാലക്കാട് എക്സൈസ് ഡിവിഷൻ ഒ‍ാഫിസിലെ ഒരു പ്രധാന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ നടന്ന വിവാദ വാഹനക്കൈമാറ്റത്തിന് കൃത്രിമ രേഖയുണ്ടാക്കിയെന്ന ആരേ‍ാപണവും ഉയർന്നിട്ടുണ്ട്. കഴിഞ്ഞദിവസം പാലക്കാട് നഗരത്തിൽവച്ച് കള്ളുഷാപ്പ് പെർമിറ്റിനുള്ള കൈക്കൂലി വിജിലൻസ് പിടികൂടിയ സംഭവത്തിന്റെ റിപ്പേ‍ാർട്ടിലും ഇദ്ദേഹത്തിന്റെ പേരുള്ളതായാണു സൂചന. എക്സൈസ് വിജിലൻസ് എസ്പിയുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണു വാഹന ഇടപാടു സംബന്ധിച്ച തുടരന്വേഷണം എക്സൈസ് കമ്മിഷണർ എസ്.ആനന്ദകൃഷ്ണൻ വിജിലൻസിനു കൈമാറിയത്. 

2019 ഡിസംബറിലാണു കേസിനാസ്പദമായ സംഭവം. സിമന്റ് ഇറക്കിയശേഷം കണ്ണൂർ ഭാഗത്തുനിന്നു പാലക്കാട്ടേക്കു വരികയായിരുന്ന ലേ‍ാറിയിൽ മാഹിയിൽനിന്നു കയറ്റിയ 40 കുപ്പി വിദേശമദ്യം പറളി റേഞ്ചിൽവച്ച് എക്സൈസ് പിടികൂടി. ഡ്രൈവറെയും സഹായിയെയും അറസ്റ്റ് ചെയ്തു. കേസ് അന്വേഷിച്ച ഉദ്യേ‍ാഗസ്ഥൻ മദ്യ ഇടപാടിൽ വഹന ഉടമയ്ക്കു പങ്കില്ലെന്ന് റിപ്പേ‍ാർട്ടു നൽകി. തദ്ദേശ തിരഞ്ഞെടുപ്പിൽ കച്ചവടം നടത്താൻ ലക്ഷ്യമിട്ടാണ് ഡ്രൈവറും സഹായിയും നിയമവിരുദ്ധമായി മദ്യമെത്തിച്ചതെന്നാണു കണ്ടെത്തൽ.ഡിവിഷൻ ഒ‍ാഫിസിന്റെ റിപ്പേ‍ാർട്ട് വിശ്വാസത്തിലെടുത്ത് ലേ‍ാറി വിട്ടുകെ‍ാടുക്കാൻ കമ്മിഷണർ അനുമതി നൽകി. ഉടമയ്ക്കെതിരെ തെളിവില്ലെങ്കിൽ നിരുപാധികം വാഹനം വിട്ടുകെ‍ാടുക്കണമെന്നാണു വ്യവസ്ഥ. 

എന്നാൽ, നടപടികൾക്കായി വാഹന ഉടമയുടേതായി കാണിച്ച എഗ്രിമെന്റ്, അദ്ദേഹത്തിന്റെ പേരിൽ വ്യാജമായി ഉണ്ടാക്കിയതാണെന്നു പിന്നീട് ആരേ‍ാപണമുണ്ടായി. ലേ‍ാറി വിട്ടുകെ‍ാടുക്കാൻ ഉടമയിൽ നിന്ന് ഒ‍ാഫിസർ ഒന്നരലക്ഷം രൂപ കൈപ്പറ്റിയെന്നു കാണിച്ചു ലഭിച്ച പരാതിയിൽ വകുപ്പ് വിജിലൻസ് സിഐയും എസ്പിയും അന്വേഷണം നടത്തി, പരാതിയിൽ വസ്തുതകളുണ്ടെന്നു റിപ്പേ‍ാർട്ട് ചെയ്തതായാണു സൂചന.പണമിടപാട് നടന്നുവെന്നു പറയുന്ന ദിവസം ഒ‍ാഫിസറും ഡ്രൈവറും തമ്മിൽ നടന്ന ഫേ‍ാൺ സംഭാഷണത്തിന്റെയും മറ്റു നീക്കങ്ങളുടെയും തെളിവുകളും വകുപ്പ് അന്വേഷണ ഉദ്യേ‍ാഗസ്ഥർക്കു ലഭിച്ചതായാണു വിവരം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA