ADVERTISEMENT

കഞ്ചിക്കോട് ∙ വനയോര മേഖലയെ ഭീതിയിലാക്കിയ കാട്ടാനക്കൂട്ടത്തിലെ, ഒന്നര മാസം പ്രായമുള്ള കുട്ടിക്കൊമ്പൻ ഐഐടി ക്യാംപസിനു സമീപത്തെ കാട കനാലിൽ വീണു ചെരിഞ്ഞു. കൂട്ടം തെറ്റി കുഴിയിൽ വീണു കിടന്ന കുട്ടിക്കൊമ്പനെ ഐഐടി ക്യാംപസിൽ ജോലിക്കെത്തിയ അതിഥിത്തൊഴിലാളികൾ ഇന്നലെ പുലർച്ചെയാണു കണ്ടെത്തിയത്.17 ആനകളുള്ള കൂട്ടത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ആനയാണു ചരിഞ്ഞത്. പ്രദേശത്ത് ആനക്കൂട്ടം നിലയുറപ്പിച്ചതോടെ പന്നിമടയും ഐഐടി ക്യാംപസ് പരിസരവും മണിക്കൂറോളം പരിഭ്രാന്തിയിലായി. ഐഐടി അധികൃതർ വിവരമറിയിച്ചതിനെ തുടർന്നു പുതുശ്ശേരി സൗത്ത് സെക്‌ഷൻ ഓഫിസർ വി.സുരേഷിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി. ആനക്കൂട്ടത്തെ വിരട്ടി ഓടിച്ച ശേഷം കുട്ടിയാനയുടെ ജ‍‍‍‍ഡം വാഹനത്തിൽ കയറ്റി വാളയാർ നടുപ്പതി ഊരിലെത്തിച്ചു. തൃശൂരിൽ നിന്നുള്ള വെറ്ററിനറി സർജൻ ഡോ.എ.ഡേവിഡ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം പോസ്റ്റ്മോർട്ടം നടത്തി.

കുഴിയിൽ വീണപ്പോൾ മസ്തിഷ്കത്തിന് പരുക്കേറ്റതാണു മരണകാരണമെന്നും ആന്തരാവയവങ്ങൾക്കു ക്ഷതമേറ്റിരുന്നെന്നും ഡോക്ടർമാർ അറിയിച്ചു. വാളയാർ റേഞ്ച് ഓഫിസർ ആഷിക്ക് അലി, സെക്‌ഷൻ ഫോറസ്റ്റർ വി.സുരേഷ് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പോസ്റ്റ്മോർട്ടം നടപടികൾ. ഉച്ചയോടെ നടുപ്പതി ഊരിൽ ആനയുടെ ജഡം സംസ്കരിച്ചു.അതിനിടെ കുട്ടിയാനയെ മാറ്റിയിട്ടും കാട്ടാനക്കൂട്ടം വീണ്ടും ഇതേ പ്രദേശത്തു നിലയുറപ്പിച്ചു. വനംവകുപ്പ് ജീവനക്കാർ പടക്കം എറിഞ്ഞും പന്തം കാണിച്ചുമാണ് ഇവയെ ഉൾവനത്തിലേക്കു കയറ്റിയത്. കുട്ടിയാനയെ തിരക്കി ആനക്കൂട്ടം ഐഐടി ക്യാംപസിനു സമീപത്തേക്കും നീങ്ങിയെങ്കിലും കൂടുതൽ വാച്ചർമാരെയും ഉദ്യോഗസ്ഥരെയും എത്തിച്ചു വൈകിട്ടോടെ ഇവയെ കാടു കയറ്റി. കഴിഞ്ഞ വർഷം നവംബറിലും ഇതേ ആനക്കൂട്ടം ഐഐടി ക്യാംപസിലെ നിർമാണ മേഖലയിലെത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com