25 വർഷം മുൻപു യുവതി ആത്മഹത്യ ചെയ്ത കേസ്: സുപ്രീം കോടതി അപ്പീൽ തള്ളി; ഭർത്താവ് കീഴടങ്ങി

jail
SHARE

ഒറ്റപ്പാലം ∙ കാൽനൂറ്റാണ്ടു മുൻപു യുവതി ആത്മഹത്യ ചെയ്ത കേസിൽ പ്രതി ചേർക്കപ്പെട്ട ഭർത്താവ് സുപ്രീം കോടതി അപ്പീൽ തള്ളിയതിനു പിന്നാലെ കോടതിയിൽ കീഴടങ്ങി. വിമുക്തഭടൻ മങ്കര മഞ്ഞക്കരയിൽ സുരേന്ദ്രനാണ്(55) ഒറ്റപ്പാലം അസിസ്റ്റന്റ് സെഷൻസ് കോടതിയിൽ ഹാജരായത്. ഒരു വർഷം കഠിനതടവിനു ശിക്ഷിച്ച ഇയാളെ കണ്ണൂർ സെൻട്രൽ ജയിലിലേക്കു മാറ്റിയതായി പൊലീസ് ഇൻസ്പെക്ടർ വി.ബാബുരാജൻ അറിയിച്ചു.

1996 ഒക്ടോബർ 21നാണു സുരേന്ദ്രന്റെ ഭാര്യ പത്തിരിപ്പാല പുത്തൻപുരയിൽ അജിതയെ(ബിന്ദു-20) സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധന പീഡനത്തെത്തുടർന്നുള്ള ആത്മഹത്യ, ക്രൂരത എന്നീ വകുപ്പുകൾ ചുമത്തിയ കേസിൽ ഭർത്താവും ഭർതൃമാതാപിതാക്കളും ഭർത്താവിന്റെ 2 സഹോദരങ്ങളുമായിരുന്നു പ്രതികൾ. ഭർതൃപിതാവ് വിചാരണഘട്ടത്തിൽ‍ മരിച്ചു. ഭർത്താവിനെയും ഭർതൃമാതാവിനെയും ശിക്ഷിച്ച സെഷൻസ് കോടതി സഹോദരങ്ങളായ 2 പേരെ വിട്ടയച്ചു. സുരേന്ദ്രനും അമ്മയും അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു.

കേസിൽ സ്ത്രീധന പീഡനം സംബന്ധിച്ച വകുപ്പ് ഒഴിവാക്കിയ ഹൈക്കോടതി ഭർതൃമാതാവിന്റെ ശിക്ഷ ഒരു മാസമാക്കി.അതേസമയം, ക്രൂരതയ്ക്ക് ഇരയാക്കിയെന്ന വകുപ്പ് നിലനിർത്തി ഭർത്താവിന്റെ തടവു ശിക്ഷ ശരിവച്ചു. ഹൈക്കോടതി വിധി ചോദ്യംചെയ്താണു സുരേന്ദ്രൻ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചത്.ക്രൂരത സംബന്ധിച്ച വകുപ്പു തെളിയിക്കാൻ ഭാര്യയുടെ മരണമൊഴി പരിഗണിക്കാമെന്നു വ്യക്തമാക്കിയാണു സുപ്രീം കോടതി സുരേന്ദ്രന്റെ ശിക്ഷ ശരിവച്ചത്. ജാമ്യത്തിലായിരുന്ന സുരേന്ദ്രൻ 7 ദിവസത്തിനകം ഹാജരാകണമെന്ന വിധിക്കു പിന്നാലെയായിരുന്നു  കീഴടങ്ങൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫെമിനിസവും കമ്യൂണിസവും പറയുന്നത് സ്നേഹത്തെക്കുറിച്ച് | Shine Nigam | Ullasam Movie

MORE VIDEOS
FROM ONMANORAMA