ഒറ്റപ്പാലം ∙ പച്ചക്കറി വില കുതിച്ചുയരുന്നതിനിടയിലും വിളവെടുത്ത ടൺ കണക്കിനു കുമ്പളനും മത്തനും വിറ്റഴിക്കാൻ വിപണിയില്ലാതെ സഹോദരങ്ങളായ കർഷകർ ബുദ്ധിമുട്ടുന്നു. സൗത്ത് പനമണ്ണ മല്ലിപ്പറമ്പിൽ ജയരാജൻ, സഹോദരൻ കനകരാജൻ എന്നിവർക്കാണ് ഹോർട്ടികോർപ് പോലും മതിയായ പരിഗണന നൽകാത്തത്. ഇവരുടെ വീട്ടിലെ സംഭരണ കേന്ദ്രത്തിൽ 4 ടൺ കുമ്പളനും ഒന്നര ടൺ മത്തനുമാണു കെട്ടിക്കിടക്കുന്നത്. രണ്ടും ചേർത്ത് 2 ടണ്ണോളം ഇനിയും കൃഷിയിടത്തിൽ നിന്നു വിളവെടുക്കാനുമുണ്ട്. പൊതുവിപണിയിൽ പച്ചക്കറിക്കു തീവിലയാണെങ്കിലും നഗരത്തിലെ മൊത്തവ്യാപാര കേന്ദ്രത്തിൽ കുമ്പളനും മത്തനും വിറ്റാൽ കിലോയ്ക്ക് 5 രൂപ പോലും ലഭിക്കുന്നില്ലെന്നാണു പരാതി.
ഒരാഴ്ച മുൻപു രണ്ടും ചേർത്ത് ഒരു ടണ്ണോളം സംഭരിച്ച ഹോർട്ടികോർപ് പിന്നീട് കർഷകരെ അവഗണിച്ചെന്നാണ് ആക്ഷേപം. ഇനി കുറച്ച് മത്തൻ മാത്രം ഏറ്റെടുക്കാമെന്നാണ് ഹോർട്ടികോർപ്പിന്റെ നിലപാടെന്നും കർഷകർ പറയുന്നു. ഇനിയും വിപണി കണ്ടെത്താനായില്ലെങ്കിൽ പച്ചക്കറികൾ ചീഞ്ഞു നശിക്കുമെന്നാണ് ആശങ്ക. പനമണ്ണയിൽ കർഷക കൂട്ടായ്മ വിളയിച്ച 6 ടണ്ണോളം പച്ചക്കറി വിപണിയില്ലാതെ കെട്ടിക്കിടന്നിരുന്നതു കഴിഞ്ഞയാഴ്ച ‘മനോരമ’ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെ ഇവ 2 ഘട്ടങ്ങളിലായി ഹോർട്ടികോർപ് ഏറ്റെടുത്തു.