ADVERTISEMENT

മുതലമട∙ മംഗലം - ഗോവിന്ദാപുരം സംസ്ഥാന പാതയിൽ മീങ്കരയിൽ പാമ്പിനെ കണ്ടു വെട്ടിച്ചു നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ടു പേർ മരിച്ചു. പാപ്പാൻചള്ളയിൽ കുഞ്ഞുക്കുട്ടന്റെ മകൻ ദിവാകരൻ (56), മീങ്കരയിൽ കൃഷി ചെയ്യുന്ന തൊടുപുഴ മണക്കാട് ‘രാധാരാമ’ത്തിൽ ആർ.വിജയകുമാർ (49) എന്നിവരാണു മരിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെ മുതലമട കിഴക്ക് ക്ഷീരസഹകരണ സംഘത്തിനു സമീപമായിരുന്നു അപകടം. മധുരയിൽ നിന്നു ഗുരുവായൂരിലേക്കു പോകുകയായിരുന്ന സംഘം സഞ്ചരിച്ച കാറിനു മുന്നിൽ പാമ്പിനെ കണ്ടതിനെത്തുടർന്ന് ഡ്രൈവർ വെട്ടിച്ചതോടെ നിയന്ത്രണം വിട്ട് എതിരെ വന്ന സ്കൂട്ടറിലിടിക്കുകയായിരുന്നു. 

ഗുരുതരമായി പരുക്കേറ്റ വിജയകുമാറിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ദിവാകരനെ പരുക്കുകളോടെ ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി എട്ടു മണിയോടെ മരിച്ചു. നിസ്സാര പരുക്കേറ്റ കാർ യാത്രക്കാർ കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

സംഭവത്തിൽ കൊല്ലങ്കോട് പൊലീസ് കേസെടുത്തു. 12 വർഷമായി മീങ്കര പാറമേട്ടിൽ ജൈവകൃഷി ചെയ്യുകയാണു വിജയകുമാർ. അവിവാഹിതനാണ്. പിതാവ്: പരേതനായ രാമവാരിയർ. ദിവാകരൻ കർഷകനാണ്. ഭാര്യ: ലത. മക്കൾ: അശ്വതി, അശ്വനി. വിജയകുമാറിന്റെ അമ്മ: രാധാദേവി. സഹോദരങ്ങൾ: ജയകുമാർ, സിന്ധു. ദിവാകരന്റെ മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും വിജയകുമാറിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലുമാണുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com