ADVERTISEMENT

ചെർപ്പുളശ്ശേരി ∙ പെട്ടെന്നൊരു ദിവസം പുലി ഇറങ്ങിയെന്നു കേട്ടാൽ നാടിന്റെ അവസ്ഥ എന്താവും?. അതാണിപ്പോൾ മാരായമംഗലം മുതൽ മപ്പാട്ടുകര വരെയുള്ള നാട്ടുകാരുടെ അവസ്ഥ. പുലിപ്പേടിയിൽ വിറങ്ങലിച്ച് നടുങ്ങിത്തരിച്ചിരിക്കുകയാണ് പ്രദേശവാസികൾ. മാരായമംഗലം-പുറമത്ര റോഡിൽ പുലി ഇറങ്ങിയിട്ടുണ്ടെന്നും സൂക്ഷിക്കണമെന്നുമുള്ള ശബ്ദ സന്ദേശം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതു മുതൽ വല്ലാത്തൊരവസ്ഥയിലാണ് മാരായമംഗലം, പുറമത്ര, മപ്പാട്ടുകര എന്നിവിടങ്ങളിലെയും പരിസരങ്ങളിലും ഉള്ള നാട്ടുകാർ.

ഇന്നലെ രാവിലെയാണ് ശബ്ദസന്ദേശം പ്രചരിക്കാൻ തുടങ്ങിയത്. ഞായറാഴ്ച രാത്രി 7.30-ഓടെ മാരായമംഗലത്തുള്ള ടർഫ് മൈതാനിയിൽ കളിക്കാൻ പോയ രണ്ടു യുവാക്കൾ മാരായമംഗലം-പുറമത്ര റോഡരികിൽ കുറ്റിക്കാട്ടിൽ നിൽക്കുന്ന പുലിയെ കണ്ടെന്നും പ്രദേശവാസികൾ സൂക്ഷിക്കണമെന്നും പറഞ്ഞ് ഇവരുടെ സുഹൃത്തിന് ശബ്ദസന്ദേശം അയച്ചത്. ആ സന്ദേശം ഇന്നലെ രാവിലെ മുതൽ പ്രചരിക്കാൻ തുടങ്ങി. ഈ വഴി യാത്ര ചെയ്ത ഒരു കുടുംബവും പുലിയെ കണ്ടെന്നുള്ള സംശയം ആവർത്തിച്ചതോടെ ആളുകൾ ജാഗ്രതയിലായി.

ഇതിനിടെ കുലുക്കല്ലൂർ പഞ്ചായത്ത് പ്രസിഡന്റ്  വി.രമണി വിവരം ചെർപ്പുളശ്ശേരി പൊലീസിനെയും അറിയിച്ചു.പുലിയെ കണ്ടതായുള്ള അഭ്യൂഹം മൂലം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇക്കാര്യം വനംവകുപ്പിനെ അറിയിച്ചതായും എസ്ഐ എം.സുനിൽ അറിയിച്ചു. അതേ സമയം, പുലിയെ കണ്ടെന്നുള്ള പ്രചാരണം ശരിയാണോയെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നും പുലി ഇറങ്ങിയിട്ടുണ്ടെങ്കിൽ അതിനെ കണ്ടുപിടിക്കാനാവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കുമെന്നും കുളപ്പുള്ളി സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ കെ.രവീന്ദ്രനാഥ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com