പ്രവേശനോത്സവത്തിന് ഒരുങ്ങി സ്കൂൾ വിപണി; സജീവം, വില അൽപം കൂടുതൽ

പാലക്കാട് നഗരത്തിലെ സ്കൂൾ വിപണിയിൽ നിന്ന്. ചിത്രം: മനോരമ
പാലക്കാട് നഗരത്തിലെ സ്കൂൾ വിപണിയിൽ നിന്ന്. ചിത്രം: മനോരമ
SHARE

പാലക്കാട്∙ സ്കൂൾ പ്രവേശനോത്സവത്തിന് ഇക്കുറി ആവേശം കുറച്ചു കൂടും. കോവിഡ് ഭീഷണിയില്ലാതെ സ്കൂളുകൾ തിരിച്ചു വരുന്നതിന്റെ പ്രതീക്ഷയിലാണ് അധ്യാപകരും വിദ്യാർഥികളും. സ്കൂൾ വിപണിയും പൂർണ തോതിൽ ‘പ്രവേശനോത്സവത്തിന്’ ഒരുങ്ങിക്കഴിഞ്ഞു.

കഴിഞ്ഞ രണ്ടു വർഷവും കോവി‍ഡ് കാരണം സ്കൂളുകൾ തുറക്കാതിരുന്നതിനാൽ കാര്യമായ കച്ചവടം നടന്നിരുന്നില്ല. പല വ്യാപാരികളും പുതിയ സ്റ്റോക്കും എത്തിച്ചിരുന്നില്ല. എന്നാൽ ഇപ്രാവശ്യം വിപണി പരമാവധി സജീവമാക്കാനുള്ള തയാറെടുപ്പിലാണ് വ്യാപാരികൾ. സ്കൂൾ തുറക്കാൻ ഇനി ഏതാനും ആഴ്ചകൾ മാത്രമാണ് ബാക്കിയുള്ളത്. വിപണിയിലെ വിശേഷങ്ങൾ എന്തൊക്കെയെന്നു നോക്കാം.

മഴ നേരത്തെ,കുട തന്നെ ഹീറോ!

സ്കൂൾ വിപണികളിലെ എക്കാലത്തെയും പ്രധാന ‘താരങ്ങളിൽ’ ഒന്നാണ് കുടകൾ. കുട്ടികൾക്കായി നിർമിക്കുന്ന കുടകളിലെ വൈവിധ്യമാണ് അവയെ വേറിട്ടു നിർത്തുന്നത്. പലതരം വർണങ്ങളും പ്രിന്റഡ് ചിത്രങ്ങളുമുള്ള കുടകൾക്കാണ് ഡിമാൻഡ്. അവഞ്ചേഴ്സ്, പ്രിൻസസ്, സിൻഡ്രല്ല, സ്പൈഡർമാൻ, സൂപ്പർമാൻ തുടങ്ങി വിവിധ തരം സൂപ്പർ ഹീറോകളുടെ ചിത്രങ്ങളും അവയുടെ പൂർണ നിറങ്ങളുമുള്ള കുടകൾക്കാണ് കൂടുതൽ ആവശ്യക്കാരെന്ന് വ്യാപാരികൾ പറഞ്ഞു.

വെള്ളം ചീറ്റുന്ന കുടയും, കുടയുടെ പിടിക്കു താഴെ പമ്പരം ഘടിപ്പിച്ചവയുമെല്ലാം ഇപ്പോഴും വിപണികളിലെ സൂപ്പർ താരങ്ങളാണ്. 150 രൂപ മുതൽ മുകളിലേക്കാണ് ഇത്തരം കുടകളുടെ വില. വിസിൽ ഉള്ള കുടകളും കുട്ടികൾ ചോദിച്ചു വാങ്ങുന്നു. കുട നിവർത്തുമ്പോൾ ഉയർന്നു നിൽക്കുന്ന ചെവി ഉള്ളവയും മറ്റു രൂപങ്ങളുള്ളവയുമെല്ലാം വിപണികളിൽ ലഭ്യമാണ്. മഴക്കോട്ടുകൾക്കും ആവശ്യക്കാരേറെയാണ്. വിവിധ നിറങ്ങളിലുള്ള മഴക്കോട്ടുകൾ വിപണികളിൽ ലഭ്യമാണ്. ഇവയ്ക്കു 250 രൂപ മുതൽ വില ആരംഭിക്കുന്നു.

വിപണി സജീവം, വില അൽപം കൂടുതൽ

ബാഗ്, നോട്ട് ബുക്കുകൾ, പെൻസിൽ ബോക്സ്, ഗിഫ്റ്റ് ബോക്സ് എന്നിവയ്ക്കെല്ലാം മുൻകാലങ്ങളെ അപേക്ഷിച്ച് വില അൽപം ഉയർന്നതായി വ്യാപാരികൾ പറയുന്നു. ബാഗ് ഒഴികെയുള്ള വസ്തുക്കൾക്കാണ് ആവശ്യക്കാർ കൂടുതലുള്ളത്. സൂപ്പർ ഹീറോ ചിത്രങ്ങൾ പതിച്ചതും തുറക്കുമ്പോൾ ലൈറ്റ് കത്തുന്നതുമായ പെൻസിൽ ബോക്സുകളോടാണ് കുട്ടികൾക്ക് പ്രിയം. 50 രൂപ മുതലാണ് ഇവയുടെ വില. സ്റ്റീൽ കുപ്പികൾക്കാണ് ആവശ്യക്കാരുള്ളത്. പ്ലാസ്റ്റിക് കുപ്പികളെയപേക്ഷിച്ച് ഇവയ്ക്ക് വില കൂടുതലാണ്.

ബാഗുകൾ 200 രൂപ മുതൽ ലഭ്യമാണ്. സ്റ്റീൽ പാത്രങ്ങൾക്ക് തന്നെയാണ് ആവശ്യക്കാരുള്ളത്. നോട്ട് ബുക്കുകൾക്കും ചെരിപ്പിനും വില വർധിച്ചിട്ടുണ്ട്. പേപ്പർ ലഭ്യത കുറഞ്ഞതോടെ ചെറുകിട ഉൽപാദന കേന്ദ്രങ്ങൾ പൂട്ടിയതും നോട്ടുബുക്കുകളുടെ വിലക്കയറ്റത്തിനിടയാക്കി. വിവിധ സ്കൂളുകളിൽ യൂണിഫോം വിതരണവും മറ്റും നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA