ADVERTISEMENT

പാലക്കാട്∙അടുക്കളയിൽ മാത്രമല്ല തീ,  കുടുംബങ്ങളുടെ നെഞ്ചിലും തീയാണ്. പച്ചക്കറി, അരി, പലവ്യഞ്ജനം തുടങ്ങിയവയ്ക്കെല്ലാം ഓരോ ദിവസവും വിലമാറിമറിയുന്നു. ഓരോ ഇനത്തിനും കഴിഞ്ഞ ആഴ്ചയേക്കാൾ ശരാശരി 10 രൂപ വരെ വർധിച്ചു. ഇവ ചെറുകിടവിൽപനക്കാരിലെത്തുമ്പേ‍ാൾ ഒരേ‍ാന്നിനും രണ്ടു മുതൽ അഞ്ചു രൂപവരെ വർധിക്കും. കാലാവസ്ഥയിലെ മാറ്റം കാരണം തമിഴ്നാട്, മൈസൂരു എന്നിവിടങ്ങളിലെ ഉൽപാദനം കുറഞ്ഞതു വില വർധനയ്ക്കു കാരണമായെന്നു മൊത്തവ്യാപാരികൾ പറഞ്ഞു. അരിക്കും പലവ്യഞ്ജനത്തിനും വിലകൂടിയിട്ടുണ്ട്.

അരി കിലോഗ്രാമിനു രണ്ടു മുതൽ 10 രൂപവരെ വില വർധിച്ചു. ജയ അരിയാണു വിലക്കയറ്റത്തിൽ മുന്നിൽ. ജയയ്ക്ക് ചില്ലറവില 40–45 രൂപ വരെ എത്തി. മട്ടയുടെ വില 5 ദിവസത്തിനിടെ 35 രൂപയിലെത്തി. ഇതു ചെറുകിട വ്യാപാരികളിലൂടെ 38–40 രൂപയ്ക്കാണു വിൽപന. പൊന്നിയരി നല്ലയിനം 53–57, കുറുവ 38–40, പച്ചരി 28–30 എന്നീ നിരക്കിലാണു മൊത്തവിപണി വില. തമിഴ്നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് അരി മാർക്കറ്റിലെത്തുന്നത്. പലവ്യഞ്ജനങ്ങൾക്കും കഴിഞ്ഞ ആഴ്ചയെക്കാൾ വില വർധിച്ചു.

വിലനിലവാരം നിലവിൽ, പഴയത് എന്നീ ക്രമത്തിൽ

പരിപ്പ് 98–100 ( 75–85)
ഉഴുന്ന് 105 (90–100)
വെല്ലം–50 (46)
ഗ്രീൻപീസ്–70 (65)
വറ്റൽ മുളക് 220 (200)
മല്ലി –160 (150)
പയർ–65 (60)
പഞ്ചസാര 39 (37)

വിവിധ സാധനങ്ങളുടെ വിലമെ‍ാത്തവില, ഒരാഴ്ച മുൻപുള്ള വില ബ്രാക്കറ്റിൽ

തക്കാളി–90–110 (60–80)
ബീൻസ് പച്ച–100 (85)
വെള്ള–70 (50)
മുരിങ്ങക്കായ–100 (60–70)
കാരറ്റ്– (50) (40–45)
പയർ പച്ച 60–70 (40)
വഴുതന–40 (30)
പാവയ്ക്ക–55 (40)
കാബേജ്– 20–30 (20)
ബീറ്റ്റൂട്ട്– 60 (50)
കത്തിരിക്ക– 50 (30)
പച്ചമുളക്–35 (20–25)
വെണ്ടയ്ക്ക– 45 (40)
പടവലം– 35 (30)
വെള്ളരി– 20 (20)
കുമ്പളം 30 (20–25)
മത്തൻ–18 (15)
ഉരുളക്കിഴങ്ങ്–35 (30)
വാഴയ്ക്ക–30 (25)
ചേന–30 (25)
കോളിഫ്ലവർ– 40 (35)
കൊത്തമര–30 (25)
സവാള –20–30 (30)
ചെറിയ ഉള്ളി 25 (20–25)
ഇഞ്ചി 35 (30)
മല്ലിയില 100 (80–90)
പുതിന 40 (35)
കറിവേപ്പില 35 (30)
ചെറുനാരങ്ങ പഴുത്തത്150 (പച്ച–60)

ഉപഭോക്താക്കളെ വലച്ച് കോഴിവില പറന്നുയരുന്നു

മണ്ണാർക്കാട്∙കോഴി വില ‘പറന്നുയർന്നതോടെ’  പിടിച്ചു നിൽക്കാനാകാതെ ഹോട്ടലുകളും കോഴിക്കച്ചവടക്കാരും. 143 രൂപ മുതൽ 149 രൂപ വരെയാണ് ഇന്നലത്തെ വില. ഈ വിലയ്ക്ക് കോഴി വാങ്ങി വിഭവങ്ങൾ വിളമ്പിയാൽ കൈപൊള്ളുന്ന സ്ഥിതിയിലാണ് ഹോട്ടലുകാർ. ചിക്കൻ ബിരിയാണി, അൽഫാം, തന്തൂരി, ചില്ലിചിക്കൻ, ഷവർമ തുടങ്ങിയ വിഭവങ്ങളെല്ലാം ഹോട്ടലുകാർക്ക് കൈ പൊള്ളുന്ന സ്ഥിതിയാണ്. ചിക്കനു പുറമേ ഭക്ഷ്യ എണ്ണകൾക്കും തക്കാളി ഉൾപ്പെടെയുള്ള പച്ചക്കറികൾക്കും വില ഉയർന്നതോടെ പിടിച്ചു നിൽക്കാൻ കഴിയാത്ത സ്ഥിതിയാണെന്നാണ് ഹോട്ടലുകാർ പറയുന്നത്.

അതേ സമയം 80 -90 രൂപയിൽ നിന്ന് കോഴി വില 143ലേക്ക് എത്തിയതോടെ ആവശ്യക്കാർ കുറഞ്ഞു. വ്യാപാരം പകുതിയായി. തമിഴ്നാട്ടിലെ കോഴി വരവ് നിന്നതും ആഭ്യന്തര ഫാമുകളിൽ ഉൽപാദനം ഇല്ലാത്തതുമാണ് കോഴി വില ഉയർത്തിയത്. കർണാടകയിൽ നിന്നാണ് നിലവിൽ കോഴി വരുന്നത്. ആഭ്യന്തര ഫാമുകളിൽ കോഴി ഉൽപാദനം നടത്താൻ കർഷകർക്കു ഭയമാണ്. വളർച്ച എത്തുന്നതോടെ വില കുറയുന്ന സ്ഥിതിയാണ്. ഇതു കാരണം പല ഫാമുകളും ഒരു വർഷത്തോളമായി അടച്ചിട്ടിരിക്കുകയാണ്.

വായനക്കാർ പ്രതികരിക്കുന്നു

"ദൈനംദിന കാര്യങ്ങൾക്ക് പോലും നീക്കിയിരിപ്പ് ഇല്ലാത്ത ഒരു അവസ്ഥയിലാണ്. നേരത്തെ ഓട്ടോ ഓടിച്ച് വലിയ അല്ലലില്ലാതെ ജീവിത ചെലവുകൾ മുന്നോട്ട് പോയിരുന്നു. ഇന്ധന വർധന പോക്കറ്റ് കാലിയാക്കി. മുൻപ് 50 രൂപയ്ക്കു സാമ്പാർ കഷണം വാങ്ങിയാൽ 2 ദിവസമെങ്കിലും ഉപയോഗിക്കാം. ഇപ്പോൾ കൈവെള്ളയിൽ ഒതുങ്ങുന്ന പച്ചക്കറി മാത്രമാണ് കിട്ടുന്നത്. പാചക വാതക വില വർധന അടുക്കളയെയും ബാധിച്ചു".- മാരിയിൽ സുബ്രഹ്മണ്യൻ ഓട്ടോ ഡ്രൈവർ കുമരനല്ലൂർ 

"ഇന്ധനവിലയുടെ മറവിൽ അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുന്നു. ഒരു രാഷ്ട്രീയ പാർട്ടികളും അതേ കുറിച്ചു ചർച്ച ചെയ്യുന്നില്ല. ജോലിയും കൂലിയും ഇല്ലാതെ ദുരിതമനുഭവിക്കുന്ന സാധാരണക്കാരെ സഹായിക്കാൻ സർക്കാരിന്റെ ഭാഗത്തു നിന്നു ഒരു നടപടിയും ഇല്ല." - ബെന്നി ജോസഫ് നെച്ചുള്ളി, കുമരംപുത്തൂർ, മണ്ണാർക്കാട്

"കുടുംബം മുന്നോട്ടു നയിക്കുന്ന വീട്ടമ്മമാർ വലിയ പ്രയാസമാണു നേരിടുന്നത്. വിലക്കയറ്റത്തിന് അനുസരിച്ചു കുടുംബത്തിന്റെ വരുമാനം വർധിക്കുന്നില്ല. പാചകവാതകത്തിനും പച്ചക്കറിക്കും പലവ്യഞ്ജനത്തിനുമെല്ലാം വില കൂടിയതോടെ എന്തു ചെയ്യണമെന്ന് അറിയാത്ത സാഹചര്യമാണ്." - യു.രുഗ്മിണി. വരോട്, ഒറ്റപ്പാലം. 

"ഒരു ദിവസം ഓടിക്കിട്ടുന്ന പണം കൊണ്ട് വായ്പ അടവു കഴിഞ്ഞാൽ ജീവിക്കാനുള്ള അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ പോലും തുക തികയാത്ത അവസ്ഥയാണുള്ളത്. അഞ്ഞൂറോ അറുന്നൂറോ ഓട്ടോക്കൂലി കിട്ടിയാൽ വായ്പ അടവിനു നല്ലൊരു തുക പോകും ബാക്കി പൈസയും കൊണ്ട് കടയിൽ ചെന്നാൽ ഒന്നിനും തികയാത്ത അവസ്ഥയാണ്.സ്കൂൾ തുറക്കുന്നതിനാൽ മക്കൾക്ക് ബുക്കുകളും മറ്റും വാങ്ങണം." - പി.ഉണ്ണിക്കൃഷ്ണൻ,ഓട്ടോ ഡ്രൈവർ,ആലത്തൂർ. 

"വിലക്കയറ്റം കുടുംബ ബജറ്റ് താളം തെറ്റിക്കുന്നു, സർക്കാർ ഉദ്യോഗസ്ഥനായിട്ടും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുകയാണ്. മുൻകാലങ്ങളിൽ നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ ചെറിയ വർധന മാത്രമാണ് ഉണ്ടായിട്ടുള്ളത്.  പലപ്പോഴും അതു  ശ്രദ്ധയിൽ പെടാറില്ല. ഇപ്പോൾ പല സാധനങ്ങൾക്കും 5 മുതൽ 10 രൂപ വരെയാണ് വർധന. സ്കൂൾ തുറക്കുന്നതിന്റെ തയാറെടുപ്പിലാണ്. സ്കൂൾ യൂണിഫോം, പുസ്തകം, പഠനസാമഗ്രികൾ വാങ്ങുന്നത് തുടങ്ങി വലിയ ചെലവാണ് മിക്ക വീടുകളിലും ഉള്ളത്. ഈ സാഹചര്യത്തിൽ വിലക്കയറ്റം കുടുംബങ്ങളുടെ നട്ടെല്ലൊടിക്കുന്ന അവസ്ഥയാണ്." - കെ.മുഹമ്മദ് മുജീബ്(ജില്ലാ പ്രസിഡന്റ്, കേരള എൻജിഒ അസോസിയേഷൻ)വില്ലേജ് ഓഫിസർ, പുതുശേരി ഈസ്റ്റ്

"വിലക്കയറ്റം മൂലം ജീവിക്കാൻ പ്രയാസം അനുഭവപ്പെടുന്നു. വരുമാനത്തിനനുസരിച്ച വിലക്കയറ്റമല്ല ഇത്. അതിനാൽ കുടുംബങ്ങൾ കഴിയുന്നതും ബുദ്ധിമുട്ടിയാണ്. കൃഷിക്കാരും ഇതോടൊപ്പം കച്ചവടക്കാരും ബുദ്ധിമുട്ടിലാണ്." - ആറുമുഖൻ പാലക്കാട് വടക്കന്തറ, കറുകോടി 

"ഞാൻ പാലക്കാട് വലിയങ്ങാടിയിൽ നിന്നാണു പച്ചക്കറി വാങ്ങുന്നത്. നിലവിലെ വിലയക്കയറ്റത്തിൽ ബുദ്ധിമുട്ടാണ്. തക്കാളി പോലുള്ള നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിനും ഉപയോഗിക്കുന്നതിലും നിയന്ത്രണം വരുത്തി." - കെ.ഖദീജ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com