ADVERTISEMENT

പാലക്കാട് ∙ കാട്ടുപന്നിയെ പിടികൂടാൻ സ്ഥാപിച്ച വൈദ്യുതിക്കമ്പിയിൽ നിന്നു ഷോക്കേറ്റ് 2 പൊലീസ് ഉദ്യോഗസ്ഥർ മരിച്ച സംഭവത്തിൽ ഒരാൾ കൂടി പൊലീസ് കസ്റ്റഡിയിൽ. കെണിവച്ച സ്ഥലം ഉടമ മുട്ടിക്കുളങ്ങര തോട്ടക്കര വീട്ടിൽ സുരേഷിനെ (49) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിലായിരുന്ന പ്രതിയെ വീണ്ടും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു സംഭവത്തിൽ ഇയാളെ സഹായിച്ചെന്നു കരുതുന്ന സുഹൃത്തിനെക്കൂടി കസ്റ്റഡിയിലെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഹേമാംബിക നഗർ ഇൻസ്പെക്ടർ എ.സി.വിപിന്റെ നേതൃത്വത്തിലാണു കേസ് അന്വേഷണം.

അറസ്റ്റിലായ സുരേഷിനെതിരെ നരഹത്യ കുറ്റത്തിനാണു കേസെടുത്തിട്ടുള്ളത്.  മുട്ടിക്കുളങ്ങര കെഎപി 2 ബറ്റാലിയൻ ക്യാംപിലെ ഹവിൽദാർമാരായ എലവഞ്ചേരി കുമ്പളക്കോട് കുഞ്ഞുവീട്ടിൽ എം.അശോക്‌കുമാർ, തരൂർ അത്തിപ്പൊറ്റ കുണ്ടുപറമ്പ് വീട്ടിൽ മോഹൻദാസ് (36) എന്നിവരാണു 18നു രാത്രി ഷോക്കേറ്റു മരിച്ചത്. ക്യാംപിനു പിൻവശത്തുള്ള പാടത്താണു പൊലീസ് ഉദ്യോഗസ്ഥരുടെ മൃതദേഹം കണ്ടെത്തിയത്. പാടത്തോടു ചേർന്നു പ്രതി സുരേഷിന്റെ വീട്ടുതൊടിയിലാണു പന്നിയെ പിടികൂടാനായി ഇരുമ്പുകമ്പി കെട്ടി വൈദ്യുതി കടത്തിവിട്ടത്.

ഇതിൽ തട്ടിയാണ് ഉദ്യോഗസ്ഥർ മരിച്ചത്. പുതുമഴയിൽ പാടത്തു മീൻപിടിക്കാനാണു പൊലീസ് ഉദ്യോഗസ്ഥർ എത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. പൊലീസുകാരുടെ മൃതദേഹം തെളിവു നശിപ്പിക്കാനാണു പ്രതി 500 മീറ്റർ അകലെ എത്തിച്ചു പാടവരമ്പിനു താഴെ തള്ളിയത്. സ്വയം ചുമന്നും ഒറ്റച്ചക്രമുള്ള ഉന്തുവണ്ടിയിലിട്ടും ഒറ്റയ്ക്കാണു മൃതദേഹങ്ങൾ പാടത്തെത്തിച്ചതെന്നാണു പ്രതിയുടെ മൊഴി. ഇത് അന്വേഷണസംഘം മുഖവിലയ്ക്കെടുത്തിട്ടില്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com