ADVERTISEMENT

പാലക്കാട് ∙ സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ അവസാന ഘട്ട ഒരുക്കത്തിലാണ് അധികൃതർ. സ്കൂളുകളിൽ ശുചീകരണം പുരോഗമിക്കുകയാണ്. സ്കൂളുകളിലെ ഒരുക്കങ്ങൾ ജില്ലാ കലക്ടർ മൃൺമയി ജോഷി ശശാങ്ക് ഇന്നു വിലയിരുത്തും. പുസ്തകം, യൂണിഫോം എന്നിവയുടെ വിതരണം ഈ മാസം തന്നെ പൂർത്തിയാക്കാൻ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ നിർദേശം നൽകി. അധ്യാപകർക്കുള്ള പരിശീലനവും പൂർത്തിയാക്കും. സ്കൂളിൽ ഒരുക്കേണ്ട സൗകര്യങ്ങളെ സംബന്ധിച്ചു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.

സ്കൂൾ തുറന്ന ശേഷം:

മോട്ടർ വാഹന വകുപ്പ് സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധന നടത്തിയ ശേഷം ഡ്രൈവർമാർക്ക് ക്ലാസ് എടുക്കുന്നു.

∙ ലഹരിയ്ക്കെതിരെ പൊലീസും എക്സൈസും ജാഗ്രത പുലർത്തണം. സ്കൂളിനു പരിസരത്ത് ലഹരി വിൽപന ഇല്ലെന്ന് ഉറപ്പാക്കണം.
∙ സ്കൂൾ അസംബ്ലിയിൽ സ്കൂൾ സുരക്ഷ സംബന്ധിച്ചു ചർച്ച ചെയ്യണം. അതതു മാസങ്ങളിൽ സംഭവിക്കാവുന്ന ദുരന്തങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്തണം. (ഉദാ: ഇടിമിന്നലിൽ നിന്നു രക്ഷ നേടാനുള്ള മാർഗം)
∙ സ്കൂൾ ബസിലും സ്വകാര്യ വാഹനങ്ങളിലും സഞ്ചരിക്കുന്ന വിദ്യാർഥികളുടെ വിവരം സൂക്ഷിക്കണം. അവരുടെ സുരക്ഷിത യാത്രയ്ക്ക് അധ്യാപകനെ റൂട്ട് ഓഫിസറായി ചുമതലപ്പെടുത്തണം.
∙ ചെറിയ കുട്ടികളെ റോഡ് കുറുകെ കടക്കാൻ സഹായിക്കാൻ സ്റ്റുഡന്റ് പൊലീസ് കെഡറ്റ്, എൻസിസി എന്നിവരെ ചുമതലപ്പെടുത്തണം.

അധ്യാപകരുടെ ശ്രദ്ധയ്ക്ക്:

∙ കുട്ടികളുടെ ആരോഗ്യം, വീട്ടിലെ സ്ഥിതി, യാത്രാ സൗകര്യം തുടങ്ങി വിവരങ്ങൾ ക്ലാസ് ടീച്ചർമാർ ശേഖരിക്കണം. ഓരോ വിഷയത്തിലും കുട്ടികളുടെ ഇപ്പോഴുള്ള പഠനനിലവാരം രേഖപ്പെടുത്തണം.
∙ കുട്ടികൾക്കു മാനസിക പിന്തുണയ്ക്ക് ആവശ്യമായ കൗൺസലിങ് നൽകണം.
∙ ഭിന്നശേഷിക്കാർക്കും ആരോഗ്യപരമായ കാരണങ്ങളാൽ വീട്ടിൽ കഴിയുന്ന കുട്ടികൾക്കും പഠനത്തിനു പിന്തുണ നൽകണം.
∙ കുട്ടികളുടെ സ്കോളർഷിപ്പും ഗ്രാന്റും ഉറപ്പാക്കണം

പ്രവേശനോത്സവം ഗംഭീരമാക്കും

പ്രവേശനോത്സവം ഗംഭീരമാക്കാൻ ഒരുങ്ങി സ്കൂളുകൾ. സ്പോൺസർമാരുടെ സഹായത്തോടെ കുട്ടികൾക്കു സമ്മാനങ്ങളും മധുര പലഹാരങ്ങളും ഒരുക്കാനുള്ള തയാറെടുപ്പിലാണു അധികൃതർ. കോവിഡ് സാഹചര്യത്തെ തുടർന്നു കഴിഞ്ഞ വർഷങ്ങളിൽ പ്രവേശനോത്സവം നടത്തിയിരുന്നില്ല.

നിർദേശങ്ങൾ

∙ സ്കൂളും പരിസരവും വൃത്തിയാക്കി അണുനശീകരണം നടത്തണം. ശുദ്ധജല ടാങ്ക്, കിണർ, പാചകപ്പുര, വാഹനങ്ങൾ, ക്ലാസ് മുറി, ഫർണിച്ചർ എന്നിവ വൃത്തിയാക്കണം. പാചകം ചെയ്യാനും കുടിക്കാനും ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കണം. വെള്ളത്തിനു രുചി, നിറം എന്നിവ വ്യത്യാസമുണ്ടെങ്കിൽ അംഗീകൃത ലാബിൽ പരിശോധിച്ച് ഗുണമേന്മ ഉറപ്പാക്കണം.
∙ അപകടാവസ്ഥയിലുള്ള മരങ്ങളും ശിഖരങ്ങളും മുറിച്ചു നീക്കണം. ഇഴജന്തുക്കൾ കയറാൻ സാധ്യതയുള്ള സ്ഥലങ്ങൾ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കണം

∙ നിർമാണ പ്രവൃത്തികൾ നടക്കുന്ന സ്കൂളുകളിൽ സുരക്ഷ വേണം
∙ സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ദുരന്ത സാധ്യതകളുണ്ടെങ്കിൽ ആ വിവരം ദുരന്ത നിവാരണ അതോറിറ്റിയെ അറിയിക്കണം. സ്കൂളിൽ ദുരന്ത നിവാരണ സമിതി രൂപീകരിക്കണം.
∙ വൈദ്യുതി ഉപകരണങ്ങൾക്കു കേടില്ലെന്ന് ഉറപ്പാക്കണം. പ്രഥമ ശുശ്രൂഷ കിറ്റ് കരുതണം.
∙ പൊലീസ് സ്റ്റേഷൻ, ചൈൽഡ് ലൈൻ, ആശുപത്രി, അഗ്നിരക്ഷാ സേന, ദുരന്ത നിവാരണ അതോറിറ്റി എന്നിവയുടെ നമ്പറുകൾ സ്കൂളിൽ പ്രദർശിപ്പിക്കണം.

കോവിഡ് മുൻകരുതൽ
∙ മാസ്ക്, സാനിറ്റൈസർ എന്നിവയുടെ ഉപയോഗം ഉറപ്പാക്കണം.
∙ സ്കൂൾ സമയത്ത് ക്ലാസ് മുറികളും ഹാളുകളും പൂർണമായി തുറന്നിട്ടു വായു സഞ്ചാരം ഉറപ്പാക്കണം.

ഉച്ചഭക്ഷണം ഉറപ്പാക്കും

ജില്ലയിൽ എയ്ഡഡ് സ്കൂളുകൾ ഉൾപ്പെടെ 1001 സ്കൂളുകളിലും ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. ആദ്യ ദിവസം മുതൽ തന്നെ ഉച്ചഭക്ഷണം ഉറപ്പാക്കും. പി.കൃഷ്ണൻ  ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com