ADVERTISEMENT

ചെർപ്പുളശ്ശേരി ∙ നഗരത്തിലും പരിസരങ്ങളിലുമുള്ള പ്രധാന കവലകളിൽ എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാൽ അപ്പോൾ തന്നെ പൊലീസ് സ്റ്റേഷനിൽ അറിയുന്നതിന് 9 സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. കുറ്റകൃത്യങ്ങൾ കുറയ്ക്കുക, കുറ്റവാളികളെ കണ്ടെത്തുക എന്നിവ ലക്ഷ്യമിട്ടാണ് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പൊലീസ് സ്റ്റേഷനുമായി ബന്ധിപ്പിച്ചുകൊണ്ട് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. സ്വകാര്യ ഏജൻസിയുടെ സഹായത്തോടെയാണു പദ്ധതി യാഥാർഥ്യമാക്കിയിരിക്കുന്നത്.

ചെർപ്പുളശ്ശേരി ടൗൺ, ഹൈസ്കൂൾ റോഡ് കവല, ഒറ്റപ്പാലം റോഡ് കവല, കച്ചേരിക്കുന്ന് എന്നിവിടങ്ങളിൽ വിവിധ ദിശകളിലായി സ്ഥാപിച്ച അത്യാധുനിക നിലവാരത്തിലുള്ള  9 ക്യാമറകളും പ്രവർത്തനസജ്ജമായി.പൊലീസ് സ്റ്റേഷനിൽ സ്ഥാപിച്ച മോണിറ്ററിലൂടെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ മുഴുവൻ സമയവും നിരീക്ഷിക്കാനും ഇതു പ്രകാരം നടപടിയെടുക്കാനും പൊലീസിനു കഴിയും. അപകടങ്ങളുണ്ടാക്കി നിർത്താതെ പോകുന്ന വാഹനങ്ങൾ കണ്ടെത്താനും മോഷണം, പിടിച്ചുപറി എന്നിവ തടയുന്നതിനും എളുപ്പത്തിൽ സാധിക്കും. സുരക്ഷയുടെ ഭാഗമായി മുൻപ് നഗരത്തിൽ വ്യാപാരികൾ സ്ഥാപിച്ച ക്യാമറകളും ഇതുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

രണ്ടാംഘട്ടമായി സ്റ്റേഷൻ പരിധിയിലെ തൂത മുതൽ കുളക്കാട് വരെയും ഒറ്റപ്പാലം റോഡിൽ കിഴൂർ റോഡ് വരെയും പട്ടാമ്പി റോഡിൽ വല്ലപ്പുഴ തെങ്ങുംവളപ്പ് വരെയും കുലുക്കല്ലൂർ റെയിൽവേ ഗേറ്റ് വരെയും 30 ക്യാമറകൾ സ്ഥാപിക്കുമെന്ന് പൊലീസ് ഇൻസ്പെക്ടർ എം.സുജിത്,  എസ്ഐ എം.സുനിൽ എന്നിവർ പറഞ്ഞു. പൂർണമായി നവീകരിച്ച സ്റ്റേഷനിൽ കുട്ടികളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നതിന് ശിശുസൗഹൃദ കേന്ദ്രവും ഒരുക്കിയിട്ടുണ്ട്. നഗരത്തിലെ എല്ലാ കവലയിലും സിസിടിവി ക്യാമറ വിഡിയോ പൊലീസ് സ്റ്റേഷനിൽ ലഭ്യമാക്കുന്നതിന്റെ ഉദ്ഘാടനം ഇന്നു രാവിലെ 10.30ന് ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് നിർവഹിക്കും. മണ്ണാർക്കാട് ഡിവൈഎസ്പി വി.എ.കൃഷ്ണദാസ് അധ്യക്ഷനാകും. നഗരസഭാധ്യക്ഷൻ പി.രാമചന്ദ്രൻ മുഖ്യാതിഥിയാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com