പാലക്കാട് ∙ കാട്ടുപന്നിയെ പിടികൂടാൻ സ്ഥാപിച്ച വൈദ്യുതിക്കമ്പിയിൽ നിന്നു ഷോക്കേറ്റ് 2 പൊലീസ് ഉദ്യോഗസ്ഥർ മരിച്ച സംഭവത്തിൽ പ്രതിയുടെ സുഹൃത്തും അറസ്റ്റിൽ. കെണിവച്ച സ്ഥലം ഉടമ മുട്ടിക്കുളങ്ങര തോട്ടക്കര സ്വദേശി സുരേഷിനെ (49) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ സുഹൃത്ത് തോട്ടക്കര സ്വദേശി സജിയെ (42) ആണ് അന്വേഷണസംഘം ഇന്നലെ അറസ്റ്റ് ചെയ്തത്. ഷോക്കേറ്റു മരിച്ചുവീണ പൊലീസ് ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങൾ സംഭവസ്ഥലത്തു നിന്നു മാറ്റി പാടത്ത് ഉപേക്ഷിക്കാനും തെളിവു നശിപ്പിക്കാനും സജി സഹായിച്ചെന്നാണു പൊലീസിന്റെ കണ്ടെത്തൽ.
സുരേഷിന്റെ വീട്ടിൽ നിന്ന് 200 മീറ്റർ മാറിയാണ് സജിയുടെ വീട്. എന്നാൽ, വൈദ്യുതിക്കെണി സ്ഥാപിച്ചതിൽ ഇയാൾക്കു പങ്കില്ല. മുട്ടിക്കുളങ്ങര കെഎപി 2 ബറ്റാലിയൻ ക്യാംപിലെ ഹവിൽദാർമാരായ എലവഞ്ചേരി കുമ്പളക്കോട് കുഞ്ഞുവീട്ടിൽ എം.അശോക്കുമാർ, തരൂർ അത്തിപ്പൊറ്റ കുണ്ടുപറമ്പ് വീട്ടിൽ മോഹൻദാസ് (36) എന്നിവരാണു 18നു രാത്രി ഷോക്കേറ്റു മരിച്ചത്. ക്യാംപിനു പിൻവശത്തുള്ള പാടത്താണ് ഇവരുടെ മൃതദേഹം കിടന്നിരുന്നത്. പാടത്തോടു ചേർന്നു പ്രതി സുരേഷിന്റെ വീട്ടുതൊടിയിലാണു പന്നിയെ പിടികൂടാനായി വൈദ്യുതിക്കെണി സ്ഥാപിച്ചിരുന്നത്.
ഇതിൽ തട്ടിയാണ് അത്യാഹിതം. പുതുമഴയിൽ പാടത്തു നിന്നു മീൻപിടിക്കാനാണ് പൊലീസുകാർ ഇതുവഴി പോയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. രാത്രി പന്നി ഷോക്കിൽ കുടുങ്ങിയിട്ടുണ്ടോ എന്നു പരിശോധിക്കാനെത്തിയ സ്ഥലം ഉടമ സുരേഷ് 2 പേർ മരിച്ചു കിടക്കുന്നതായി കണ്ടു. തുടർന്ന് ഇയാൾ സജിയെ വിളിച്ചു വരുത്തി. ഇരുവരും കൂടി മൃതദേഹങ്ങൾ ചുമന്നും ഒറ്റച്ചക്രമുള്ള ഉന്തുവണ്ടിയിട്ടും സംഭവസ്ഥലത്തു നിന്ന് അരക്കിലോമീറ്റർ അകലെ എത്തിച്ചു പാടത്തു തള്ളുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനു ശേഷം മണിക്കൂറുകൾക്കുള്ളിൽ മുഖ്യ പ്രതി സുരേഷിനെ പൊലീസ് പിടികൂടിയിരുന്നു.
താൻ ഒറ്റയ്ക്കാണു മൃതദേഹങ്ങൾ പാടത്തു കൊണ്ടുപോയി ഇട്ടതെന്നാണ് ഇയാൾ ആദ്യം മൊഴി നൽകിയിരുന്നത്. പിന്നീട് കസ്റ്റഡിയിൽ വാങ്ങി നടത്തിയ വിശദാന്വേഷണത്തിലാണ് സജിയുടെ സഹായം കൂടി പ്രതിക്കു ലഭിച്ചതായി കണ്ടെത്തിയത്. 2016ൽ കാട്ടുപന്നിയെ വേട്ടയാടിയതിനു സുരേഷിനെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു. ഈ കേസിലും സജി കൂട്ടുപ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഹേമാംബിക നഗർ ഇൻസ്പെക്ടർ എ.സി.വിപിൻ, എസ്ഐമാരായ കെ.ശിവചന്ദ്രൻ, മധു ബാലകൃഷ്ണൻ, കെ.പ്രശോഭ്, എഎസ്ഐ സി.രാധാകൃഷ്ണൻ, സി.എം.ബിജു, ജി.ഐ.ഗ്ലോറിസൺ, രാജേഷ് ഖന്ന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.