ADVERTISEMENT

ഒറ്റപ്പാലം ∙ സ്വർണക്കട്ടിയാണെന്ന വ്യാജേന ഒരു കിലോയുടെ ചെമ്പുകട്ട നൽകി മലപ്പുറം ചങ്ങരംകുളം സ്വദേശിയിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ യുവാവ് അറസ്റ്റിലായി. മലപ്പുറം തിരുവാലി നടുവത്ത് വിളക്കത്തിൽ അബ്ദുൽ സലീമിനെ (39) ആണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഇനിയും 3 പേരെ കൂടി കണ്ടെത്താനുണ്ട്. ഏപ്രിൽ 8ന് വാണിയംകുളം - കോതകുറുശ്ശി റോഡിൽ ചന്തയ്ക്കു സമീപത്തെ വിജനമായ പ്രദേശത്തു വച്ചാണു യുവാക്കൾ ചങ്ങരംകുളം സ്വദേശിയിൽ നിന്നു 10 ലക്ഷം രൂപ കൈപ്പറ്റിയതെന്നു പൊലീസ് അറിയിച്ചു.

ഫോൺ വഴി പരിചയപ്പെട്ട ചങ്ങരംകുളം സ്വദേശിയോട്, 10 ലക്ഷം രൂപ നൽകിയാൽ ഒരു കിലോ സ്വർണക്കട്ടി നൽകാമെന്നായിരുന്നു യുവാക്കളുടെ വാഗ്ദാനം. നിധിയാണെന്നും മറിച്ചു വിറ്റാൽ വലിയ ലാഭം ലഭിക്കുമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പെന്നു പൊലീസ് പറഞ്ഞു. സാംപിൾ എന്ന പേരിൽ നേരത്തേ ചെറിയ സ്വർണക്കഷണങ്ങൾ നൽകിയിരുന്നു. ഇവ ജ്വല്ലറിയിൽ കൊണ്ടുപോയി പരിശോധിച്ചു സ്വർണമാണെന്ന് ബോധ്യപ്പെട്ടതോടെയായിരുന്നു ഇടപാട്. ‘സ്വർണക്കട്ടി’ വിൽക്കാൻ ശ്രമിച്ച ഘട്ടത്തിലാണു തട്ടിപ്പിനിരയായ വിവരം തിരിച്ചറിഞ്ഞത്.

ഇതോടെ പരാതിയുമായി പൊലീസിനെ സമീപിച്ചു.  പ്രതികളുടെ പേരു പോലും അറിയാതിരുന്ന കേസിൽ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ വിദഗ്ധമായ അന്വേഷണമാണു ലക്ഷ്യം കണ്ടത്.  മറ്റു 3 പേരെക്കൂടി കണ്ടെത്താനുള്ള ശ്രമങ്ങൾ അന്തിമഘട്ടത്തിലാണെന്നു പൊലീസ് വ്യക്തമാക്കി. പൊലീസ് ഇൻസ്പെക്ടർ വി. ബാബുരാജൻ, എസ്ഐ പി. ശിവശങ്കരൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com