ADVERTISEMENT

മുതലമട ∙ പറമ്പിക്കുളത്തേക്കു സംസ്ഥാനത്തിലൂടെ റോഡ് എന്ന ആവശ്യം തമിഴ്നാട് യാത്രാ നിയന്ത്രണങ്ങൾ കടുപ്പിക്കുമ്പോൾ ചർച്ചയാകുന്നു. വിനോദ സഞ്ചാര നിയന്ത്രണമെന്ന പേരിൽ സേത്തുമടയിൽനിന്നു കയറ്റി വിടുന്ന വാഹനങ്ങളുടെ എണ്ണം കഴിഞ്ഞ ദിവസം മുതൽ 120 ആയി കുറച്ചിരുന്നു. മുല്ലപ്പെരിയാറും പറമ്പിക്കുളം–ആളിയാർ കരാറുമെല്ലാം അസ്വാരസ്യങ്ങൾ തീർക്കുമ്പോൾ എംപിയും എംഎൽഎയും അടക്കമുള്ള ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും പറമ്പിക്കുളത്തേക്കു കയറ്റാതെ തിരിച്ചയച്ചാണു തമിഴ്നാട് പ്രതികരിച്ചിട്ടുള്ളത്. തമിഴ്നാട് ജലസേചന വകുപ്പുമായി ഉണ്ടായ പ്രശ്നത്തിനു ശേഷം പൊലീസ് അധികാരികൾ കാട്ടുവഴിയിലൂടെയാണു നാടണഞ്ഞത് എന്നതും ചരിത്രമാണ്. 

പലതുണ്ട് വഴികൾ - നെല്ലിയാമ്പതി–തുത്തംപാറ–കുരിയാർകുറ്റി റോഡ്

നെല്ലിയാമ്പതിയിലെ കൈകാട്ടിയിൽനിന്നു വിക്ടോറിയ വരെ 8 കിലോമീറ്റർ ടാർ റോഡും അവിടെനിന്നു തുത്തംപാറ വരെ 8 കിലോമീറ്റർ മെറ്റൽ റോഡുമുണ്ട്. തുടർന്നു കുരിയാർകുറ്റി വരെ 15 കിലോമീറ്റർ മൺപാതയിൽ 4 കിലോമീറ്റർ മാത്രമാണു കയറ്റിറക്കങ്ങൾ ഉള്ളത്. പറമ്പിക്കുളം വരെയുള്ള അവസാന 9 കിലോമീറ്റർ ടാറിട്ട റോഡ് നിലവിൽ ഉപയോഗിക്കുന്നുണ്ട്. 15 കിലോമീറ്റർ വനപാതയിൽ 4 കിലോമീറ്ററിൽ താഴെ കയറ്റിറക്കങ്ങളും മൺപാതയും റോഡാക്കിയാൽ തമിഴ്നാടിന്റെ കനിവു കാക്കാതെ പറമ്പിക്കുളത്ത് എത്താം.

ഈ റോഡിന്റെ സാധ്യത തേടി കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് 2012 ഓഗസ്റ്റിൽ പാരിസ്ഥിതിക ആഘാത പഠനം നടത്തിയിരുന്നു. കടുവയും ആനയും ധാരാളമുള്ള പ്രദേശമെന്നതിനാൽ ആവശ്യം തള്ളി. രാജ്യത്തെ തന്ത്രപ്രധാനമായ വനമേഖലകളിൽ റോഡുണ്ട് എന്നത് ഇവർ കണക്കിലെടുത്തില്ല.  

ചെമ്മണാംപതി – തേക്കടി റോഡ്

ആദിവാസികൾ നിർമിച്ച ചെമ്മണാംപതി-വെള്ളക്കൽത്തിട്ട റോഡ് പ്രയോജനപ്പെടുത്താം. ഇതുവഴി പോയാൽ 1976–77 കാലത്തു നിർമിച്ച പെരുവാരിപ്പള്ളത്തേക്കുള്ള കൂപ്പ് റോഡ് പ്രയോജനപ്പെടുത്തി പറമ്പിക്കുളത്ത് എത്താം. വനം വകുപ്പ് ഉപയോഗിക്കുന്ന ഈ വനപാതയിലൂടെ തേക്കടിയിൽനിന്നു പെരുവാരിപ്പള്ളം വഴി തൂണക്കടവ് എത്തുന്നതിനു 16 കിലോമീറ്റർ ദൂരമാണുള്ളത്. 

കൈകാട്ടി–തേക്കടി – പെരുവാരിപ്പള്ളം റോഡ്

നെല്ലിയാമ്പതിയിലെ കൈകാട്ടിയിൽനിന്നു പുലയമ്പാറ എത്തി പെരിയചോല–തേക്കടി–പെരുവാരിപ്പള്ളം വഴി പറമ്പിക്കുളം എന്നൊരു സാധ്യതയും മുന്നിലുണ്ട്. ഇതിനിടയിൽ സ്വകാര്യ എസ്റ്റേറ്റുകൾ ഉള്ളതാണ് ഒരു തടസ്സം. നിയമങ്ങൾ കർശനമാക്കി വനം വകുപ്പിന്റെ മേൽനോട്ടത്തിൽ മാത്രം സഞ്ചാരം അനുവദിച്ചാൽ പുതിയ പാത തുറക്കാം.

"ജനവാസ മേഖലയിലേക്കു നീങ്ങുന്ന സാഹചര്യമുണ്ടാക്കും അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള കടുവാസങ്കേതത്തിന്റെ ‘കോർ’ ഏരിയയിലൂടെയാണ് വനപാത കടന്നുപോകുന്നത്. ക‌ടുവകളും ആനയുമെല്ലാം ഏറെയുണ്ട്. ഇവിടെയുണ്ടാകുന്ന ചെറിയ വ്യത്യാസം പോലും മൃഗങ്ങൾ നെല്ലിയാമ്പതി ഉൾപ്പെടെയുള്ള ജനവാസ മേഖലയിലേക്കു നീങ്ങുന്ന സാഹചര്യമുണ്ടാക്കും." - വൈശാഖ് ശശികുമാർ, ഡപ്യൂട്ടി ഡയറക്ടർ പറമ്പിക്കുളം കടുവാ സങ്കേതം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com