ADVERTISEMENT

ഒലവക്കോട് ∙ കനാൽ വൃത്തിയാക്കാതെ ജലം തുറന്നുവിട്ടതോടെ കുത്തിയൊലിച്ചെത്തിയ മാലിന്യം അടിഞ്ഞ് ഒലവക്കോട് കനാൽ റോഡിൽ വെള്ളപ്പൊക്കം. റോഡിലേക്കു കവിഞ്ഞൊഴുകിയ വെള്ളത്തിൽ യാത്രക്കാരും പരിസര വാസികളും ബുദ്ധിമുട്ടിലാണ്. കനാൽ റോഡ്– പമ്പ് എൻജിൻ റോഡിലാണു കഴിഞ്ഞ ദിവസം മുതൽ ദുരിതം കെട്ടിനിൽക്കുന്നത്. ചെറിയ റോഡിന്റെ ഒരു വശം പൈപ്പ് ലൈനിടാനായി വെട്ടിപ്പൊളിച്ചിരുന്നു. കുഴി മെറ്റലിട്ടു മൂടിയെങ്കിലും പൂ‍ർണതോതിൽ ടാർ ചെയ്തിട്ടില്ല. 

ഇതിലേക്കു കൂടി വെള്ളം കവിഞ്ഞൊഴുകിയതോടെ റോഡരികിൽ അപകടക്കുഴികളും രൂപപ്പെട്ടു തുടങ്ങി. അടിഞ്ഞ മാലിന്യങ്ങൾ കോരി കരയിലേക്കിട്ടാലും കൂടുതൽ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും ഒഴുകിയെത്തി ഒഴുക്കു തുടരെത്തുടരെ തടസ്സപ്പെട്ട് വെള്ളം റോഡിലേക്കു കവിഞ്ഞൊഴുകുന്ന സ്ഥിതിയാണെന്ന് നഗരസഭ അംഗം മുഹമ്മദ് ബഷീർ പറഞ്ഞു. നഗരസഭയെയും ജലസേചന വകുപ്പിനെയും വിവരം അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ഒലവക്കോട് കനാൽ റോഡിലെ ജലസേചന കനാലിൽ അടിഞ്ഞ മാലിന്യങ്ങൾ കൗൺസിലർ മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിൽ നീക്കുന്നു. ഇന്ന് നഗരസഭ ആരോഗ്യ വിഭാഗം കനാലിലെ തടസ്സങ്ങൾ നീക്കുമെന്ന് സ്ഥിരം സമിതി അധ്യക്ഷൻ പി.സ്മിതേഷ് അറിയിച്ചു.

ജനകീയ സഹകരണം തേടി ജലസേചനവകുപ്പ്

മഴയില്ലാതെ ഒന്നാം വിളയ്ക്ക് ഡാം ജലം തുറക്കേണ്ടിവന്നതോടെ കനാലിലെ തടസ്സം നീക്കാൻ കൃഷിക്കാരുടെയും നാട്ടുകാരുടെയും സഹകരണം തേടി ജലസേചന വകുപ്പ്. തൊഴിലുറപ്പിൽ കനാൽ വൃത്തിയാക്കാനാകില്ല. രണ്ടാം വിളയ്ക്കു മാത്രമേ ടെൻഡർ വിളിച്ച് കനാ‍ൽ വൃത്തിയാക്കാൻ സാധിക്കൂ. ഈ സാഹചര്യത്തിൽ കൃഷിക്കാരും നാട്ടുകാരും സഹകരിച്ചല്ലാതെ കനാലിലെ തടസ്സം നീക്കാനാകില്ലെന്നും ഇല്ലെങ്കിൽ ജലവിതരണം തടസ്സപ്പെടുന്ന സ്ഥിതിയാണെന്നും ജലസേചന വകുപ്പ് പറയുന്നു. ഒഴുക്കു തടസ്സപ്പെട്ടു ജലം പാഴാകുന്ന സ്ഥലങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളും ജനങ്ങളും കൃഷിക്കാരും സഹകരിക്കണമെന്നാണ് അഭ്യർഥന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com