ADVERTISEMENT

വടക്കഞ്ചേരി∙ കിഴക്ക‍ഞ്ചേരി, കണ്ണമ്പ്ര, വടക്കഞ്ചേരി പഞ്ചായത്തുകളെ ബഫർസോണിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വടക്കഞ്ചേരി മേഖല കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കർഷക അതിജീവന സദസും റാലിയും നട‌ത്തി. ബഫർ സോൺ വിരുദ്ധ സമരത്തിന്റെ മൂന്നാം ദിനം ലൂർദ് ജംക്‌ഷനിൽ നിന്ന് ആരംഭിച്ച റാലി കർഷക സംരക്ഷണ സമിതി ജില്ലാ ഡയറക്ടർ ഫാ.ജോബി കാച്ചപ്പിള്ളി, മേഖല പ്രസിഡന്റ് ചാർളി മാത്യുവിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

ടൗൺ ചുറ്റി മന്ദമൈതാനിൽ കർഷക റാലി സമാപിച്ചു. തുടർന്ന് നടന്ന അതിജീവന സദസ്സ് വടക്കഞ്ചേരി ഫൊറോന വികാരി ഫാ.ജെയ്സൺ കൊള്ളന്നൂർ ഉദ്ഘാടനം ചെയ്തു. ചാർളി മാത്യു അധ്യക്ഷത വഹിച്ചു. കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ മുഖ്യപ്രഭാഷണം നടത്തി. കർഷക സംരക്ഷണ സമിതി ജില്ലാ കോഓർഡിനേറ്റർ ഫാ.സജി വട്ടുകളം, രൂപത ജന.സെക്രട്ടറി ജോസ് വടക്കേക്കര, മേഖല സെക്രട്ടറി ജിജോ ജയിംസ് അറയ്ക്കൽ, ഭൂസംരക്ഷണ സമിതി ചെയർമാൻ കെ.ജി.എൽദോ, എകെസിസി പ്രസിഡന്റ് ടെന്നി തുറുവേലിൽ, കിഫ സംസ്ഥാന കമ്മിറ്റി അംഗം എം.അബ്ബാസ് ഒറവൻചിറ, ഡെന്നി തെങ്ങുംപിള്ളി എന്നിവർ പ്രസംഗിച്ചു.

സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​യി​ൽനി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​രം ഇ​ക്കോ സെ​ൻ​സി​റ്റീ​വ് സോ​ൺ (പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല) ആ​ക്കാ​നു​ള്ള സു​പ്രീം​ കോ​ടതി​ വി​ധി വന്ന സാഹചര്യത്തിൽ സർക്കാർ അടിയന്തിരമായി ഇടപെട്ട് നിയമനിർമാണം നടത്തണമെന്നും 55 ശതമാനം വനമേലാപ്പുള്ള കേരളത്തിൽ ബഫർ സോണുകൾ വനത്തിൽ തന്നെ നിലനിർത്തണമെന്നും യോഗം ആവശ്യപ്പെ‌ട്ടു. പ​റ​മ്പിക്കു​ളം, ചിമ്മിനി, പീച്ചി, വാഴാനി വന്യമൃഗസംരക്ഷണ കേന്ദ്രങ്ങളുടെ ബഫർസോൺ കിഴക്കഞ്ചേരി, കണ്ണമ്പ്ര, വടക്കഞ്ചേരി പഞ്ചായത്തുകളിലെ ഭുരിഭാഗം കൃഷിഭൂമികളിലും വരുന്നതിനാൽ സർക്കാർ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കുന്ന കരിനിയമങ്ങൾക്കെതിരെ നിയമം പാസാക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.

ജനകീയ പ്രതിഷേധമായി എൽഡിഎഫ് ഹർത്താൽ

പാലക്കാട് ∙ സംരക്ഷിത വനമേഖലയ്‌ക്കും വന്യജീവിസങ്കേതങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതിലോലമാക്കണമെന്ന ഉത്തരവിനെതിരെ 14 വില്ലേജുകളിൽ എൽഡിഎഫ് നടത്തിയ ഹർത്താൽ ജനകീയ പ്രതിഷേധം ഉയർത്തുന്നതായി. കിഴക്കഞ്ചേരി–ഒന്ന്‌, മുതലമട–ഒന്ന്‌, രണ്ട്‌, നെല്ലിയാമ്പതി, അഗളി, പുതൂർ, പാടവയൽ, ഷോളയൂർ, കോട്ടത്തറ, കള്ളമല, പാലക്കയം, മലമ്പുഴ, പുതുപ്പരിയാരം, പുതുശേരി ഈസ്റ്റ് വില്ലേജുകളിലാണ്‌ ഹർത്താൽ ആചരിച്ചത്‌. നിർബന്ധപൂർവം കടകൾ അടപ്പിക്കുകയോ വാഹനങ്ങൾ തടയുകയോ ഉണ്ടായില്ല. സുപ്രീംകോടതി ഉത്തരവിനെതിരെ കേന്ദ്രസർക്കാർ ഇടപെടണമെന്ന്‌ ആവശ്യപ്പെട്ടായിരുന്നു ഹർത്താൽ.

അതിർത്തി പുനർനിർണയിക്കും മന്ത്രി എ.കെ.ശശീന്ദ്രൻ

സുപ്രിം കോടതിയുടെ ഇക്കോ സെൻസിറ്റിവ് സോൺ വിധിയെ മറികടക്കാനായി അന്തിമമായി വിജ്ഞാപനം ചെയ്യപ്പെടാത്ത വന്യജീവി സങ്കേതങ്ങളുടെ അതിർത്തി പുനർ നിർണയിച്ച് പ്രശ്നം പരിഹരിക്കാൻ ഉചിതമായ നടപടി സ്വീകരിക്കും. കേരളത്തിലെ വന്യജീവി സങ്കേതങ്ങളിൽ പലതും വന്യജീവി സംരക്ഷണ നിയമത്തിലെ 26. എ വകുപ്പ് പ്രകാരം അന്തിമ വിജ്ഞാപനം ചെയ്യപ്പെട്ടവയല്ല. ഇക്കാര്യം വനം വകുപ്പിന്റെ ഹൈക്കോടതിയിലെ അഭിഭാഷകനെ വിളിച്ച് ഉറപ്പാക്കിയിട്ടുണ്ട്. സർക്കാർ ഈ കാര്യം ഗൗരവമായി പരിഗണിക്കും.

പരിഹാരത്തിന് ശ്രമിക്കണം അലക്സ് ഒഴികയില്‍ (കിഫ ചെയര്‍മാന്‍)

ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പഠിച്ച് ശാസ്ത്രീയമായും നിയമപരമായും പരിഹാരത്തിന് ശ്രമിക്കണം. സുപ്രീം കോടതിയിൽ കക്ഷി ചേർന്ന് പരിഹാരം കാണാം എന്നതു കണ്ണടച്ചു ഇരുട്ടാക്കലാണ്. ഈ വിധിയിൽ പരാതിയുള്ളവർക്ക് സിഇസിയെ സമീപിക്കാമെന്ന് വിധിയിലുണ്ട്. ഒരു കിലോമീറ്റർ വരെ ബഫർ സോൺ ആകാമെന്നുള്ള വനം ഉത്തരവ് റദ്ദാക്കി പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു സാഹചര്യത്തിൽ ബഫർ സോൺ പൂജ്യം കിലോമീറ്ററിൽ നിജപ്പെടുത്തുകയും കേരളത്തിൽ ബഫർസോൺ പ്രായോഗികമല്ല എന്നത് ഡേറ്റയുടെ അടിസ്ഥാനത്തിൽ കേന്ദ്രത്തെ ബോധിപ്പിക്കുകയും ചെയ്യണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com