പന്തുകളിയിൽ മാത്രമല്ല, സഹായത്തിനും മുൻപന്തിയിലുണ്ട് ചലഞ്ചേഴ്സ് ക്ലബ്

എടത്തനാട്ടുകര ചലഞ്ചേഴ്സ് ക്ലബ് അംഗങ്ങൾ.
എടത്തനാട്ടുകര ചലഞ്ചേഴ്സ് ക്ലബ് അംഗങ്ങൾ.
SHARE

അലനല്ലൂർ ∙ മലയോര ഗ്രാമമായ എടത്തനാട്ടുകരയിൽ കൃഷിക്കു മാത്രമല്ല, ഫുട്ബോളിനുമുണ്ട് നല്ല വേരോട്ടം. 50 വർഷം മുൻപ് കിളിർത്ത ഈ സ്പോർട്സ് ക്ലബ്ബിന് ഇന്ത്യൻ ടീമിലേക്കു വരെ താരങ്ങളെ നൽകാനുള്ള ഉയരമുണ്ട് ഇപ്പോൾ. ഫുട്ബോളിന്റെയും ജീവകാരുണ്യപ്രവർത്തനങ്ങളുടെയും കാര്യത്തിൽ ഏതു ‘വെല്ലുവിളിയും’ നേരിടാൻ എടത്തനാട്ടുകരയെ സജ്ജമാക്കുന്ന ഘടകമാണ് ‘ചലഞ്ചേഴ്സ് ക്ലബ്’. കായിക രംഗത്തെ പരിമിതികൾ മറികടക്കുന്ന കാര്യത്തിലുമുണ്ട് ഈ കരുത്ത്. സ്വന്തമായി കളിക്കളം ഇല്ലാത്തതിന്റെ കുറവു നികത്താൻ ഗവ. ഹൈസ്കൂൾ മൈതാനം ഏറ്റെടുത്ത് നവീകരിച്ചു. വിവിധ ഘട്ടങ്ങളിലായി 20 ലക്ഷത്തോളം രൂപയാണ് ഇതിനായി മുടക്കിയത്. എഴുപതുകളിലാണ് ചലഞ്ചേഴ്സ് ക്ലബ് രൂപംകൊള്ളുന്നത്. 

എടത്തനാട്ടുകര ചലഞ്ചേഴ്സ് ക്ലബ് പ്രസിഡന്റ് സി.ഷാജി, സെക്രട്ടറി  കെ.ടി.ജഫീർ.
എടത്തനാട്ടുകര ചലഞ്ചേഴ്സ് ക്ലബ് പ്രസിഡന്റ് സി.ഷാജി, സെക്രട്ടറി കെ.ടി.ജഫീർ.

അതിനു മുൻപ് തന്നെ ഫുട്ബോൾ കൂട്ടായ്മകൾ ഇവിടെ സജീവമായിരുന്നു. കാരണവന്മാരും യുവാക്കളും ഒരുപോലെ മുന്നിട്ടിറങ്ങിയപ്പോൾ പ്രദേശത്തിന്റെ അഭിമാനമായ ചലഞ്ചേഴ്‌സ് ക്ലബ് നിലവിൽ വരികയും നിലനിൽക്കുകയും ചെയ്തു. ഇന്ത്യൻ താരമായ വി.പി സുഹൈർ വരെയുള്ള നൂറുകണക്കിനു താരങ്ങളെ വളർത്തിയെടുത്ത മികവിന് അംഗീകാരമായി ഏറെ പുരസ്കാരങ്ങളും ലഭിച്ചു. 2020-21ലെ മനോരമയുടെ സ്പോർട്സ് ക്ലബ് പുരസ്കാരത്തിൽ സംസ്ഥാന തലത്തിൽ മൂന്നാമതെത്തി. 170 അംഗങ്ങളുണ്ട്. 125 കുട്ടികളുമുണ്ട്. ഇവർക്കായി ഫുട്ബോൾ അക്കാദമി അടക്കം പ്രവർത്തിക്കുന്നു.സന്നദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി പുതിയ അധ്യയന വർഷത്തിൽ 7 എൽപി സ്കൂളുകളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. 

എടത്തനാട്ടുകര ഹൈസ്കൂളിന്റെ പ്രവേശന കവാടം, ഓഡിറ്റോറിയം എന്നിവ ക്ലബ്ബിന്റെ സംഭാവനയാണ്.പെയിൻ ആൻഡ് പാലിയേറ്റീവ് കേന്ദ്രത്തിനു കെട്ടിടവും സമ്മാനിക്കാനായി. കോവിഡ് കാലത്തും ക്ലബ്ബിന്റെ കരുതൽ നാട് അനുഭവിച്ചു.ഭിന്നശേഷിക്കാരെയും സാമ്പത്തിക പ്രയാസം നേരിടുന്നവരെയും സഹായിക്കാനായി പ്രത്യേക പദ്ധതി തന്നെയുണ്ട്. ക്ലബ് നടത്തുന്ന അഖിലേന്ത്യാ ടൂർണമെന്റുകളുടെ ലാഭവിഹിതം നാട്ടുകാർക്കു കൂടി അവകാശപ്പെട്ടതാണെന്ന് ക്ലബ് പ്രസിഡന്റ് സി.ഷാജി, സെക്രട്ടറി കെ.ടി.ജഫീർ എന്നിവർ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS