ADVERTISEMENT

പാലക്കാട് ∙ ഈ മാസം എട്ടിനായിരുന്നു മകയിരം ഞാറ്റുവേല. മഴ മതിമറന്നു പെയ്യേണ്ട മകയിരം ‍ഞാറ്റുവേലയിൽ ചാറ്റൽമഴ പോലും ലഭിച്ചില്ല. അതിനു ശേഷം 22നു തിരുവാതിര ഞാറ്റുവേല ആരംഭിച്ചു. തിരിമുറിയാതെ പെയ്യേണ്ട തിരുവാതിര ഞാറ്റുവേലയിൽ നാട് തീക്കട്ടപ്പോലെ ചുട്ടുപൊള്ളുകയാണ്. ജൂലൈ 6നു പുണർതം ഞാറ്റുവേല ആരംഭിക്കും. പുണർതത്തിൽ പുഴ പോലെ മഴയെന്നാണു ചൊല്ല്. അതുകഴിഞ്ഞു ജൂലൈ 20നു പൂയം ഞാറ്റുവേല ആരംഭിക്കും പൂയത്തിൽ മഴ പുകഞ്ഞു നി‍ൽക്കും. അതായതു ചന്നംപിന്നം ചാറി നിൽക്കും. ഈ 4 ഞാറ്റുവേലകളാണു നാടിനും പാടത്തേക്കും ‘ദാഹജലം’ എത്തിക്കുന്നത്, ഡാമുകൾ ഏറെക്കുറെ നിറയ്ക്കുന്നത്. 

പിന്നീടാണു തുലാവർഷത്തിന്റെ പെയ്ത്ത്. ഇടവപ്പാതിയിൽ ‍‍പാടങ്ങളും ‍ഡാമും ജലസമൃദ്ധമായാൽ പാലക്കാടിന്റെ മനം നിറയും. ഒരു വർഷത്തേക്കാവശ്യമായ ദാഹജലവും ജലസേചനവും ഉറപ്പാക്കാൻ ഈ മഴ മതി. പക്ഷേ, ഇക്കൊല്ലം സ്ഥിതി മാറി. നെല്ലറയായ ജില്ല തിരുവാതിര ഞാറ്റുവേലയിലും തീക്കട്ടപ്പോലെ പൊള്ളുകയാണ്. വല്ലപ്പോഴും മഴ ചാറിയാൽ ആയി. ഇതാണു സ്ഥിതി. ഒപ്പം ജില്ലയുടെയും കൃഷിക്കാരുടെയും മനസ്സും ആധി കൊണ്ടു ചുട്ടു നീറുകയാണ്. ഇനിയും മഴ പെയ്തില്ലെങ്കിൽ പാലക്കാട് വരണ്ടുണങ്ങും. കൃഷി കരിയും. പിന്നെ പാലക്കാടിനു പിടിച്ചു നിൽക്കാനാകില്ല.

മഴ കാത്ത്  ഡാമുകൾ

ജില്ലയിലെ ഡാമുകളിൽ വിനിയോഗ ശേഷിയിലുള്ളതു ശരാശരി 30% ജലം മാത്രം. കഴിഞ്ഞ വർഷം ലഭിച്ച മഴസമൃദ്ധിയുടെ ബാക്കിയാണിത്. ഇക്കൊല്ലം ഒന്നാം വിളയ്ക്കു തന്നെ ഞാറ്റടിക്കും നടീലിനുമായി ഡാമുകൾ തുറന്നു ജലം ലഭ്യമാക്കേണ്ടി വന്നു. 

∙ മലമ്പുഴ, മംഗലം, പോത്തുണ്ടി ഡാമുകളിൽ ഇപ്പോഴും ജലസേചനം തുടരുന്നു. 

∙ പറമ്പിക്കുളം–ആളിയാ‍ർ പദ്ധതിയിൽ നിന്നു ചിറ്റൂർപ്പുഴ പദ്ധതി പ്രദേശങ്ങളിലേക്കും ജലം ലഭ്യമാക്കുന്നുണ്ട്. 

∙ മലമ്പുഴ ഡാമിൽ നിന്ന് ഇനി ആറോ ഏഴോ ദിവസം കൂടി മാത്രമേ ഒന്നാം വിളയ്ക്കായി ജലം ലഭ്യമാക്കാനാക്കൂ. ശേഷം ഡാം അടയ്ക്കും. മംഗലം, പോത്തുണ്ടി ഡാമുകളിലും സ്ഥിതി വ്യത്യസ്തമല്ല. 

∙ നിലവിലെ സാഹചര്യത്തിൽ ഡാമുകൾ ഇതി‍ൽക്കൂടുതൽ ദിവസം തുറക്കാനാകില്ല. 

∙ അടുത്ത ആഴ്ചയ്ക്കുള്ളിൽ മഴ ശക്തിപ്പെട്ടില്ലെങ്കിൽ ജില്ലയിലെ ഒന്നാം വിള അപ്പാടെ താളം തെറ്റും. 

∙ മലമ്പുഴ ഡാമിൽ ഇതുവരെ 60–70% ആയക്കെട്ടു പ്രദേശത്തു വെള്ളം എത്തിച്ചു നടീൽ പുരോഗതിയിലാണ്. മംഗലം ഡാമിൽ 50% പ്രദേശത്തും പോത്തുണ്ടി ഡാം പരിധിയിൽ 75% പ്രദേശത്തും വെള്ളം എത്തിക്കാനായിട്ടുണ്ട്. 

∙ ചിറ്റൂർപ്പുഴ പദ്ധതി പ്രദേശത്തും ജലവിതരണം പുരോഗതിയിലാണ്.

 

ഇനിയെങ്കിലും മഴ കനിഞ്ഞാൽ

ഇനിയെങ്കിലും മഴ കഴിഞ്ഞാൽ 10 ദിവസത്തിനുള്ളിലെങ്കിലും നടീൽ പൂർത്തിയാക്കാനാകും. തുടർ കാർഷിക പ്രവൃത്തികളും അധികം കാലതാമസമില്ലാതെ നടത്താനാകും.

മഴ കനിഞ്ഞില്ലെങ്കിൽ

∙ ഡാമുകൾ അടയ്ക്കുന്നതോടെ ഒന്നാം വിളയുടെ സ്ഥിതി ആശങ്കയിലാകും

∙ ഇതിന്റെ തുടർച്ചയായ രണ്ടാം വിളയും അവതാളത്തിലാകും. ജില്ലയുടെ കാർഷിക മേഖല ആകെ പതിരാകും.

ചിറ്റൂർപ്പുഴ  പദ്ധതി 

∙ 17.82 ടിഎംസി പരമാവധി സംഭരണ ശേഷിയുള്ള പറമ്പിക്കുളം അണക്കെട്ടിൽ നിലവിൽ 11.97 ടിഎംസിയാണു ജലനിരപ്പ്. ഡാം സുരക്ഷയ്ക്കുള്ള കരുതൽ ശേഖരം കൂടി കഴിഞ്ഞാൽ വിനിയോഗിക്കാവുന്ന അവസ്ഥയിലുള്ളത് 5–6 ടിഎംസി ജലം മാത്രം

∙ 3.864 ടിഎംസിയാണ് ആളിയാർ ഡാമിന്റെ പരമാവധി സംഭരണശേഷി. നിലവിലുള്ളത് 1.949 ടിഎംസി ജലം.

കലണ്ടർ  പ്രകാരം നടീൽ ഇന്നു വരെ 

ഒന്നും രണ്ടും വിള നെൽക്കൃഷി ഉണക്കം കൂടാതെ കൊയ്തെടുക്കാൻ ജലസേചന, കൃഷി വകുപ്പുകളും കർഷക പ്രതിനിധികളും സംയുക്തമായി തയാറാക്കിയ കാർഷിക കലണ്ടർ പ്രകാരം ജില്ലയിൽ ഇന്നത്തോടെ ഒന്നാം വിള നടീൽ പൂർത്തിയാകണം. ഇതിനാണു മഴ വൈകിയപ്പോൾ ഡാമുകൾ അടിയന്തരമായി തുറന്നത്. എന്നാൽ, പിന്നെയും മഴ പെയ്യാൻ മറന്നതോടെ ജില്ലയിലെ കാർഷിക പ്രവൃത്തികളിൽ ആശങ്ക തളം കെട്ടുകയാണ്. 

∙ കാർഷിക കലണ്ടർ പ്രകാരം ജൂൺ10 മുതൽ 25 വരെയുള്ള കാലയളവിൽ നടീൽ പൂർത്തിയാക്കണമായിരുന്നു. 

∙ യഥാസമയം നടീൽ പൂർത്തിയാക്കി സെപ്റ്റംബർ അവസാനം മുതൽ ഒക്ടോബർ രണ്ടാം വാരത്തിനുള്ളിൽ  കൊയ്ത്തു പൂർത്തീകരിക്കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com