ADVERTISEMENT

കൊല്ലങ്കോട് ∙ ഊട്ടറയിൽ റെയിൽവേ മേൽപാലത്തിനു കല്ലിട്ടിട്ട് ഒരു വർഷം; റെയിൽവേ അനുമതി ലഭിക്കാത്തതിനാൽ സ്ഥലം ഏറ്റെടുക്കൽ നടപടികൾ വൈകുന്നു. കൊല്ലങ്കോട്- പുതുനഗരം– പാലക്കാട് റോഡിൽ ഊട്ടറ ലവൽ ക്രോസിൽ റെയിൽവേ മേൽപാലവും ഗായത്രിപ്പുഴയ്ക്കു കുറുകെ പുതിയ പാലവും നിർമിക്കാനായി കിഫ്ബിയിൽ 20 കോടി രൂപ അനുവദിച്ചിരുന്നു.
   ഇതിനുള്ള സ്ഥലം ഏറ്റെടുക്കാനായി കഴിഞ്ഞ വർഷം ജൂൺ 25 മുതൽ‍ കല്ലിട്ടിരുന്നു. ഊട്ടറ റെയിൽവേ മേൽപാലത്തിനായി 0.9535 ഹെക്ടർ സ്ഥലവും ഊട്ടറ പുഴപ്പാലത്തിനായി 0.2875 ഹെക്ടർ സ്ഥലവുമാണ് വടവന്നൂർ, കൊല്ലങ്കോട് 1 വില്ലേജുകളിൽ നിന്നായി ഏറ്റെടുക്കേണ്ടിവരിക. 

റെയിൽവേ മേൽപാലവുമായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതൽ സ്ഥലം ഏറ്റെടുക്കുന്നത്. ഇതിലാണു വീടുകൾ ഉൾപ്പെടെ നഷ്ടപ്പെടുന്നതും. സ്ഥലം ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ച് അതിന്റെ പണം സ്ഥലം ഉടമകൾക്കു ലഭിച്ചാൽ മാത്രമേ അവർക്കു പകരമൊരു വീട് നിർമിക്കാൻ കഴിയുകയുള്ളുവെന്ന സ്ഥിതിയുണ്ട്. എന്നാൽ മേൽപാലത്തിനായി റോഡ്സ് ആൻഡ് ബ്രിജസ് വിഭാഗം നൽകിയ പ്ലാനിൽ റെയിൽവേ നിർമാണ വിഭാഗം തിരുത്തലുകൾ നിർദേശിച്ചതോടെ പദ്ധതി നടപടികൾ വൈകി. പാലക്കാട്-പൊള്ളാച്ചി റെയിൽവേ ലൈനിൽ ഭാവിയിൽ വരുന്ന മാറ്റങ്ങൾക്ക് അനുസൃതമായ തിരുത്തലുകളാണു റെയിൽവേ നിർദേശിച്ചിരിക്കുന്നത്. ഇതനുസരിച്ചുള്ള പുതുക്കിയ പദ്ധതി റെയിൽവേയ്ക്കു സമർപ്പിച്ചിട്ടുണ്ടെങ്കിലും അന്തിമ അനുമതി ലഭിച്ചിട്ടില്ല.

ഊട്ടറ പുഴപ്പാലം: സ്ഥലം ഏറ്റെടുക്കാൻ അനുമതിയായി

ഗായത്രിപ്പുഴയ്ക്കു കുറുകെ ഊട്ടറ പുഴപ്പാലത്തിനു സ്ഥലം ഏറ്റെടുക്കാൻ ജില്ലാ കലക്ടറുടെ അനുമതിയായിട്ടുണ്ട്. ഗായത്രിപ്പുഴയ്ക്കു കുറുകെയുള്ള നിലവിലെ പാലത്തിന്റെ ബലക്ഷയം കണക്കിലെടുത്താണു പുതിയ പാലം നിർമിക്കുന്നത്.    ഇതിനു സ്ഥലം നൽകാനുള്ളവർ നേരത്തെ തന്നെ അതിനുള്ള സമ്മതം അറിയിച്ചിട്ടുണ്ട്. ജില്ലാ കലക്ടറുടെ അനുമതിയായതോടെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കി ടെൻഡറിലേക്കു കടക്കാൻ തയാറാവുകയാണു കൊച്ചിയിലെ പൊതുമരാമത്തു വകുപ്പിന്റെ റോഡ്സ് ആൻഡ് ബ്രിജസ് നിർമാണ വിഭാഗം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com