ADVERTISEMENT

പല്ലശ്ശന ∙ ജീവിത നൊമ്പരങ്ങൾക്കു മുന്നിൽ പതറാതെ പഠിച്ചു വിജയിച്ചു കാണിക്കുകയാണു പല്ലാവൂർ എംകെ തറയിൽ കെ.ദേവന്റെ മകൾ ഡി.മധുബാല. കൊടുവായൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്നു പ്ലസ്ടു ഹ്യുമാനിറ്റീസിൽ 1172 മാർക്കുമായി സമ്പൂർണ എപ്ലസ് നേടിയ മധുബാലയുടെ വിജയം ജീവിത സാഹചര്യങ്ങളോടു പൊരുതാനുള്ള വിജയം കൂടിയാണ്. പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കുഞ്ഞു വീടിനുള്ളിൽ ഞെരുങ്ങിയുള്ള ജീവിതത്തിനിടയിലും സിവിൽ സർവീസ് സ്വപ്നം കാണുന്നതും വെറുതെയല്ല, പോരാടുമെന്ന് ഉറച്ചു തന്നെയാണ്. മരപ്പണി ചെയ്തു ലഭിക്കുന്ന അച്ഛന്റെ തുച്ഛമായ വരുമാനമാണു കുടുംബത്തിന്റെ പ്രധാന ആശ്രയം.

ഇന്നും  അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം നേടാൻ ദേവൻ പരിശ്രമിക്കുകയാണ്. ലൈഫ്ഭവന പദ്ധതിയിൽ അപേക്ഷിച്ചു പട്ടികയിലിടം നേടിയെങ്കിലും എന്നു വീട് ലഭിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. അമ്മ ലക്ഷ്മിയുടെ മരണ ശേഷം അച്ഛനും അച്ഛന്റെ സഹോദരിമാരും ജ്യേഷ്ഠനുമെല്ലാം നൽകിയ പിന്തുണയിലായിരുന്നു മധുബാലയുടെ പഠനം. അച്ഛൻ രണ്ടാമതു വിവാഹം കഴിച്ചപ്പോൾ അവരും പഠനത്തിനു വേണ്ട പിന്തുണയുമായി ഒപ്പം നിന്നു.

വീട്ടിലെ പരിമിതികൾ തന്റെ പഠനത്തെ ഒരു തരത്തിലും ബാധിക്കാതെ മുന്നോട്ടു കൊണ്ടു പോകാൻ മധുബാല പ്രത്യേകം ശ്രദ്ധിച്ചതും കൊടുവായൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലും അധ്യാപകരുമെല്ലാം പ്രത്യേക വാത്സല്യത്തോടെ ഒപ്പം ചേർത്തു നിർത്തിയതും പ്ലസ്ടുവിൽ മികച്ച വിജയം നേടാൻ തന്നെ സഹായിച്ചതായി മധുബാല പറഞ്ഞു. ഇനി ചരിത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവുമെല്ലാം നേടി സിവിൽ സർവീസിലേക്ക് എത്തണം. അതിനൊപ്പം അടച്ചുറപ്പുള്ളൊരു വീടും വേണം.  പ്രതിബന്ധങ്ങൾ ഏറെയുണ്ടെങ്കിലും അതെല്ലാം മറികടന്നു ലക്ഷ്യ സ്ഥാനത്തെത്തുമെന്ന വിശ്വാസത്തിലാണു മധുബാല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com