ADVERTISEMENT

മണ്ണാർക്കാട്∙ അട്ടപ്പാടി മധു വധക്കേസിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സി.രാജേന്ദ്രൻ സർക്കാരിനു രാജിക്കത്തു നൽകി. പ്രോസിക്യൂട്ടർ സ്ഥാനത്തു നിന്നു രാജേന്ദ്രനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മധുവിന്റെ കുടുംബം രംഗത്തു വന്ന സാഹചര്യത്തിലാണ് രാജിക്കത്തു നൽകിയത്. ആൾക്കൂട്ട ആക്രമണത്തിന് ഇരയായി അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിന്റെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്തു നിന്നാണു സി.രാജേന്ദ്രൻ രാജി നൽകിയത്.

ഫെബ്രുവരി 16നാണ് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി സി.രാജേന്ദ്രനെയും അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടറായി രാജേഷ് എം. മേനോനെയും നിയമിച്ചത്. ആദ്യം നിയമിച്ച സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ വി.ടി.രഘുനാഥൻ ആരോഗ്യകാരണങ്ങളാൽ കോടതിയിൽ ഹാജരായിരുന്നില്ല.  ഇതു കാരണം വിചാരണ നീണ്ടുപോയതിനെത്തുടർന്ന് മധുവിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. വിചാരണ വൈകുന്നതു മാധ്യമങ്ങളിൽ ചർച്ചയാവുകയും ചെയ്തതോടെയാണ് പുതിയ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെയും അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടറെയും നിയമിച്ചത്. മധുവിന്റെ കുടുംബമാണു രണ്ടു പേരെയും നിർദേശിച്ചത്. സാക്ഷിവിസ്താരത്തിനിടെ പത്തും പതിനൊന്നും സാക്ഷികളായ ഉണ്ണിക്കൃഷ്ണനും ചന്ദ്രനും കൂറുമാറിയിരുന്നു. 

ഇതേത്തുടർന്നാണ് രാജേന്ദ്രനെ മാറ്റി അഡീഷനൽ പ്രോസിക്യൂട്ടർ രാജേഷ് എം. മേനോനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മധുവിന്റെ അമ്മ മല്ലി വിചാരണക്കോടതിയിലും ഹൈക്കോടതിയിലും സർക്കാരിനും ഹർജി നൽകിയത്.   രാജേന്ദ്രനെ മാറ്റുന്നതു വരെ വിചാരണ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മധുവിന്റെ കുടുംബം ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഈ മാസം 28 വരെ സ്റ്റേ ലഭിക്കുകയും ചെയ്തു. മധുവിന്റെ കുടുംബത്തെ ചിലർ തെറ്റിദ്ധരിപ്പിച്ചതാണ് തന്നെ മാറ്റണമെന്ന ആവശ്യം ഉന്നയിക്കാൻ കാരണമെന്നും അവരെ തെറ്റിദ്ധരിപ്പിക്കുന്നവരുടെ ലക്ഷ്യം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സി.രാജേന്ദ്രൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com