പത്തര അടി ഉയരം, ശരീരത്തിലെ ചുളിവുകൾ പോലും അതേപോലെ; പ്രൗഢിയോടെ 'മംഗലാംകുന്ന് ഗണപതി' പാർക്കിൽ...

മംഗലാപുരത്തെ പിലിക്കുള പാർക്കിൽ തീർത്ത മംഗലാംകുന്ന് ഗണപതിയുടെ ശിൽപത്തിനരികെ വിനോദും മനോജും.
മംഗലാപുരത്തെ പിലിക്കുള പാർക്കിൽ തീർത്ത മംഗലാംകുന്ന് ഗണപതിയുടെ ശിൽപത്തിനരികെ വിനോദും മനോജും.
SHARE

ചെർപ്പുളശ്ശേരി ∙ മംഗലാപുരത്തെ പിലിക്കുള പാർക്കിന്റെ പ്രവേശന കവാടത്തിനു സമീപത്ത് ലക്ഷണത്തികവുള്ള മംഗലാംകുന്ന് ഗണപതിയുടെ കോൺക്രീറ്റ് ശിൽപം നിർമിച്ച് സഹോദരങ്ങൾ. ചളവറയിലെ പുളിന്തറ കുറുത്തൊടി മേലേപ്പാട്ടിൽ മനോജ് (32), വിനോദ് (30) എന്നിവരാണ് നിർമാണത്തിനു പിന്നിൽ.പാർക്കിന്റെ നടത്തിപ്പ് ചുമതലയുള്ള മലയാളികളായ ജയേഷും സുനിലും ആവശ്യപ്പെട്ടതനുസരിച്ചാണ് പൂരപ്രേമികളുടെ ആവേശമായിരുന്ന മംഗലാംകുന്ന് ഗണപതിയുടെ പൂർണകായ ശിൽപം പാർക്കിൽ നിർമിച്ചതെന്ന് സഹോദരങ്ങൾ പറഞ്ഞു. പാർക്കിലെത്തുന്ന സഞ്ചാരികൾക്ക് മംഗലാംകുന്ന് ഗണപതിയുടെ സ്മരണ എന്നെന്നും നിലനിർത്തുന്നതിനായി അടുത്ത ദിവസം തന്നെ ശിൽപം സമർപ്പിക്കും. 

ഒൻപതേമുക്കാൽ അടിയാണ് ശരിക്കുമുള്ള ഉയരമെങ്കിലും പത്തര അടി ഉയരമുണ്ട് പാർക്കിൽ നിർമിച്ച ഗണപതി ശിൽപത്തിന്. പാർക്കിന്റെ പ്രവേശനകവാടം കടന്ന ഉടൻ ആനയെ കാണുന്ന വിധത്തിലാണ് ശിൽപം ഒരുക്കിയിരിക്കുന്നത്. ഗണപതി ഓർമയായിട്ട് 3 വർഷം പിന്നിട്ടെങ്കിലും ഇത്രയും വലിയ ഗണപതിയുടെ പൂർണകായ ശിൽപം ഇന്ത്യയിൽ തന്നെ ആദ്യത്തേതാണ്. മംഗലാംകുന്ന് ആനത്തറവാടിന്റെ തലയെടുപ്പും തിടമ്പുമൊക്കെയായിരുന്ന മംഗലാംകുന്ന് ഗണപതിയുടെ അതേ രൂപവും ഭാവവും ശരീരത്തിലെ ചുളിവുകൾ പോലും ശിൽപത്തിൽ കാണാൻ കഴിയും.തലയെടുപ്പിലും നാട്ടാനയുടെ സൗന്ദര്യത്തിലും‍ നിൽക്കുന്ന ശിൽപം കാണുന്നവരും മംഗലാംകുന്ന് ഗണപതിയാണിതെന്ന്  തലകുലുക്കി സമ്മതിക്കും.

നേരത്തെ മംഗലാംകുന്ന് കർണന്റെ കോൺക്രീറ്റ് ശിൽപം മലപ്പുറം താഴെക്കോട്ടെ ഒരു വീട്ടുമുറ്റത്തും പാമ്പാടി രാജന്റെ ശിൽപം  ചളവറ കുബേര ക്ഷേത്രത്തിലും നിർമിച്ചിട്ടുണ്ട് ഈ സഹോദരങ്ങൾ, പൊൽപ്പുള്ളിയിലാണ് ഗുരുവായൂർ കേശവന്റെ ശിൽപം നിർമിച്ചത്. സ്വന്തം വീട്ടുമുറ്റത്ത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ശിൽപവും ഒരുക്കിയിട്ടുണ്ട് ഇവർ. അഞ്ചാമത്തെ ശിൽപമാണ് മംഗലാപുരത്ത് നിർമിച്ച മംഗലാകുന്ന് ഗണപതിയുടേത്. ഗുരുവായൂർ പത്മനാഭൻ, തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, പാമ്പാടി രാജൻ, തിരുവമ്പാടി ശിവസുന്ദർ, പുതുപ്പള്ളി കേശവൻ, ചെർപ്പുളശ്ശേരി ശേഖരൻ, ചെർപ്പുളശ്ശേരി പാർഥൻ, മംഗലാംകുന്ന് കർണൻ തുടങ്ങി നൂറുകണക്കിന് ആനകളെ ഈ സഹോദരങ്ങൾ 8 വർഷക്കാലത്തിനിടെ ഫൈബറിൽ നിർമിച്ചിട്ടുണ്ട്. 

ഏതെങ്കിലും ഒരു ആനയെ സ്വന്തമാക്കണമെന്നായിരുന്നു മനോജിന്റെയും വിനോദിന്റെയും മോഹം. എന്നാൽ ഇതു നടക്കാതെ വന്നപ്പോൾ പൂരങ്ങളും ഉത്സവങ്ങളും വിടാതെ കണ്ട് ആനയെ അടുത്തറിയാനുള്ള ശ്രമം തുടങ്ങി.     പൂരപ്പറമ്പുകളിൽ നിന്നുതന്നെ ആനകളെ നിരീക്ഷിച്ച് അതിന്റെ ആകാരവടിവും രൂപവും ലക്ഷണവും മൊബൈലിൽ പകർത്തുകയാണ് ആദ്യം ചെയ്യുന്നത്. പിന്നെയാണു ശിൽപ നിർമാണം. രാമചന്ദ്രൻ,രാമകൃഷ്ണൻ, രാജീഷ് കോനായി എന്നിവരാണ് ശിൽപനിർമാണത്തിൽ മനോജിനെയും വിനോദിനെയും സഹായിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS