ADVERTISEMENT

ചിറ്റൂർ∙ സബ് ആർടിഒ ഓഫിസിൽ ഡ്രൈവിങ് ടെസ്റ്റിനുള്ള അപേക്ഷകൾ കെട്ടിക്കിടക്കുന്നതായി പരാതി. ലേണേഴ്സ് ടെസ്റ്റ് കഴിഞ്ഞ് വീണ്ടും ഫീസ് അടച്ച് ഡ്രൈവിങ് ടെസ്റ്റിനായി കാത്തിരിക്കേണ്ട സ്ഥിതിയാണ്. മാസങ്ങളായി ചിറ്റൂർ സബ് ആർടിഒ ഓഫിസിലെ ഡ്രൈവിങ് ടെസ്റ്റ് മന്ദഗതിയിലാണ്. നിലവിൽ അയ്യായിരത്തി അഞ്ഞൂറോളം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. മുൻ കാലങ്ങളിൽ ഒരു ദിവസം തന്നെ നൂറിലേറെ ടെസ്റ്റുകൾ നടത്തിയിരുന്നു. എന്നാൽ, ഇപ്പോൾ 50 ടെസ്റ്റിൽ താഴെ മാത്രമാണ് ഓരോ ദിവസവും നടക്കുന്നത്.

ഇത്രയും ആളുകളുടെ ലേണേഴ്സ് ടെസ്റ്റ് കഴിഞ്ഞതോടെ സർക്കാരിലേക്കുള്ള ഫീസ് ലഭിച്ചു കഴിഞ്ഞു. ലേണേഴ്സ് ടെസ്റ്റ് കഴിഞ്ഞ് 6 മാസത്തിനുള്ളിൽ ഡ്രൈവിങ് ടെസ്റ്റ് കഴിയേണ്ടതുണ്ട്. എന്നാൽ നൂറുകണക്കിന് ആളുകളാണ് 6 മാസവും പൂർത്തിയായി വീണ്ടും പിഴത്തുകയായ 300 രൂപ അടച്ച് ഡ്രൈവിങ് ടെസ്റ്റിനായി കാത്തിരിക്കുന്നത്. ലൈസൻസിന്റെ കാലാവധി കഴിഞ്ഞ് പുതുക്കാനായി കാത്തിരിക്കുന്നവരുമുണ്ട്. വൈകുന്തോറും ഒട്ടേറെ ആളുകൾക്ക് വീണ്ടും പിഴയൊടുക്കേണ്ടി വരുമെന്ന ആശങ്കയുണ്ട്. അധികൃതർ ഇടപെട്ട് ഉടൻ പരിഹാരം കാണണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. 

ചിറ്റൂർ സബ് ആർടിഒ ഓഫിസിലെ 2 മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരിൽ ഒരാളെ ചെക്പോസ്റ്റ് ഡ്യൂട്ടിക്ക് നിയമിച്ചതാണ് ഡ്രൈവിങ് ടെസ്റ്റിനുള്ള അപേക്ഷകൾ കെട്ടിക്കിടക്കാൻ കാരണമെന്ന് ജോയിന്റ് ആർടിഒ അറിയിച്ചു. 2 പേർ ഉണ്ടെങ്കിൽ മാത്രമേ ഇത്രയും ടെസ്റ്റുകൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയൂ. ഇതു സംബന്ധിച്ച് ഒട്ടേറെ പരാതികൾ വരുന്നുണ്ട്. ഒരു മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറെ കൂടി നിയമിക്കുന്ന കാര്യം ഡപ്യൂട്ടി കമ്മിഷണറുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com