ADVERTISEMENT

പാലക്കാട് ∙ വിവിധ ആവശ്യങ്ങൾക്കും സേവനങ്ങൾക്കും നൽകുന്ന അപേക്ഷകൾക്കൊപ്പം ‘ഹരിതകർമ സേനയ്ക്ക് ’ യൂസർഫീസ് നൽകിയതിന്റെ  രസീതും ആവശ്യപ്പെട്ട് ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ. പല പഞ്ചായത്തുകളും ഭരണസമിതിയിൽ ഇക്കാര്യം തീരുമാനിച്ച് ഓഫിസുകളിൽ നോട്ടിസുകൾ പതിപ്പിക്കുകയും സമൂഹമാധ്യമങ്ങൾ വഴി പ്രചാരണം നടത്തുകയും ചെയ്യുന്നുണ്ട്.

വീട്ടിലും നാട്ടിലും കുന്നുകൂടിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ, ചില്ലുകൾ, ഇ–വേസ്റ്റുകൾ എന്നിവ ശേഖരിക്കുന്ന ഹരിതകർമ സേനയ്ക്ക്  പൊതുജനങ്ങൾ ഗൗരവമായ പരിഗണന നൽകുന്നില്ലെന്ന ആക്ഷേപം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇത്തരം തീരുമാനങ്ങളുമായി മുന്നോട്ടുപോകുന്നതെന്ന് തദ്ദേശസ്ഥാപനങ്ങൾ അറിയിച്ചു. പണം വാരിക്കോരി ചെലവാക്കുന്നവരായാലും ഹരിത കർമസേനക്കാർക്കു പണം കൊടുക്കാൻ മടിയാണ്. വീടുകളിൽനിന്നു മാസം പരമാവധി 50 രൂപ വരെയാണ് ഫീസ് ഈടാക്കുന്നത്.

കടകളിൽനിന്ന് 100 രൂപ മുതലും ഈടാക്കുന്നുണ്ട്. നമ്മൾ സാധനങ്ങൾ വാങ്ങുമ്പോൾ കിട്ടുന്ന പ്ലാസ്റ്റിക് ഒഴിവാക്കാൻ നമ്മൾ തന്നെ പണം മുടക്കേണ്ടതെന്തിനെന്നാണ് പലരും ചോദിക്കുന്നതെന്ന് ഹരിതകർമ സേനാംഗങ്ങൾ പറയുന്നു. പണം കൊടുക്കാൻ മടിക്കുന്ന പലരും പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ടു കത്തിക്കുകയോ വലിച്ചെറിയുകയോ ആണ്. പൊതുസ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നത് അര ലക്ഷം വരെ പിഴ ഈടാക്കാവുന്ന കുറ്റകൃത്യമാണ്.

തദ്ദേശ സ്ഥാപനങ്ങൾക്കും പൊലീസിനും ആരോഗ്യവകുപ്പിനുമെല്ലാം കേസെടുക്കാൻ വകുപ്പുകളുണ്ട്. പ്ലാസ്റ്റിക് കത്തിക്കുമ്പോഴുള്ള പുക കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. കുഴിച്ചിടുന്നതും വലിച്ചെറിയുന്നതുമെല്ലാം പരിസ്ഥിതിക്കു ദോഷമാണ്. അതേസമയം, ചില ഗ്രാമപഞ്ചായത്തുകളിലെങ്കിലും ഹരിതകർമ സേനയുടെ പ്രവർത്തനം കാര്യക്ഷമമല്ല. തദ്ദേശസ്ഥാപന ഭരണസമിതി തന്നെ ഇക്കാര്യത്തിൽ മതിയായ താൽപര്യം എടുക്കുന്നില്ലെന്നും ആക്ഷേപുമുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com