പാലക്കാട് ∙ പൂട്ടിക്കിടക്കുന്ന വീടുകളും സ്ഥാപനങ്ങളും ലക്ഷ്യമിട്ടുള്ള മോഷണ സംഘം വീണ്ടും ജില്ലയിലെത്തി. തമിഴ്നാട്ടിൽ നിന്നു വ്യാജ നമ്പർ പ്ലേറ്റുള്ള വാഹനത്തിൽ എത്തിയാണു മോഷണം. ദേശീയപാത മണപ്പുള്ളിക്കാവിനു സമീപം പണ്ടാരക്കാവിൽ കഴിഞ്ഞ ദിവസം രാത്രി കൊറിയർ സ്ഥാപനത്തിന്റെ പൂട്ടു തകർത്തു നടത്തിയ മോഷണത്തിൽ അരലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു. സമീപത്തെ വീടുകളിലും സംഘം എത്തി.
ദിവസങ്ങൾക്കു മുൻപു കൊട്ടേക്കാട്, പാലക്കാട് പുത്തൂർ എന്നിവിടങ്ങളിലും അടച്ചിട്ട വീടുകളിൽ മോഷണം നടത്തിയിരുന്നു. ജില്ലയിൽ പലയിടത്തും സമാന രീതിയിൽ മോഷണം നടന്നതോടെ മോഷ്ടാക്കളെ പിടിക്കാൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. മോഷ്ടാക്കൾ എത്തുന്നതു തമിഴ്നാട്ടിൽ നിന്നാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ സഞ്ചരിക്കുന്ന വാഹനത്തിന്റെ നമ്പറുകൾ വ്യാജമെന്നും കണ്ടെത്തി. നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിൽ നിന്നുള്ള സൂചനകളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗതിയിലാണ്. പകൽ സമയത്തെത്തി നിരീക്ഷണം നടത്തി രാത്രിയാണു മോഷണം. വീട് അടച്ചുപൂട്ടി പോകുന്നവർ മുൻകരുതൽ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.