ADVERTISEMENT

ചിറ്റൂർ∙ ‍അക്ഷയിന്റെ വിറയൽ ഇനിയും മാറിയിട്ടില്ല. അപകടമൊഴിഞ്ഞതിന്റെയും രണ്ടു ജീവൻ രക്ഷപ്പെട്ടതിന്റെ ആശ്വാസം അതിലേറെ. ഞായറാഴ്ചയായതിനാൽ അധികം വാഹനങ്ങളില്ലാതെ നീണ്ടുനിവർന്നു കിടക്കുന്ന റോഡിൽ ബസിനു മുന്നിൽ സഞ്ചരിച്ച സ്കൂട്ടർ പെട്ടെന്നു വെട്ടിത്തിരിഞ്ഞു വലത്തോട്ടു നീങ്ങിയപ്പോൾ ബസ് നിർത്താൻ ബ്രേക്കിൽ കയറി നിൽക്കുകയായിരുന്നു ഡ്രൈവർ തൃശൂർ ചിയ്യാരം സ്വദേശി എം.കെ.അക്ഷയ് (22). 

ബസിലുണ്ടായിരുന്ന സിസിടിവി ക്യാമറയിൽ പതിഞ്ഞ​ ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണു സംഭവത്തിന്റെ ഗൗരവം പുറംലോകമറിഞ്ഞത്. അപകടങ്ങൾ സംഭവിക്കുമ്പോൾ വലിയ വാഹനങ്ങളെ പഴിചാരുന്നവർക്കു ദൃശ്യങ്ങൾ യാഥാർഥ്യം ബോധ്യപ്പെടുത്തിക്കൊടുത്തു.   ഞായറാഴ്ച പന്ത്രണ്ടോടെ തൃശൂരിൽ നിന്നു കൊഴിഞ്ഞാമ്പാറയ്ക്കു വരികയായിരുന്നു സ്വകാര്യ ബസ്. ഞായറാഴ്ചയായതിനാൽ തിരക്കു കുറഞ്ഞ, അത്യാവശ്യം വീതിയുള്ള റോഡിലൂടെ ബസ് പോകുമ്പോഴാണു നല്ലേപ്പിള്ളി വാളറയിൽ വച്ച് മുന്നിൽ ഇടതുവശം ചേർന്നു പോകുകയായിരുന്ന സ്കൂട്ടർ അപ്രതീക്ഷിതമായി വലത്തേക്കു സിഗ്നൽ നൽകാതെ തിരിഞ്ഞു കയറിയത്. 

ഹോൺ മുഴക്കിയപ്പോൾ ആദ്യം ഇടത്തേക്ക് ഒതുക്കിയ സ്കൂട്ടറിനെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അലക്ഷ്യമായി എതിർവശത്തെ റോഡിലേക്കു കയറിയത്. സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ ബസ് പരമാവധി വലത്തേക്കു ചേർക്കുകയും ബ്രേക്കിൽ കയറി നിൽക്കുകയും ചെയ്തതോടെ തലനാരിഴ വ്യത്യാസത്തിൽ സ്കൂട്ടറിൽ തട്ടാതെ ബസ് നിന്നു. തെറ്റു മനസ്സിലാക്കിയ സ്കൂട്ടർ യാത്രക്കാരൻ നിർത്താതെ പോയി. വയോധികൻ ഓടിച്ചിരുന്ന സ്കൂട്ടറിൽ ഒരു സ്ത്രീയും ഉണ്ടായിരുന്നു.

ബസ് സ്കൂട്ടറിൽ തട്ടിയിരുന്നെങ്കിൽ കാര്യമറിയാതെ ജനം ബസ് ജീവനക്കാരെ കയ്യേറ്റം ചെയ്യുമായിരുന്നു. ബസിൽ സിസിടിവി ക്യാമറ ഉണ്ടായിരുന്നതിനാൽ ആ അപകടവും ഒഴിവായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com