അതിജീവനത്തിനായി കരുത്തോടെ കർഷകർ; കർഷകപ്രശ്നങ്ങളിൽ വേണ്ടത് ശാശ്വതപരിഹാരം: ബിഷപ്

 പരിസ്ഥിതിലോല പ്രഖ്യാപനത്തിനെതിരെ സംയുക്ത കർഷക സമിതി പാലക്കാട് കലക്‌ടറേറ്റിനു മുന്നിൽ നടത്തിയ പ്രതിരോധ സദസ്സ് സിറോ മലബാർ സഭ പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്യുന്നു. ചിത്രം: മനോരമ
പരിസ്ഥിതിലോല പ്രഖ്യാപനത്തിനെതിരെ സംയുക്ത കർഷക സമിതി പാലക്കാട് കലക്‌ടറേറ്റിനു മുന്നിൽ നടത്തിയ പ്രതിരോധ സദസ്സ് സിറോ മലബാർ സഭ പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്യുന്നു. ചിത്രം: മനോരമ
SHARE

പാലക്കാട് ∙ പരിസ്ഥിതിലോല മേഖല ഉൾപ്പെടെ കർഷകർ നേരിടുന്ന പ്രശ്നങ്ങളിൽ താത്കാലിക പരിഹാരങ്ങളല്ല, കാലാകാലങ്ങളിലേക്കുള്ള തീരുമാനങ്ങളാണു ഭരണാധികാരികൾ സ്വീകരിക്കേണ്ടതെന്നു കർഷക സംരക്ഷണ സമിതി നടത്തിയ പ്രതിരോധ സദസ്സ് ഉദ്ഘാടനം ചെയ്ത പാലക്കാട് രൂപത മെത്രാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ അഭിപ്രായപ്പെട്ടു. 

ഒരു സർക്കാർ മാറി അടുത്ത സർക്കാർ വരുമ്പോൾ മാറുന്ന തരത്തിലല്ല പ്രശ്നപരിഹാരങ്ങൾ വേണ്ടത്. എല്ലാക്കാലവും കർഷകരെ സംരക്ഷിക്കുന്ന തരത്തിൽ നിയമനിർമാണങ്ങൾ നടത്തണം. കർഷകരെപ്പോലെ പ്രകൃതിയെ സംരക്ഷിക്കുന്ന ആരാണുള്ളത്. അവരെ സംരക്ഷിക്കാൻ ബാധ്യതയുള്ളവരാണു ജനപ്രതിനിധികൾ.

സംരക്ഷിത വനമേഖലകൾക്കു ചുറ്റും പരിസ്ഥിതി ലോല മേഖല വേണമെന്ന സുപ്രീംകോടതി നിർദേശം മറികടക്കാൻ സർക്കാരിനു മുന്നിൽ തന്നെ പോംവഴിയുണ്ട്.  സുപ്രീംകോടതി ഉത്തരവിൽ തന്നെ സർക്കാരിന് എന്തൊക്കെ ചെയ്യാമെന്നു പറയുന്നുണ്ട്. സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹർജി പോലെയുള്ള നടപടികളല്ല വേണ്ടത്. ഉത്തരവിലെ പഴുതുകൾ ഉപയോഗിച്ചു സർക്കാർ തലത്തിൽ തീരുമാനം എടുക്കുകയും അതു സുപ്രീംകോടതി നിയോഗിച്ച എംപവേഡ് കമ്മിറ്റിയെ ബോധ്യപ്പെടുത്തുകയും ചെയ്യണം. എന്തായാലും ബഫർസോൺ കർഷക ഭൂമിയിലേക്കു വരരുത്. കാടിനുള്ളിൽ തന്നെ നിലനിർത്തണം. അതിനു സഹായകമാകുന്ന നടപടി അടുത്ത മന്ത്രിസഭാ യോഗത്തിൽ തന്നെ പ്രതീക്ഷിക്കുന്നു.

ചില തീരുമാനങ്ങളെടുക്കും മുൻപു ചിന്തിക്കണം. വനമേഖലകൾക്കു ചുറ്റും ഒരു കിലോമീറ്റർ ദൂരത്തിൽ പരിസ്ഥിതി ലോല മേഖല വേണമെന്നു നിർദേശിച്ചത് 2019 ഒക്ടോബറിലെ മന്ത്രിസഭാ യോഗമാണ്. ഇതു പറയുന്നത് ആരെയും കുറ്റപ്പെടുത്താനല്ല. വനമേഖലയിലെ കർഷകരെ ഇനിയും കണ്ണീരിലാഴ്ത്താനുള്ള നടപടികൾ അധികാരികൾ സ്വീകരിക്കരുത്. വനാതിർത്തിയും റവന്യു അതിർത്തിയും കൃത്യമായി വേർതിരിക്കണം. പരസ്പരം കടന്നുകയറ്റം പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

  പരിസ്ഥിതിലോല പ്രഖ്യാപനത്തിനെതിരെ സംയുക്ത കർഷക സമിതി പാലക്കാട് കലക്‌ടറേറ്റിനു മുന്നിൽ നടത്തിയ പ്രതിരോധ സദസ്സിൽ പങ്കെടുക്കാനെത്തിയവർ. 		           ചിത്രം: മനോരമ
പരിസ്ഥിതിലോല പ്രഖ്യാപനത്തിനെതിരെ സംയുക്ത കർഷക സമിതി പാലക്കാട് കലക്‌ടറേറ്റിനു മുന്നിൽ നടത്തിയ പ്രതിരോധ സദസ്സിൽ പങ്കെടുക്കാനെത്തിയവർ. ചിത്രം: മനോരമ

അതിജീവന മുദ്രാവാക്യവുമായി കർഷകർ തെരുവിൽ

കൃഷി ഭൂമിയിലേക്കു നീളുന്ന വന നിയമങ്ങൾ വനാതിർത്തിയിൽ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിനു കർഷകർ അതിജീവനത്തിനായി തെരുവിലിറങ്ങി. മഴയിലും ചോരാത്ത സമരാവേശം കർഷകരുടെ കരുത്തു തെളിയിക്കുന്നതായി. തുടർന്നു നടന്ന അതിജീവന സദസ്സ് പാലക്കാട് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു.  ബഫർസോൺ വിഷയത്തിൽ സർക്കാർ തെറ്റു തിരുത്തുക, വന്യജീവിശല്യം പരിഹരിക്കുക, കാർഷിക കടം എഴുതിത്തള്ളുക ഉൾപ്പെടെയുള്ള മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു സമരം.

കോട്ടമൈതാനത്തു നിന്ന് ആരംഭിച്ച അതിജീവന മാർച്ച് കർഷക സംരക്ഷണ സമിതി ജില്ലാ കൺവീനർ ഫാ.ജോബി കാച്ചപ്പിള്ളി ഉദ്ഘാടനം ചെയ്തു. കർഷക സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ്  തോമസ് കിഴക്കേക്കര മാർച്ച് ഫ്ലാഗ് ഓഫ് ചെയ്തു. കിഫ ജില്ലാ പ്രസിഡന്റ് സണ്ണി ജോസഫ് കിഴക്കേക്കര അധ്യക്ഷനായിരുന്നു. ഫാ.സജി വട്ടുകളത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഡെന്നി തെങ്ങുംപള്ളി, ചാർലി പാലക്കുഴി, ജോസ് വടക്കേക്കര, എൽദോസ് അയിലൂർ, രമേഷ് ചേവക്കുളം, ബോബി സെബാസ്റ്റ്യൻ, കെ.എ.അബ്ബാസ് ഒരവഞ്ചിറ, തോമസ് ആന്റണി എന്നിവർ പ്രസംഗിച്ചു. തുടർന്നു കർഷകർ കലക്ടർക്കു നിവേദനം നൽകി.

പരിസ്ഥിതിലോല പ്രഖ്യാപനത്തിനു ശേഷം കർഷകർക്കിടയിൽ ഉടലെടുത്തിരിക്കുന്ന ആശങ്ക സർക്കാരിനെ അറിയിക്കാനാണു വിവിധ കർഷകസംഘടനകളുടെ കൂട്ടായ്മ അതിജീവന സദസ്സ് നടത്തിയത്. ജില്ലയിലെ വിവിധ മേഖലകളിലും  ഇത്തരം സദസ്സ് സംഘടിപ്പിച്ചിരുന്നു.

സംസ്ഥാന സർക്കാരിന് ഗുരുതരവീഴ്ച: ബിജെപി  

ബഫർസോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിനുണ്ടായ ഗുരുതര വീഴ്ച മറയ്ക്കാനുള്ള പൊടിമറയാണു കേന്ദ്ര സർക്കാരിനെതിരെയുള്ള സമരമെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ. ഇതു സംബന്ധിച്ചു പഠനം നടത്തി നിയമ ഭേദഗതിക്കു ശ്രമിക്കാൻ സർക്കാർ തയാറാകണം.

ബഫർസോൺ പരിധിയിൽ കേരളത്തിലെ കൂടുതൽ പ്രദേശങ്ങൾ ഉൾപ്പെടാൻ കാരണമായതു കേരളത്തിൽ മാറിമാറി വന്ന സർക്കാരുകളാണ്. ഉത്തരവു പുറപ്പെടുവിപ്പിക്കും മുൻപ് ഇതു സംബന്ധിച്ച പരാതികൾ ധരിപ്പിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിട്ടും സംസ്ഥാന സർക്കാർ തയാറായില്ല. മലയോരമേഖലയിലെ ജനങ്ങളുടെയും കർഷകരുടെയും അടിയന്തര യോഗം വിളിച്ചു കേന്ദ്രത്തിനു നിയമ ഭേദഗതിക്കായി റിപ്പോർട്ട് നൽകണം. 

കോവിഡിനെയും സാമ്പത്തിക പ്രതിസന്ധിയെയും അതിജീവിച്ച ജനങ്ങൾക്കു മേലുള്ള ഇരട്ട പ്രഹരമാണു കേരളത്തിലെ വൈദ്യുതി ചാർജ് വർധനയും കെട്ടിട നികുതി വർധനയും. ജനങ്ങളെ പ്രയാസത്തിലാക്കുന്ന ഇത്തരം തീരുമാനങ്ങളിൽ നിന്നു സംസ്ഥാന സർക്കാർ പിൻമാറണമെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാറും ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസും ആവശ്യപ്പെട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS