ADVERTISEMENT

കൊല്ലങ്കോട് ∙ എറണാകുളം സ്വദേശിയെ തട്ടിക്കൊണ്ടു പോയി തടങ്കലിൽ പാർപ്പിച്ചു പണം വാങ്ങിയ സംഭവവുമായി ബന്ധപ്പെട്ടു സിനിമാ പ്രവർത്തകൻ എറണാകുളം റെയിൽവേ ക്വാർട്ടേഴ്സിൽ രതീഷ് (35) അറസ്റ്റിൽ. എറണാകുളം വാഴക്കാല സ്വദേശി ഷിബു ഐസക്കിനെ മുതലമട ചുള്ളിയാർ അണക്കെട്ടു പരിസരത്തു നിന്നും ബലം പ്രയോഗിച്ചു തട്ടിക്കൊണ്ടു പോയി തടങ്കലിൽ പാർപ്പിച്ചതിന് ശേഷം ബന്ധുക്കളിൽനിന്ന് പണം വാങ്ങിയ സംഭവവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. 

പൊലീസ് പറയുന്നത്: ഷിബു ഐസക് മുതലമട മുവലക പുതൂരിലെ സ്ഥലം വാങ്ങുന്നതിനായി പ്രതികളിലൊരാളായ ആലുവ സ്വദേശി ജോൺ ജോസഫ് എന്ന ജോളി ജോസഫിൽ നിന്നു 40 ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നു. വസ്തുവിന്റെ ഇടപാട് കഴിഞ്ഞിട്ടും പണം തിരികെ കൊടുക്കാതെ വന്നതോടെ ഷിബു ഐസക്കിനെ തട്ടിക്കൊണ്ടു പോയി പണം വാങ്ങാൻ ആലുവ സ്വദേശിയുടെ നിർദേശത്തിൽ രതീഷ് ഉൾപ്പെടുന്ന സംഘം പദ്ധതി തയ്യാറാക്കി.

മാർച്ച് 21നു ഷിബു ഐസക്കിന്റെ സ്ഥലം വാങ്ങാനുള്ള വസ്തു ഇടപാടുകാരാണെന്നു തെറ്റിദ്ധരിപ്പിച്ചു ആറംഗ സംഘം ചുള്ളിയാർ ഡാം പരിസരത്തു വച്ചു ഷിബു ഐസക്കിനെയും സുഹൃത്ത് ജഫ്രിനെയും കണ്ടു. തുടർന്ന് ഇരുവരെയും ബലമായി വാഹനത്തിൽ കയറ്റി എറണാകുളത്തേക്കു കൊണ്ടു പോയി. പോകുന്ന വഴി ജഫ്രിനെ തൃശൂരിൽ ഇറക്കി വി‌‌ട്ടു. 

ഷിബുവിനെ എറണാകുളത്തു കൊണ്ടു പോയി ലോഡ്ജ് മുറിയിൽ 2 ദിവസം താമസിപ്പിച്ചു. ജഫ്രി മുഖേന ഷിബു ഐസക്കിന്റെ വീട്ടുകാരെയും സുഹൃത്തുക്കളെയും ബന്ധപ്പെട്ടു പണം കിട്ടാതെ വിട്ടയയ്ക്കില്ലെന്നു ഭീഷണിപ്പെടുത്തി. വീട്ടുകാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സമാഹരിച്ച 49.65 ലക്ഷം രൂപ ജഫ്രി എത്തിച്ചതിനു ശേഷമാണു ഷിബു ഐസക്കിനെ വിട്ടയച്ചത്. 

ചില വസ്തുക്കൾ കൈമാറ്റം ചെയ്യണമെന്നും വിട്ടയയ്ക്കുന്ന സമയത്ത് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനു തയ്യാറാകാതെ വന്നതിനാൽ ഷിബു ഐസക്കിന്റെ വീട്ടിൽ ചെന്നു രതീഷ് ഉൾപ്പെടെ സംഘത്തിലെ 4 പേർ ഭാര്യയെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ടു തൃക്കാക്കര പൊലീസ് നേരത്തെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.

മുതലമട ചുള്ളിയാറിൽ നടന്ന സംഭവത്തിലുൾപ്പെട്ടവരെ കണ്ടെത്തുന്നതിനായി കൊല്ലങ്കോട് പൊലീസ് ഇൻസ്പെക്ടർ എ.വിപിൻദാസിന്റെ നേതൃത്വത്തിൽ പ്രൊബേഷൻ എസ്ഐ എം.പി.വിഷ്ണു, എഎസ്ഐ കെ.എ.ഷാജു, സിവിൽ പൊലീസ് ഓഫിസർമാരായ ആർ.മണികണ്ഠൻ, എസ്.ജിജോ, എം.റഫീഷ്, ആർ.പ്രകാശൻ, എസ്.സുഭാഷ് എന്നിവർ കൊച്ചിയിലെത്തി നിരീക്ഷണം നടത്തിയാണ്  രതീഷിനെ അറസ്റ്റ് ചെയ്തത്. കേസിൽ ഉൾപ്പെട്ട മറ്റുള്ളർക്കായുള്ള അന്വേഷണം തുടരുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com