ഒറ്റപ്പാലം ∙ കിടപ്പിലായ അമ്മ ഗിരിജയെയും (48) സഹോദരൻ കിരണിനെയും (27) പൊന്നുപോലെ പരിചരിച്ചാണ് ഇന്നലെയും കിഷോർ ജോലിക്കിറങ്ങിയത്. പ്രാഥമിക കാര്യങ്ങൾക്കു സഹായിച്ചും ഭക്ഷണവും മരുന്നും നൽകിയും ജോലിക്കു പുറപ്പെട്ട കിഷോറിന്റെ പരിചരണം ഇനി ഇവർക്കില്ല. അജ്ഞാതരോഗം ബാധിച്ചു കിടപ്പിലായ അമ്മയുടെയും സഹോദരന്റെയും ആശ്രയവും കുടുംബത്തിന്റെ പ്രതീക്ഷയുമായിരുന്നു ഇന്നലെ പട്ടാമ്പിക്കു സമീപം വാഹനാപകടത്തിൽ മരിച്ച വാണിയംകുളം പുലാച്ചിത്ര കുന്നങ്ങൽത്തൊടി കിഷോർ (25). അച്ഛൻ കൃഷ്ണൻകുട്ടി വർഷങ്ങൾക്കു മുൻപേ മരിച്ചിരുന്നു.
അമ്മ ഗിരിജ കാലങ്ങളായി കിടപ്പിലാണ്. കൈകാലുകൾക്കു സ്വാധീനക്കുറവുള്ള ഇവർക്കു പ്രാഥമിക കാര്യങ്ങൾക്കു പോലും പരസഹായം വേണം. ഇതേ അസുഖമാണു പിന്നീടു മൂത്ത മകൻ കിരണിനെയും ബാധിച്ചത്. സാമ്പത്തിക പരിമിതികൾക്കുള്ളിൽ ഇരുവർക്കും കഴിയാവുന്ന ചികിത്സ നൽകിയെങ്കിലും രോഗകാരണം കണ്ടെത്താനായില്ലെന്നു ബന്ധുക്കൾ പറയുന്നു.
കിഷോറിന്റെ ഇളയ സഹോദരൻ ഷിജിത്ത് തൃശൂരിൽ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനാണ്. അവിടെ താമസിച്ചാണു ജോലിക്കു പോകുന്നത്. പിതൃസഹോദരി ദേവയാനിക്കൊപ്പം തറവാട്ടു വീട്ടിലാണു കുടുംബം കഴിയുന്നത്. ഇവരുടെ കൂടി സഹായത്തോടെയാണു ഗിരിജയുടെയും കിരണിന്റെയും ജീവിതം. ദേവയാനിയുടെയും താങ്ങും തണലുമായിരുന്നു മരിച്ച കിഷോർ.
സ്വന്തമായൊരു വീടെന്ന സ്വപ്നത്തിലേക്ക് അടുക്കുമ്പോഴാണു യുവാവിന്റെ വിയോഗം. അധ്വാനിച്ചു സ്വരൂപിച്ച പണത്തിനു പുറമേ, വായ്പയെടുത്തും മറ്റുമാണു വീടു നിർമാണം. കിടപ്പിലായ അമ്മയെയും സഹോദരനെയും പുതിയ വീട്ടിലേക്കു കൊണ്ടുപോകണമെന്ന സ്വപ്നം പൂർത്തിയാക്കാതെയാണു കിഷോർ യാത്രയായത്.