ഉടൻ കിടത്തിച്ചികിത്സ ആരംഭിക്കണമെന്നു സർക്കാർ; പാലക്കാട് ഗവ. മെഡിക്കൽ കോളജ് പണി പൂർത്തീകരിക്കാൻ ഇനിയും കോടികൾ ആവശ്യം

  പാലക്കാട് ഗവ. മെഡിക്കൽ കോളജ് കെട്ടിടം. (ഫയൽ ചിത്രം).
പാലക്കാട് ഗവ. മെഡിക്കൽ കോളജ് കെട്ടിടം. (ഫയൽ ചിത്രം).
SHARE

പാലക്കാട് ∙ പട്ടികജാതി വികസനവകുപ്പിന്റെ കീഴിലുള്ള മെഡിക്കൽ കോളജിന്റെ പണി പൂർത്തീകരിച്ച് പ്രവർത്തനം തുടങ്ങാൻ  ഇനിയും വേണം കോടികൾ. ഉടൻ കിടത്തിച്ചികിത്സ ആരംഭിക്കണമെന്നു സർക്കാർ നിർദേശിക്കുന്നുണ്ടെങ്കിലും ഫണ്ട് ലഭിച്ചില്ലെങ്കിൽ കാര്യങ്ങൾ പ്രതിസന്ധിയിലാകും. ഫണ്ടിന്റെ ലഭ്യതക്കുറവും ആസൂത്രണമില്ലായ്മയും പലഘട്ടങ്ങളിലും മെഡിക്കൽ കോളജ്  പ്രവർത്തനത്തെ ബാധിച്ച സാഹചര്യത്തിൽ സർക്കാരിന്റെ ജാഗ്രത കൂടുതൽ വേണമെന്നാണ് ആവശ്യം. 

70 കോടിയാണ് കോളജിനു വേണ്ടി ഈ സാമ്പത്തിക വർഷത്തെ ബജറ്റിൽ അനുവദിച്ചത്. എന്നാൽ നിർമാണപ്രവൃത്തികൾ പൂർത്തീകരിക്കാൻ  202 കോടി രൂപ അനുവദിക്കണമെന്ന് ആശുപത്രി മാനേജ്മെന്റ് സർക്കാരിന് കത്തെഴുതിയിട്ടുണ്ട്.   ഉപകരണങ്ങൾ വാങ്ങിക്കുന്നതിന് നേരത്തെ ആവശ്യപ്പെട്ട 156 കോടിക്കു പുറമേയാണിത്.കരാറുകാരന് പല ഘട്ടങ്ങളിലും ഭീമമായ തുക കുടിശിക ഉണ്ടായിരുന്നു. ഇപ്പോൾ കുടിശിക തീർക്കാൻ പണം ലഭ്യമാക്കുകയും മറ്റു നിർമാണപ്രവൃത്തികൾ വേഗത്തിലാക്കുകയും ചെയ്തിട്ടുണ്ടെങ്കിലും തുടർച്ചയായ ഫണ്ട് വിഹിതം ഉറപ്പാക്കേണ്ടതുണ്ട്. 

മൂന്നോ നാലോ മാസത്തിനുള്ളിൽ കിടത്തിച്ചികിത്സ ആരംഭിക്കണമെന്ന് കഴിഞ്ഞ ദിവസം മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചിരുന്നു. ആദ്യഘട്ടമായി 100 കിടക്കകൾ ഒരുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒരു മേജർ ഓപ്പറേഷൻ തിയറ്ററും ഒരു മൈനർ ഓപ്പറേഷൻ തിയറ്ററും സജ്ജമാക്കും. 

ഒപി പ്രവർത്തനം കുറച്ചുകൂടി കാര്യക്ഷമമാക്കും. പട്ടികജാതി വികസന വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, മെഡിക്കൽ കോളജ് ഭരണസമിതി എന്നിവർ കൂട്ടായി പ്രവർത്തിച്ചാൽ മാത്രമേ നിർമാണം പൂർത്തീകരിക്കാൻ കഴിയുകയുള്ളൂ. ആസൂത്രണമില്ലായ്മ മൂലം പല ജോലികളും ഇരട്ടിപ്പണിയാകേണ്ട സാഹചര്യം കോളജിൽ ഉണ്ടായിരുന്നു. ഒപി പ്രവർത്തനം ആരംഭിക്കുന്നതിനായി ഒപി ബ്ലോക്ക് പൊതുമരാമത്ത് വകുപ്പ് കോളജിന് കൈമാറിയെങ്കിലും അറ്റകുറ്റപ്പണികൾ ഇനിയും ബാക്കിയുണ്ട്. 

ഫാൾസ് സീലിങ് ഉൾപ്പെടെ നേരത്തെ നിർമിച്ചതിനാൽ പല ഉപകരണങ്ങളും ഘടിപ്പിക്കുന്നതിൽ ഇരട്ടിപ്പണി വേണ്ടിവന്നു. വാർഡ്, ഓപ്പറേഷൻ ബ്ലോക്കുകളിൽ മെഡിക്കൽ ഗ്യാസ് പൈപ്പ് ലൈൻ ഘടിപ്പിക്കേണ്ട വിഷയത്തിലും ഈ പ്രശ്നം ആവർത്തിക്കാൻ സാധ്യതയുണ്ട്.  കെഎംസിഎല്ലാണ് പൈപ്പ് ലൈനുകൾ സ്ഥാപിക്കേണ്ടത്. എന്നാൽ പൈപ്പ് ലൈനുകൾ സ്ഥാപിക്കാതെ ഫാൾസ് സീലിങ് ഘടിപ്പിച്ചാൽ പിന്നീട് മാറ്റേണ്ടിവരും. വിവിധ ജോലികൾ വിവിധ ഏജൻസികളാണ് നടത്തിവരുന്നത്. തുടർച്ച സ്വഭാവമുള്ള ജോലികളിൽ ഒരു ഏജൻസി വീഴ്ച വരുത്തിയാൽ മറ്റു പ്രവൃത്തികളെയെല്ലാം അതുബാധിക്കും. അത് കിടത്തിച്ചികിത്സ ആരംഭിക്കുന്നതു വൈകാൻ കാരണമാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS