ADVERTISEMENT

പാലക്കാട്∙ അടുക്കളയിൽ മാത്രമല്ല, ആഹാരം പാചകം ചെയ്യുന്ന പാത്രങ്ങളിലും ഓടിക്കളിക്കുന്ന എലികൾ. കൂട്ടിന് തവളയും ഓന്തും പാറ്റയും. പാലക്കാട് ഗവ. സ്കൂൾ ഓഫ് നഴ്സിങ്ങിലെ ഹോസ്റ്റൽ മെസ്സിലെ കാഴ്ചയാണിത്. പലതവണ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ തന്നെ വിഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതോടെയാണ് ഞെട്ടിക്കുന്ന കാഴ്ചകൾ പുറത്തായത്.

അടുക്കളയോടു ചേർന്ന സ്റ്റോർ റൂമിൽ അരിയും ആഹാര സാധനങ്ങളും എലികൾ ചാക്ക് മുറിച്ച് തിന്നുന്നതും പതിവ്. മെസിലെ ആഹാരം കഴിച്ച് 3 വിദ്യാർഥികൾക്ക് കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധ ഉണ്ടായെന്നാണു പരാതി. ആരോഗ്യ വകുപ്പിലെ ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ചാണ് ആഹാരം പാകം ചെയ്യിക്കുന്നതെന്നും വിദ്യാർഥികൾ ആരോപിച്ചു. ഹോസ്റ്റലിൽ ശുചീകരണത്തൊഴിലാളികൾ ഇല്ലാത്തതിനാൽ ശുചിമുറികൾ ഉൾപ്പെടെ വൃത്തിയാക്കുന്നതും കുട്ടികൾ തന്നെയാണ്.

80 പെൺകുട്ടികളാണ് ഇവിടെ താമസിക്കുന്നത്. മാലിന്യ സംസ്കരണത്തിന് സ്ഥലമില്ലാത്തതിനാൽ ഹോസ്റ്റൽ വൃത്തിഹീനമായ സാഹചര്യത്തിലാണ്. അടുക്കളയ്ക്കു സമീപം ചാലുകളും മാളങ്ങളും ഉണ്ടെന്നും വിദ്യാർഥികൾ പറഞ്ഞു. ആരോഗ്യകരമായ സാഹചര്യത്തിൽ പഠിക്കാനുള്ള ചുറ്റുപ്പാട് അധികൃതർ ഉറപ്പാക്കണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു. വിഡിയോ പ്രചരിച്ചതോടെ കോളജ് അധികൃതർ ഇന്നലെ വിദ്യാർഥികളുമായി ചർച്ച നടത്തി. അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പല്ലശ്ശന മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.സുധീർ ആരോഗ്യ മന്ത്രിക്കും ജില്ലാ കലക്ടറിനും സന്ദേശമയച്ചു.

ആവശ്യത്തിന് ജീവനക്കാരില്ല

കുക്കിന്റെ 4 പോസ്റ്റാണ് ഒഴിഞ്ഞു കിടക്കുന്നത്. സർവീസ് മേഖലയിലുള്ള ഗ്രേഡ് 1, ഗ്രേഡ് 2 ജീവനക്കാരെയാണ് താൽക്കാലിക അടിസ്ഥാനത്തിൽ ആഹാരം പാകം ചെയ്യുന്നതിന് ഇവിടേക്ക് അനുവദിക്കുന്നത്. ശുചീകരണ തൊഴിലാളികളും ഇല്ല. 2015 മുതൽ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ പോസ്റ്റും ഒഴിഞ്ഞു കിടക്കുകയാണ്. ക്ലർക്കും ഇല്ല. പ്രിൻസിപ്പൽ ഇൻ ചാർജ് വഹിക്കുന്ന വ്യക്തി ക്ലർക്കിന്റെ അടക്കം ജോലി ചെയ്താണ് കോളജ് പ്രവർത്തിക്കുന്നത്.

‘അടിയന്തര നടപടി സ്വീകരിക്കണം’

പഴയ കെട്ടിടത്തിലാണു ഹോസ്റ്റൽ പ്രവർത്തിക്കുന്നത്. 3 വർഷം മുൻപു തന്നെ പുതിയ കെട്ടിടം പണിയണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിൽ എസ്റ്റിമേറ്റ് കൊടുത്തിട്ടുണ്ട്. കുട്ടികൾ തന്നെയാണ് ഇവിടെ മെസ് നടത്തുന്നത്. രാത്രി 11 മണിക്കു ശേഷം തുറന്നുവച്ച പാത്രങ്ങളിൽ എലി കയറിയ വിഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. കുട്ടികൾ മുൻപ് വിഷയം ശ്രദ്ധയിൽപ്പെടുത്തിയിട്ടില്ല. വിദ്യാർഥികളുമായി ചർച്ച നടത്തി. മെസ് നിർത്തിയാൽ വിദ്യാർഥികളിൽ പലരും പട്ടിണിയാകും. അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആശാ ദീപ് പ്രിൻസിപ്പൽ ഇൻ ചാർജ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com