തോക്കു നൽകാമെന്നു പറഞ്ഞ് പണം വാങ്ങി, യുവാവിനെ മർദിച്ചു കൊന്നു; ഒരു ലക്ഷം രൂപ പറ്റിച്ചെന്ന് പ്രതികൾ

പ്രതികളായ വിപിൻ പ്രസാദ്, പ്രവീൺ, സുനിൽകുമാർ, നാഫി, രാജീവ്, അഷറഫ്.
SHARE

അഗളി ∙ തോക്കു നൽകാമെന്നു പറഞ്ഞ് ഒരു ലക്ഷം രൂപ വാങ്ങി പറ്റിച്ചെന്ന് ആരോപിച്ച്, ഭിന്നശേഷിക്കാരനായ യുവാവിനെ ഒരു സംഘം മർദിച്ചു കൊലപ്പെടുത്തി. മർദനത്തിൽ ഒരാൾക്കു ഗുരുതരമായി പരുക്കുണ്ട്. 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 4 പ്രതികൾ ഒളിവിലാണ്. കൊടുങ്ങല്ലൂർ ശ്രീനാരായണപുരം അഞ്ചങ്ങാടി ഇല്ലിച്ചോട് പീടികപ്പറമ്പിൽ ബാബുവിന്റെ മകൻ നന്ദകിഷോർ (പാച്ചു – 25) ആണു കൊല്ലപ്പെട്ടത്. സുഹൃത്ത് വിനായകനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾ അഗളി ഭൂതിവഴി സ്വദേശി വിപിൻ പ്രസാദ് (24), ഒറ്റപ്പാലം പത്തംകുളം നാഫി (24), ഒറ്റപ്പാലം വരോട് അഷറഫ് (33), വരോട് അത്തിക്കുറിശി സുനിൽ കുമാർ (24), ഭൂതിവഴി മാരി (പ്രവീൺ- 23), ഭൂതിവഴി രാജീവ് (22) എന്നിവരാണ് അറസ്റ്റിലായത്. ബിജെപി പഞ്ചായത്തംഗത്തിന്റെ മകനാണു വിപിൻ പ്രസാദ്.

കൊല്ലപ്പെട്ട നന്ദകിഷോർ

സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നതിങ്ങനെ: മരിച്ച നന്ദകിഷോറിന്റെ സഹോദരൻ ഋഷിനന്ദൻ ഭൂതിവഴിയിലെ ക്ഷേത്രത്തിൽ പൂജാരിയാണ്. കണ്ണൂർ സ്വദേശിയായ വിനായകന്റെ (വിനയൻ) ഒപ്പമാണ് അഗളി ഭൂതിവഴിയിൽ ഇവരുടെ താമസം. വിപിൻ പ്രസാദിനു ലൈസൻസുള്ള തോക്കു വാങ്ങി നൽകാമെന്നു പറഞ്ഞ് ഒരു ലക്ഷം രൂപ വിനായകനും നന്ദകിഷോറും വാങ്ങിയിരുന്നു. ഒരാഴ്ച മുൻപു തോക്കു വാങ്ങാൻ ഇവർ തിരുവനന്തപുരത്തു പോയി. എന്നാൽ, തോക്കു നൽകാമെന്ന് ഏറ്റവർ പണം തട്ടിയെടുത്തു കബളിപ്പിച്ചെന്നു പറഞ്ഞു തിരികെപ്പോന്നു.

തുടർന്ന് 28നു വിപിൻ പ്രസാദും സുഹൃത്തുക്കളും ചേർന്നു വിനായകനെ അഗളി നരസിമുക്കിലുള്ള സ്വകാര്യ ഫാമിലെത്തിച്ചു മർദിച്ചു. മർദനമേറ്റ വിനായകൻ നന്ദകിഷോറാണു പണം പറ്റിയതെന്നു പറഞ്ഞു. വ്യാഴം രാത്രി പത്തോടെ പ്രതികൾ നന്ദകിഷോറിനെ ഫാമിലെത്തിച്ചു. മർദനത്തിനിടെ ഇയാൾ ബോധരഹിതനായി. പുലർച്ചെ മൂന്നോടെ ബൈക്കിൽ പ്രതികൾ അഗളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ആശുപത്രിയിൽ നിന്നു മുങ്ങിയ പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി. നന്ദകിഷോർ അവിവാഹിതനാണ്. മാതാവ്: സെൽവി. സഹോദരി: നന്ദന.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS