ADVERTISEMENT

പാലക്കാട് ∙ മൊബൈൽ ഫോൺ ആപ്ലിക്കേഷനിലൂടെ വായ്പ നൽകിയ ശേഷം കൂടുതൽ പണം ആവശ്യപ്പെടുകയും അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും സുഹൃത്തുക്കൾക്ക് അയച്ചു കൊടുക്കുകയും ചെയ്തതായി പരാതി. ഫൊട്ടോഗ്രഫറും നല്ലേപ്പിള്ളി സ്വദേശിയുമായി ബാലചന്ദ്രനാണ് ഓൺലൈൻ തട്ടിപ്പുകാർക്കെതിരെ പൊലീസിൽ പരാതി നൽകിയത്. 29നു രാത്രി ഫെയ്സ്ബുക്കിൽ കണ്ട ആപ്ലിക്കേഷനിൽ അറിയാതെ ‘അപ്ലൈ നൗ’ എന്ന ബട്ടണിൽ അമർ‌ത്തുകയായിരുന്നെന്നു ബാലചന്ദ്രൻ പറയുന്നു.

കഴിഞ്ഞ ദിവസം രാത്രി വായ്പയായി 4000 രൂപ ബാലചന്ദ്രന്റെ അക്കൗണ്ടിൽ വന്നു. എന്നാൽ, ഇന്നലെ ആപ്പിൽ നിന്നു വായ്പയുടെ ആദ്യഗഡു തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടു സന്ദേശം ലഭിച്ചു. ഹിന്ദിയിലാണു സന്ദേശങ്ങൾ. 4000 രൂപ എടുത്തതിന് 7000 രൂപ അടയ്ക്കാനാണ് ആവശ്യപ്പെട്ടത്. പറ്റില്ലെന്നറിയിച്ചതോടെ ഫെയ്സ്ബുക്കിലെ സുഹൃത്തുക്കളുടെ ഫോട്ടോ ദുരുപയോഗം ചെയ്യുമെന്നു ഭീഷണി ഉയർന്നു.

ഇതോടെ വായ്പയെടുത്ത 4000 രൂപ തിരികെ അയച്ചുകൊടുത്തു. എന്നാൽ, പ്രോസസിങ് ചാർജായി 7000 രൂപ അയയ്ക്കണമെന്നും ഇല്ലെങ്കിൽ ബാലചന്ദ്രന്റെ ഫോണിലുള്ള സ്ത്രീ സുഹൃത്തുക്കളുടെ ഫോണിലേക്ക് അശ്ലീല ചിത്രങ്ങൾ അയയ്ക്കുമെന്നും ഭീഷണി ഉയർന്നു. ഇതു നിരസിച്ചതോടെ 5 സുഹൃത്തുകളുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചു. ഒരാൾക്ക് അശ്ലീല ചിത്രങ്ങൾ അയച്ചതായും ഇദ്ദേഹം പറയുന്നു. സന്ദേശം ലഭിച്ചവർ ബാലചന്ദ്രനെ വിളിച്ചു പറഞ്ഞതോടെയാണു കാര്യത്തിന്റെ ഗൗരവം മനസ്സിലായത്. ഇതോടെ ബാലചന്ദ്രൻ ചിറ്റൂർ പൊലീസിൽ പരാതിയുമായെത്തി. സൈബർ സെല്ലിലും പരാതി നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com